Connect with us

Ongoing News

വിഴിഞ്ഞം പദ്ധതി: അട്ടിമറിക്കാനുള്ള നീക്കം പുറത്തായി

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പുറത്ത്. പദ്ധതിക്കെതിരെ ഹരിത ട്രിബ്യൂണലിനു പരാതി നല്‍കിയതിനു പിന്നില്‍ പള്ളി വികാരിയാണെന്നു വെളിപ്പെടുത്തല്‍. ഹരിത ട്രിബ്യൂണലില്‍ പരാതി നല്‍കിയവരിലൊരാളായ മേരിദാസനാണ് ഇക്കാര്യം സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തിയത്. വിഴിഞ്ഞം പദ്ധതിക്കു നല്‍കിയ പാരിസ്ഥിതിക അനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരിത ട്രിബ്യൂണലിനെ സമീപിച്ചതു രണ്ട് പേരാണ്. അടിമലത്തുറയിലെ മത്സ്യത്തൊഴിലാളികളായ മേരീദാസനും വില്‍ഫ്രഡും. അതീവ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചുള്ള പരാതി ഇവര്‍ എങ്ങനെ തയ്യാറാക്കിയെന്നും, ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഭിഭാഷകരെ എങ്ങനെ നിയോഗിച്ചു എന്നുമൊക്കെയുള്ള സംശയങ്ങള്‍ നിലനിന്നിരുന്നു. ഇതിനിടെ ഇവര്‍ നല്‍കിയ പരാതിയില്‍ തീര്‍പ്പാകാതെ കേന്ദ്ര ഫണ്ട് അനുവദിക്കരുതെന്നാവശ്യപ്പെട്ട് ജോസഫ് വിജയന്‍ എന്ന തിരുവനന്തപുരം സ്വദേശി പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും കത്തയച്ചു. ഈ കത്തും ഇന്നലെ പുറത്തായി. വിഴിഞ്ഞം പദ്ധതിയുടെ അട്ടിമറിയിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നതെന്ന ആരോപണമാണ് ഉയര്‍ന്നിട്ടുള്ളത്.
ജോസഫ് വിജയന്‍ ഇക്കഴിഞ്ഞ 17നാണ് പ്രധാനമന്ത്രിക്കും കേന്ദ്ര ധനമന്ത്രിക്കും കത്തയച്ചത്. മേരീദാസനും വില്‍ഫ്രഡും വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു ഹരിത ട്രിബ്യൂണലിനു പരാതി നല്‍കിയിട്ടുണ്ടെന്നും, ഇതേകാര്യം ആവശ്യപ്പെട്ട് ചെന്നൈ ഹരിത ട്രിബ്യൂണലില്‍ നല്‍കിയ കേസും നിലവിലുണ്ടെന്നും രണ്ടിലും തീര്‍പ്പാകാതെ വിഴിഞ്ഞം പദ്ധതിക്ക് വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കരുതെന്നുമായിരുന്നു ജോസഫ് വിജയന്റെ ആവശ്യം. 2014 ജനുവരി മൂന്നിനാണ് വിഴിഞ്ഞത്തിനു പാരിസ്ഥിതികാനുമതി കിട്ടിയത്. വില്‍ഫ്രഡും മേരീദാസനും ഏപ്രില്‍ ഒന്നിനും മൂന്നിനുമായാണ് പരാതികള്‍ നല്‍കിയത്. ഇതിനിടക്കാണ് ജോസഫ് വിജയന്‍ ചെന്നൈ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. വിവിധയിടങ്ങളില്‍ പരാതി നല്‍കി കേസില്‍ തീര്‍പ്പ് വൈകിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇടപെടല്‍ നടന്നതായാണ് ഇപ്പോള്‍ സംശയമുയരുന്നത്. ജൂലൈ ഒന്നിന് ഹരിത ട്രിബ്യൂണല്‍ വിഴിഞ്ഞം കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് പരാതിക്കാരനായ മേരീദാസന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.