Connect with us

Editorial

ഇറാഖിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം

Published

|

Last Updated

ഇറാഖില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ കടുത്ത ആശങ്കയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്നതിനിടെ നാല്‍പ്പത് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ വാര്‍ത്ത കൂടി പുറത്തു വന്നതോടെ അവരുടെ നെഞ്ചിടിപ്പ് വര്‍ധിച്ചിരിക്കയാണ്. സര്‍ക്കാറിന്റെ എല്ലാ പ്രതിരോധ സന്നാഹങ്ങളെയും ഭേദിച്ച് വിമതരായ ഐ എസ് ഐ എസ് (ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ) തന്ത്രപ്രധാനമായ പട്ടണങ്ങളും കേന്ദ്രങ്ങളും പിടിച്ചെടുത്ത് മുന്നേറുകയും അമേരിക്ക വ്യോമാക്രമണത്തിന് തയാറെടുക്കുകയും ചെയ്യവെ അവിടെ ഏതുസമയത്തും എന്തും സംഭവിക്കാമെന്നതാണ് അവസ്ഥ.
ഇറാഖിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നാണ് കേന്ദ്രത്തിന്റെ അവകാശ വാദം. എന്നാല്‍ പ്രശ്‌ന ബാധിത പ്രദേശങ്ങളിലുള്ളവരുടെ സ്ഥിതി ദുരിതപൂര്‍ണമാണെന്നാണ് മാധ്യമങ്ങളുടെ വെളിപ്പെടുത്തല്‍. തിക്രിത് ടീച്ചിംഗ് ആശുപത്രിയിലെ ഇന്ത്യക്കാരായ 46 നഴ്‌സുമാരുടെ ജീവിതം തടവറയിലേതിന് തുല്യമാണെന്നാണ് വിവരം. അവര്‍ക്ക് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങാനാകുന്നില്ല. പൂര്‍ണമായും വിമതരുടെ നിയന്ത്രണത്തിലായ ആശുപത്രിയിലെ അത്യാഹിതവിഭാഗം മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ല. പ്രശ്‌നബാധിത പ്രദേശമായ മൊസൂളിലെ ഇന്ത്യക്കാരുടെ സ്ഥിതിയും ഭീതിദമാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് ബഗ്ദാദ് വിമാനത്താവളത്തിലേക്കടക്കം മറ്റു കേന്ദ്രങ്ങളിലേക്കുള്ള റോഡ് യാത്ര ദുഷ്‌കരവും അപകടം നിറഞ്ഞതുമാണ്. റോഡ് യാത്ര ഒഴിവാക്കാന്‍ ഇറാഖിലെ രാജ്യാന്തര ഏജന്‍സികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ മേഖലകളിലെ ആശയവിനിമയ സംവിധാനങ്ങളും താറുമാറാണ്. മടക്കയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതെപ്പോള്‍ സാധ്യമാകുമെന്ന് ഉറപ്പ് നല്‍കാനാവില്ലെന്നാണ് ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതിയും രാജ്യാന്തര റെഡ് ക്രസന്റ് സൊസൈറ്റിയുടെ വക്താക്കളും അറിയിച്ചത്. ദുരിതമനുഭവിക്കുന്ന മലയാളി നഴ്‌സുമാരുടെ കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആവശ്യത്തോട് ഡല്‍ഹിയില്‍ നിന്ന് ആശാവഹമായ പ്രതികരണമുണ്ടായിട്ടില്ല.
അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മൊസൂളിലെ ഇന്ത്യക്കാരായ നിര്‍മാണക്കമ്പനി തൊഴിലാളികളെ ബന്ദിയാക്കിയ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നാണ് വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്റെ അവകാശ വാദം. എന്നാല്‍ അതെവിടെയാണെന്ന് വെളിപ്പെടുത്താനോ അവരുടെ സുരക്ഷയെക്കുറിച്ച് ഉറപ്പ് പറയാനോ ആകില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവം സന്ദേഹമുണര്‍ത്തുന്നു. വിമതരും ഔദ്യോഗിക സേനയും തമ്മിലുള്ള സമീപ ദിവസങ്ങളിലെ പോരാട്ടത്തില്‍ സിവിലിയന്മാരടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് യു എന്നിന്റെ വെളിപ്പെടുത്തല്‍. ഒട്ടേറെ പേരെ വിമതര്‍ തട്ടിക്കൊണ്ടുപോയതായും സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. ആരെല്ലാമാണ് ഇവരെന്നും ഏത് ദേശക്കാരാണെന്നും വ്യക്തമാകാനിരിക്കുന്നതേയുള്ളു.
ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാന്‍ വിദേശകാര്യ മന്ത്രാലയം മുഴുസമയവും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കുകയും ഇറാഖില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിരുന്ന മുന്‍ നയതന്ത്ര പ്രതിനിധി സുരേഷ് റെഡ്ഢിയെ അയക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മടങ്ങാനാഗ്രഹിക്കുന്നവരെ തിരികെ എത്തിക്കുന്നതിലുമുള്ള സര്‍ക്കാറിന്റെ നടപടി വേണ്ടത്ര കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യ പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും ഇവരുടെ യാത്രാ ചെലവ് കേന്ദ്രം വഹിക്കണമെന്നുമുള്ള കേരളത്തിന്റെ ആവശ്യത്തിന്മേല്‍ കേന്ദ്രത്തിന്റെ പ്രതികരണം നിരാശാജനകമാണ്. ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാന്‍ എല്ലാ സഹായവും നല്‍കുമെങ്കിലും പ്രത്യേക വിമാനം ഏര്‍പ്പെടുത്താനാകില്ലെന്നതാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നിലപാട്. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ തിരിച്ചു കൊണ്ടുവരാന്‍ എല്ലാ സന്നാഹങ്ങളുമൊരുക്കുമ്പോള്‍ തണുപ്പന്‍ മട്ടിലുള്ള ഡല്‍ഹിയുടെ പ്രതികരണത്തില്‍ ജനങ്ങള്‍ നിരാശരാണ്. ഐക്യരാഷ്ട്രസഭയുടെയും റെഡ്‌ക്രോസിന്റെയും സഹായം തേടുന്നതുള്‍പ്പെടെ ഇന്ത്യക്കാരുടെ സുരക്ഷക്കും മടക്കയാത്രക്കും എല്ലാവിധ സാധ്യതകളും സര്‍ക്കാര്‍ പ്രയോജനപ്പെടുത്തണം. ഈ ആവശ്യമുന്നയിച്ചു കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ടെങ്കലും പ്രശ്‌നത്തിന്റെ ഗൗരവവും ഇറാഖില്‍ സേവനമനുഷ്ഠിക്കുന്ന ഇന്ത്യക്കാരുടെ കുടുംബം അനുഭവിക്കുന്ന വേവലാതിയുടെയും ഉത്ക്കണ്ഠയുടെയും തീവ്രതയും കേന്ദ്രത്തെ ധരിപ്പിക്കുന്നതിന് സംസ്ഥാനത്ത് നിന്നുള്ള ഉന്നതതല സംഘത്തെ ഡല്‍ഹിക്കയക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറിന്റെ അടിയന്തര പരിഗണനക്കും വിഷയീഭവിക്കേണ്ടതുണ്ട്.

Latest