Connect with us

Eranakulam

ഓപറേഷന്‍ കുബേരയുടെ മറവില്‍ നിരപരാധികളെ പീഡിപ്പിക്കരുത്: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ഓപറേഷന്‍ കുബേരയുടെ മറവില്‍ പോലീസ് നിരപരാധികളെ പീഡിപ്പിക്കരുതെന്ന് ഹൈക്കോടതി. വിവാഹമോചനത്തിന് മുമ്പ് ഭര്‍ത്താവ് വില്‍പ്പന നടത്തിയ വസ്തുവഹകള്‍ തിരിച്ചുകിട്ടണമെന്ന പരാതിയില്‍ ഓപറേഷന്‍ കുബേരയുടെ മറവില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോട്ടയം സ്വദേശി മാര്‍ട്ടിന്‍ ജോസിന്റെ ഹരജിയിലാണ് ചീഫ് ജസ്റ്റീസ് ഡോ. മഞ്ജുള ചെല്ലൂര്‍, ജസ്റ്റീസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നടപടി.
സിവില്‍ തര്‍ക്കങ്ങളില്‍ പോലീസ് ഇടപെടരുതെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിച്ചിട്ടും പോലീസ് ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി. സര്‍വീസില്‍ നിന്ന് വിരമിച്ച വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകള്‍ നല്‍കിയ പരാതിയില്‍ പോലീസ് ഹരജിക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നും പോലീസിന്റെ നടപടി ലജ്ജാകരമാണെന്നും കോടതി നിരീക്ഷിച്ചു. ഹൈക്കോടതി നോട്ടീസയച്ചിട്ടും പരാതിക്കാരി കോടതിയില്‍ ഹാജരാകാന്‍ തയ്യാറായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വിരമിച്ച വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മകള്‍ ബിജി എബ്രഹാം നല്‍കിയ പരാതിയിലാണ് പോലീസ് മാര്‍ട്ടിന്‍ ജേക്കബിനെതിരെ നടപടി സ്വീകരിച്ചത്. തന്റെ മുന്‍ ഭര്‍ത്താവ് വില്‍പ്പന നടത്തിയ വസ്തുവഹകള്‍ തിരിച്ചു കിട്ടണമെന്നായിരുന്നു ആവശ്യം. പരാതിക്കാരിയുടെ മുന്‍ ഭര്‍ത്താവ് ഷിബുവില്‍ നിന്ന് 2007ല്‍ വാങ്ങിയ വസ്തുവഹകള്‍ തിരിച്ചുകിട്ടാന്‍ പരാതിക്കാരിക്ക് അവകാശമില്ലെന്നും ഓപറേഷന്‍ കുബേരയുടെ മറവില്‍ പോലീസ് പീഡിപ്പിക്കുകയാണെന്നും ഹരജിക്കാരനു വേണ്ടി ഹാജരായ ജോയി ജോര്‍ജ് ബോധിപ്പിച്ചു. വിവാഹ മോചനത്തോടെ ദമ്പതികള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ തീര്‍പ്പാക്കിയിരുന്നുവെന്നും വിരമിച്ച വനിതാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പ്രേരണമൂലം പോലീസ് ഹരജിക്കാരനെ പീഡിപ്പിക്കുകയാണെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.