Connect with us

National

മുഴുവന്‍ വകുപ്പുകളിലും കേന്ദ്രം ഹിന്ദിവത്കരണം നടപ്പാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സര്‍ക്കാറിന്റെ എല്ലാ വകുപ്പുകളിലും ഹിന്ദി ഭാഷയുടെ ഉപയോഗം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. സോഷ്യല്‍ മീഡിയകളില്‍ ഹിന്ദി ഉപയോഗിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള നിര്‍ദേശത്തിനെതിരെ ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി രംഗത്തു വന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഔദ്യോഗിക ഭാഷയെന്ന നിലക്കാണ് ഹിന്ദി പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് ഭാഷകളെ നശിപ്പിക്കുകയല്ല സര്‍ക്കാര്‍ ലക്ഷ്യം. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും പൊതു ജീവിതത്തിലും ഹിന്ദി ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. നമുക്ക് നമ്മുടെ വ്യക്തിത്വം പുരോഗതിയിലെത്തിക്കേണ്ടതുണ്ട്. വിവിധ ഭാഷകള്‍ സംസാരിക്കുന്ന വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. നമുക്ക് ഒന്നിച്ച് മുന്നേറാം- അദ്ദേഹം പറഞ്ഞു. അതേസമയം സോഷ്യല്‍ മീഡിയകളില്‍ ഹിന്ദി ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം ഹിന്ദിയും മറ്റ് ഭാഷകളും സംസാരിക്കുന്നവര്‍ തമ്മിലുള്ള അന്തരം വര്‍ധിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ഡി എം കെ അധ്യക്ഷന്‍ എം കരുണാനിധി പ്രതികരിച്ചു. മറ്റ് ഭാഷകള്‍ സംസാരിക്കുന്നവരെ രണ്ടാം കിട പൗരന്മാരായി കാണുന്നതിന് വേണ്ടിയാണിതെന്നും 1960കളില്‍ ഹിന്ദി ഭാഷക്കെതിരായ പ്രക്ഷോഭം നയിച്ച കരുണാനിധി പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പകരം മോദി സര്‍ക്കാര്‍ സാമ്പത്തിക വളര്‍ച്ച നേടാനും സാമ്പത്തിക പുരോഗതി കൈവരിക്കാനും യജ്ഞിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദിക്ക് മുന്‍ഗണന നല്‍കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശമാണ് വിവാദമായിരിക്കുന്നത്.