Connect with us

Gulf

ഇ എം അശ്‌റഫിന്റെ 'എം എഫ് ഹുസൈന്‍ അഭിമുഖം' അറബിയിലും ഇംഗ്ലീഷിലും

Published

|

Last Updated

ദുബൈ: വിശ്വപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ എം എഫ് ഹുസൈനെക്കുറിച്ച് ഇ എം അശ്‌റഫ് എഴുതിയ ഗ്രന്ഥം അറബിയിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്നു. കൈരളി ടി വി മിഡിലീസ്റ്റ് ഡയറക്ടറായ ഇ എം അശ്‌റഫ്, എം എഫ് ഹുസൈനുമായി നടത്തിയ അഭിമുഖം അടിസ്ഥാനമാക്കി മലയാളത്തില്‍ എഴുതിയ ഗ്രന്ഥം, ഡി സി ബുക്‌സ് “ഞാനെന്നും ഹിന്ദുസ്ഥാനി” എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.
അഭിമുഖത്തില്‍ കേരളവും ഹുസൈനും തമ്മിലുള്ള സ്‌നേഹ ബന്ധം വിശദമാക്കുന്നുണ്ട്. മലയാള സിനിമ, സിനിമാ സംവിധായകര്‍, വൈക്കം മുഹമ്മദ് ബഷീര്‍, കോഴിക്കോട് സന്ദര്‍ശനം ഇതൊക്കെ അഭിമുഖത്തിലെ പ്രതിപാദ്യമാണ്. ഗൃഹാതുരതയോടെ ഭാരത് മാതാ എന്ന തന്റെ ചിത്രം സദുദ്ദേശത്തോടുകൂടിയാണെന്നും, അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് സര്‍ഗാത്മകമായ മനസിന്റെ അഭാവമാണെന്നും ഇന്ത്യയിലെ മിക്ക കലാകാരന്മാരും അഭിപ്രായപ്പെട്ടെങ്കിലും ഹുസൈന്‍ ചിത്രങ്ങള്‍ ഇന്ത്യയില്‍ ചിലയിടത്ത് ആക്രമിക്കപ്പെട്ടു. ഇതോടുകൂടിയാണ് ഹുസൈന്‍ ഇന്ത്യ വിട്ടത്. ഖത്തര്‍ പൗരത്വം സ്വീകരിച്ചശേഷം ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഏല്‍പിച്ചു. ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷങ്ങള്‍, മോഹന്‍ ജദാരോ മുതല്‍ ആരംഭിക്കുന്ന ഇന്ത്യന്‍ സാംസ്‌കാരിക ചരിത്രം തുടങ്ങിയ ബൃഹത്തായ ചിത്ര രചനാ പദ്ധതി, ഖത്തര്‍ ഗവണ്‍മെന്റിന്റെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കെയായിരുന്നു അന്ത്യം. അഭിമുഖത്തിലുടനീളം ഇന്ത്യന്‍ സിനിമയും ഇന്ത്യന്‍ ജീവിതവും സംസ്‌കാരവും ചിത്രകലയുടെ ഇന്ത്യന്‍ സ്വാധീനം ഇവ വിശദമായി വ്യക്തമാക്കുന്നുണ്ട്. ഷാര്‍ജ ഗവണ്‍മെന്റിന്റെ സാംസ്‌കാരിക വകുപ്പാണ് ഗ്രന്ഥത്തിന്റെ അറബി പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിക രാജ്യങ്ങളുടെ 2014ലെ സാംസ്‌കാരിക തലസ്ഥാനമായി ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജ സാംസ്‌കാരിക വകുപ്പ് അറബ് ലോകത്തിലേക്കായി പ്രസിദ്ധപ്പെടുത്തുന്ന അറാഫിഡ് മാസിക രണ്ട് വാള്യങ്ങളായി പുറത്തിറക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് എം എഫ് ഹുസൈന്റെ അഭിമുഖം അറബ് ഭാഷയില്‍ പ്രസിദ്ധപ്പെടുത്തിയത്.
ഇംഗ്ലീഷ് പരിഭാഷ കാലിക്കറ്റ് സര്‍വകലാശാലയാണ് പ്രസിദ്ധീകരിക്കുന്നത് “the barefoot painter: M.F. Husain” എന്ന പേരില്‍ ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് സുജിത്ത് ബാലകൃഷ്ണനാണ്. ഹുസൈന്റെ നാലാം ചരമ വാര്‍ഷികത്തിലാണ് രണ്ട് വിവര്‍ത്തനങ്ങളും പുറത്തിറങ്ങുക.

---- facebook comment plugin here -----

Latest