Connect with us

Kozhikode

ബൈത്തുല്‍ ഇസ്സ കോളജ് ആക്രമണം: വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് വ്യക്തമാക്കണം - എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: നരിക്കുനി ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ്&സയന്‍സ് കേളജില്‍ വിദ്യാര്‍ഥികളുടെ പഠനാവകാശം തടസപ്പെടുത്തി കോളജ് ആക്രമിക്കുകയും ക്ലാസ് മുറികളില്‍ കയറി വിദ്യാര്‍ഥി -വിദ്യാര്‍ഥിനികള്‍ക്കുനേരെ കല്ലേറ് നടത്തുകയും ചെയ്ത സാമൂഹിക ദ്രോഹികളുടെ നടപടിയില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം ആവശ്യപ്പെട്ടു.
ചോദ്യപേപ്പര്‍ വിവാദത്തിന്റെ മറവില്‍ അതിക്രമം നടത്തുകയും വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ക്ലാസ് മുറികളില്‍ കയറി പഠിതാക്കളെ അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നടപടി വിദ്യാര്‍ഥികളുടെ മൗലികാവകാശങ്ങള്‍ക്ക് നേരയുള്ള കൈയേറ്റമാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ പ്രാകൃതമായ അതിക്രമങ്ങളോട് സമരസപ്പെടുന്നത് പരിഹാസ്യമാണ് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മാര്‍ഗത്തിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും സ്വാഗതാര്‍ഹമാണ്. പുരോഗമന മുഖം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരായുധരായ വിദ്യാര്‍ഥികളെ അതിക്രമിച്ചത് അംഗീകരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. അക്രമത്തിന് വിധേയമായ ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് & സയന്‍സ് കോളജ് എസ് എസ് എഫ് നേതാക്കള്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി കെ അബ്ദുല്‍ കലാം, സെക്രട്ടറിയേറ്റ് അംഗം പി വി അഹ്മദ് കബീര്‍, ജില്ലാ സെക്രട്ടറി മുഹമ്മദലി കിനാലൂര്‍, ഇസ്സുദ്ദീന്‍ സഖാഫി പുല്ലാളൂര്‍ എന്നിവരാണ് കോളജ് സന്ദര്‍ശിച്ചത്.

 

 

Latest