Connect with us

International

3,300 അടി താഴ്ചയുള്ള ഗുഹയില്‍ നിന്ന് 12 ദിവസത്തിന് ശേഷം രക്ഷപ്പെട്ടു

Published

|

Last Updated

ബെര്‍ലിന്‍: 3,300 അടി താഴെയുള്ള ഗുഹക്കുള്ളില്‍ കുടുങ്ങിപ്പോയ ആളെ 12 ദിവസത്തെ കഠിനമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെത്തിച്ചു. ജര്‍മനിയിലെ അന്റേര്‍സ്‌ബെര്‍ഗിലാണ് സംഭവം. ജോണ്‍ വെസ്‌തോസര്‍ (52) എന്ന ജര്‍മന്‍കാരനായ ആളാണ് മരണം മുഖാമുഖം കണ്ട നിമിഷങ്ങളെ പിന്നിലാക്കി ജീവിതത്തിലേക്ക് തിരിച്ചുനടന്നത്. ഗുഹയില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ ഇദ്ദേഹത്തിന് ബോധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ സര്‍വസജ്ജരായി പുറത്ത് കാത്തിരുന്ന ഡോക്ടര്‍മാര്‍ ഇദ്ദേഹത്തെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ആശുപ്രത്രിയിലേക്ക് മാറ്റി. ഈ മാസം എട്ടിന് ഗുഹക്കുള്ളില്‍ പാറക്കല്ലുകള്‍ ഇടിഞ്ഞുവീണാണ് ജോണ്‍ 3,300 അടി താഴെ കുടുങ്ങിപ്പോയത്. അഞ്ച് രാജ്യങ്ങളില്‍ നിന്നായി മൊത്തം 728 പേര്‍ ചേര്‍ന്ന് നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇദ്ദേഹത്തെ പുറത്തേക്കെത്തിക്കാനായത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്ന് മൗണ്ടൈന്‍ റസ്‌ക്യൂ സര്‍വീസിന്റെ മേധാവി ക്ലെമന്‍സ് റിന്‍ഡെല്‍ വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനത്തില്‍ അന്താരാഷ്ട്ര സമൂഹം കാണിച്ച ശുഷ്‌കാന്തി പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഗുഹക്കുള്ളിലെ ഇടുങ്ങിയ വഴികളും കൂര്‍ത്ത പാറക്കല്ലുകളും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
1995ല്‍ ഈ ഗുഹ കണ്ടെത്തിയവരില്‍ അംഗമായിരുന്നു ജോണ്‍. ഗുഹക്കുള്ളിലൂടെ സഞ്ചാരം നടത്തുന്നതിനിടെ 1,000 മീറ്റര്‍ താഴെവെച്ച് പാറ ഇടിഞ്ഞുവീണ് ഇദ്ദേഹത്തിന് തലക്കും നെഞ്ചിനും പരുക്കേല്‍ക്കുയായിരുന്നു. ഹോബിയുടെയും പഠനത്തിന്റെയും ഭാഗമായാണ് ഇദ്ദേഹം ഗുഹക്കുള്ളില്‍ സഞ്ചാരം നടത്തിയത്. ശാസ്ത്രീയമായ കാരണങ്ങള്‍ക്ക് വേണ്ടി പലപ്പോഴും ഗുഹകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ ചിലര്‍ സഞ്ചാരങ്ങള്‍ നടത്താറുണ്ടെങ്കിലും മറ്റു ചിലര്‍ക്കിത് സാഹസികതയാണ്. എന്തായാലും വലിയൊരു സാഹസികതയാണ് ജോണ്‍ ഗുഹക്കുള്ളില്‍ നേരിട്ടതെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തവര്‍ പറഞ്ഞു.