Connect with us

Kozhikode

നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ തൊഴില്‍ തര്‍ക്കം തുടരുന്നു

Published

|

Last Updated

കോഴിക്കോട്:നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കില്‍ കയറ്റിറക്ക് തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തൊഴില്‍ തര്‍ക്കം തുടരുന്നു. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ ആദ്യ ഐ ടി കെട്ടിടത്തിന്റെ നിര്‍മാണ പ്രവൃത്തി തന്നെ തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയതിന് പിന്നില്‍ ദുരൂഹത ഉയരുന്നുണ്ട്.
പാര്‍ക്കിലെ കെട്ടിട നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ സൈബര്‍ പാര്‍ക്ക് പദ്ധതിപ്രദേശത്തേക്ക് കൊണ്ടുപോകുന്നത് കയറ്റിറക്കു തൊഴിലാളികള്‍ പൂര്‍ണമായും തടഞ്ഞതോടെ മൂന്ന് ദിവസമായി പ്രവൃത്തി സ്തംഭിച്ചിരിക്കുകയാണ്. കോണ്‍ക്രീറ്റിംഗിനാവശ്യമായ കമ്പിയും വാഹനങ്ങള്‍ക്കാവശ്യമായ പെട്രോളും ഡീസലും പദ്ധതി പ്രദേശത്തേക്ക് കൊണ്ടുപോകുന്നത് തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിസന്ധി ഉടലെടുത്തത്. കയറ്റിറക്ക് തര്‍ക്കം പരിഹരിക്കാനാകാതെ തുടരുന്നത് കാരണം സൈബര്‍ പാര്‍ക്കിലെ കെട്ടിട നിര്‍മാണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
തര്‍ക്കങ്ങള്‍ വര്‍ധിപ്പിച്ച് നിര്‍മാണ പ്രവൃത്തി മുടക്കാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ലോബി ഇടപെടുന്നതായി ആരോപണം ഉയരുന്നുണ്ട്. കയറ്റിറക്ക് തൊഴിലാളികളെയും ഒരു വിഭാഗം ഉദ്യോഗസ്ഥരെയും സ്വാധീനിച്ച് തര്‍ക്കങ്ങളിലൂടെ സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന്റെ നിര്‍മാണ പ്രവൃത്തി നീട്ടിക്കൊണ്ടുപോകുക എന്ന തന്ത്രമാണ് സ്വകാര്യ ലോബിക്കുള്ളതെന്നാണ് വിമര്‍ശം.
പാര്‍ക്കിലെ ഏഴ് നില കെട്ടിടത്തിന്റെ നിര്‍മാണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ നിരവധി തടസ്സങ്ങള്‍ ഉണ്ടായിരുന്നു. ഇതിനാല്‍ നിര്‍മാണം തുടങ്ങാന്‍ ഏറെ വൈകി. 2015ല്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു കണ്‍സ്ട്രക്ഷന്‍ ഏറ്റെടുത്തിരുന്ന ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍ കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ നല്‍കുന്ന സൂചന.
ഇപ്പോഴത്തെ പ്രശ്‌നം കരാറുകാര്‍ തന്നെ പരിഹരിക്കട്ടെയെന്ന നിലപാട് സ്വീകരിച്ച സൈബര്‍ പാര്‍ക്ക് അധികൃതരുടെ തീരുമാനം വിമര്‍ശത്തിന് ഇടയാക്കുന്നതാണ്. ഹൈക്കോടതിയുടെയും ജില്ലാ ലേബര്‍ ഓഫീസറുടെയും ഉത്തരവിന്റ പേരിലാണ് തര്‍ക്കം ഉണ്ടായത്. നിര്‍മാണ പ്രവൃത്തി തുടരാനാവശ്യമായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി മെഡിക്കല്‍ കോളജ് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ജില്ലാ ലേബര്‍ ഓഫീസര്‍ നല്‍കിയ ഉത്തരവില്‍ തങ്ങള്‍ക്കും ചരക്കിറക്കാന്‍ അവകാശമുണ്ടെന്ന് തൊഴിലാളികള്‍ വാദിക്കുന്നു.
അതേസമയം, നെല്ലിക്കോട് സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്നലെ കേസൊന്നും എടുത്തിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പോലീസ് അറിയിച്ചു. അതിനിടെ, പാര്‍ക്കിലെ നിര്‍മാണത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ മുഖ്യമന്ത്രിക്കും ഐ ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Latest