Connect with us

Gulf

ഷാര്‍ജയിലെ ജല ഉപഭോഗം ആഗോള ശരാശരിക്കൊപ്പം

Published

|

Last Updated

ഷാര്‍ജ: എമിറേറ്റിലെ ജല ഉപഭോഗം ആഗോള ശരാശരിക്കൊപ്പമെന്ന് പഠനങ്ങള്‍. യുനൈറ്റഡ് നാഷന്‍സ് ശുപാര്‍ശക്കനുസൃതമായാണ് ഷാര്‍ജയിലെ ജല ഉപഭോഗമെന്ന് ദി എകണോമിസ്റ്റ് വാരികയുടെ “ദി വേള്‍ഡ് 2014” പതിപ്പിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷാര്‍ജയിലെ പ്രതിദിന ആളോഹരി ജല ഉപഭോഗം 200 ലിറ്ററാണ്. ആഗോള ശരാശരിയും 200 ലിറ്ററാണ്. ഷാര്‍ജ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ക്രിയാത്മകമായ നീക്കങ്ങളുടെ ഫലമാണ് ജല ഉപഭോഗത്തില്‍ കുറവുണ്ടാക്കാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു. 

തര്‍ശീദ് എന്ന പേരില്‍ സിവ സംഘം വീട്ടമ്മമാരെ സന്ദര്‍ശിച്ച് ജല ഉപഭോഗത്തെ കുറിച്ച് ബോധവത്കരണം നടത്തിയിരുന്നു. മറ്റു മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തിയിരുന്നതായി സിവ ചെയര്‍മാന്‍ ഡോ. റാശിദ് അല്‍ ലീം പറഞ്ഞു. ജല ഉപഭോഗം കുറക്കുന്നതിന് സൗജന്യമായി പ്രത്യേക ഉപകരണവും വിതരണം ചെയ്തു.
ഭാവിയില്‍ വെള്ളമടക്കമുള്ളവയുടെ ലഭ്യതയുടെ കാര്യത്തില്‍ കടുത്ത ആശങ്ക യു എ ഇ ഉള്‍പ്പെടെ അറേബ്യന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുണ്ട്. ജല സ്രോതസുകള്‍ കുറഞ്ഞു വരുന്നതും ആളോഹരി ഉപഭോഗത്തില്‍ യു എ ഇ ആഗോള തലത്തില്‍ മുന്നില്‍ നില്‍ക്കുന്നതും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ധിച്ചു വരുന്ന ജനസംഖ്യയും ഉപഭോഗം വര്‍ധിക്കുന്നതിന് കാരണമാണ്. ലോക ജല ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ ഫെഡറല്‍ വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റി അതോറിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് യു എ ഇയിലെ ആളോഹരി ജല ഉപഭോഗം 550 ലിറ്ററാണ്.
ലോക ജനസംഖ്യയുടെ 40 ശതമാനമാളുകള്‍ക്ക് ശുദ്ധജല ലഭ്യത ഇല്ലെന്നാണ് യുണൈറ്റഡ് നാഷന്‍സ് വാട്ടര്‍ പ്രോഗ്രാം അധികൃതര്‍ പറയുന്നത്. 2025 ഓടെ 180 കോടി ജനങ്ങളെ ജല ദൗര്‍ലഭ്യം ബാധിക്കും. ഇത്തരം ആശങ്കകള്‍ക്കിടയിലാണ് ഷാര്‍ജയില്‍ നിന്ന് ജല ഉപഭോഗത്തിലെ കുറവ് സംബന്ധിച്ച് ശുഭ വാര്‍ത്ത വരുന്നത്.

Latest