Connect with us

International

തിരച്ചിലിന്റെ മറവില്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ആക്രമണം

Published

|

Last Updated

ജറുസലം: കാണാതായ മൂന്ന് കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ മറവില്‍ ഇസ്‌റാഈല്‍ സൈന്യം ഫലസ്തീന്‍ ജനതയെ ആക്രമിക്കുന്നത് തുടരുന്നു. റെയ്ഡ് നടത്തുന്നതിനിടെ ഇന്നലെ രാവിലെ ഇസ്‌റാഈല്‍ സൈന്യം നിരപരാധികളായ ഫലസ്തീന്‍ ജനതക്ക് നേരെ ക്രൂരമായ രീതിയില്‍ വെടിവെപ്പ് നടത്തി. വെസ്റ്റ്ബാങ്കിലെ ജെനിനില്‍ അര്‍ധരാത്രി നടത്തിയ വെടിവെപ്പില്‍ നാല് ഫലസ്തീനികള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ഒരാഴ്ചയായി കാണാതായ കുട്ടികളെ തിരയുന്നതിന്റെ ഭാഗമായി നിരപരാധികളായ നിരവധി ഫലസ്തീനികളെ ഇതിനോടകം ഇസ്‌റാഈല്‍ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. തെളിവുകളുടെ പിന്‍ബലമില്ലാതെ, കുട്ടികളെ തട്ടിക്കൊണ്ടുപോയത് ഹമാസാണെന്ന് ഇസ്‌റാഈല്‍ ആരോപിക്കുന്നു.
അതേസമയം, കുട്ടികളെ തട്ടിക്കൊണ്ടുപോയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹമാസ് പോരാളികള്‍ വ്യക്തമാക്കിയിട്ടുണ്ട്. വെസ്റ്റ്ബാങ്കില്‍ നിന്നാണ് അമേരിക്ക, ഇസ്‌റാഈല്‍ ഇരട്ട പൗരത്വമുള്ള മൂന്ന് കുട്ടികളെ കാണാതായത്. എയാള്‍ യിഫ്‌റ (19), ഗിലാദ് ശാര്‍ (16), നഫ്താലി ഫ്രാങ്കല്‍ (16) എന്നീ മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. റെയ്ഡ് എന്ന പേരില്‍ ഇസ്‌റാഈല്‍ നടത്തുന്ന ക്രൂരമായ നടപടികളില്‍ പ്രതിഷേധിച്ച് മുന്നൂറോളം ഫലസ്തീന്‍കാര്‍ തെരുവില്‍ ഒരുമിച്ചുകൂടിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ ഇസ്‌റാഈല്‍ സൈന്യം ക്രൂരമായ ആക്രമണമാണ് അഴിച്ചുവിട്ടത്. കഴിഞ്ഞ ദിവസം അര്‍ധരാത്രി ഇസ്‌റാഈല്‍ നടത്തിയ റെയ്ഡില്‍ നിരപരാധികളായ 30 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു.
കുട്ടികളെ കാണാതായത് മുതല്‍ ഇതുവരെ ഇസ്‌റാഈല്‍ സേന വ്യത്യസ്ത സംഭവങ്ങളിലായി 280 ഫലസ്തീനികളെയാണ് അനധികൃതമായി തടവില്‍ വെച്ചിരിക്കുന്നത്. ഇവരില്‍ 200 പേര്‍ ഹമാസ് പ്രവര്‍ത്തകരാണ്. ഹമാസ് ഉപയോഗിക്കുന്ന നൂറിലധികം കെട്ടിടങ്ങളിലും ഇസ്‌റാഈല്‍ സേന തിരച്ചില്‍ നടത്തി. പക്ഷേ കാണാതായ കുട്ടികളെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരമൊന്നും ലഭിച്ചിട്ടില്ല. ഫലസ്തീന്‍ ജനതയുടെ മോചനത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ ഇസ്‌റാഈല്‍ ഭീകരസംഘടനയായാണ് ചിത്രീകരിക്കാറുള്ളത്. അതേസമയം, നിലവിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഹമാസ് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഫലസ്തീനികളെ അറസ്റ്റ് ചെയ്യുന്ന ഇസ്‌റാഈല്‍ നടപടി തുടരുക തന്നെയാണ്.
കാണാതായ കുട്ടികളുടെ കുടുംബാംഗങ്ങളെ അമേരിക്കന്‍ അംബാസഡര്‍ ഡാന്‍ ഷാപ്പിറോ സന്ദര്‍ശിക്കുകയും ഇസ്‌റാഈലിന് ഈ വിഷയത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

Latest