Connect with us

Ongoing News

ഐ എ എസുകാരുടെ തമ്മിലടി ഭരണം സ്തംഭിപ്പിച്ചു: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ഐ എ എസ് ഉദ്യാഗസ്ഥരുടെ തമ്മിലടി സംസ്ഥാന ഭരണത്തെ സ്തംഭിപ്പിച്ചതായി പ്രതിപക്ഷനേതാവ് വി എസ്. അച്യുതാനന്ദന്‍ നിയമസഭയില്‍ ആരോപിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോകുന്നതിന് മുമ്പ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ എ എസുകാര്‍ പരസ്യമായി പോരിനിറങ്ങിയതോടെ ഭരണതലത്തില്‍ അരാജകത്വമായെന്നും വി എസ് കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണതലത്തില്‍ നേതൃത്വം നല്‍കേണ്ട ഐ എ എസുകാര്‍ തമ്മില്‍ പോര്‍വിളി നടത്തുകയാണ്. ഉദ്യോഗസ്ഥ ഭരണത്തിന്റെ തലവനായ ചീഫ് സെക്രട്ടറി ഒരുവഴിയില്‍. കുറേപേര്‍ വേറെ വഴിക്ക്, ബാക്കി കുറേപേര്‍ കുന്തംവിഴുങ്ങിയ മട്ടിലാണ് നില്‍ക്കുന്നത്. കഴിഞ്ഞദിവസത്തെ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തത് ഇതുമാത്രമാണ്. തങ്ങളുടെ താത്പര്യത്തിനും മറ്റും കൂട്ടുനില്‍ക്കുന്നവരെ സംരക്ഷിക്കുകയെന്ന സര്‍ക്കാരിന്റെ നയമാണ് ഇതിന് കാരണം. ഇത് താന്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയതാണ്. വിദ്യാഭ്യാസമേഖലയെ തകര്‍ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് കൊള്ള നടത്താനുള്ള അവസരമാണ് നല്‍കുന്നത്. എ കെ ആന്റണി സര്‍ക്കാര്‍ വെള്ളവും വളവും നല്‍കി നട്ടുവളര്‍ത്തിയ സ്വാശ്രയ മാനേജ്‌മെന്റുകളെ ഹോര്‍ലിക്‌സും ബോണ്‍വിറ്റയും നല്‍കി വളര്‍ത്തിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നും വിഎസ് പറഞ്ഞു.

 

Latest