Connect with us

Wayanad

നടവയലില്‍ കാട്ടാന ശല്യം രൂക്ഷം

Published

|

Last Updated

നടവയല്‍: നടവയലിലും പരിസര പ്രദേശങ്ങളിലുമുള്ള അതിരൂക്ഷമായ കാട്ടാനശല്യത്തില്‍ ജനങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നു. സന്ധ്യമയങ്ങുന്നതോടെ നാട്ടിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് സൃഷ്ടിക്കുന്നത്. കാട്ടാനകളെ പേടിച്ച് സന്ധ്യമയങ്ങുന്നതോടെ ആളുകള്‍ വീടണയുന്നതിനാല്‍ രാത്രി ഏഴുമണിയോടെ നടവയല്‍ ടൗണില്‍ ആളനക്കമില്ലാതാകും.
പനമരം- നടവയല്‍ റോഡില്‍ കാട്ടാനശല്യമുള്ളതിനാല്‍ രാത്രി ഏഴുമണി കഴിഞ്ഞാല്‍ ഇതുവഴി ഒരു ഓട്ടോറിക്ഷ പോലും വരില്ല. പനമരം- നടവയല്‍ റോഡില്‍ കാട്ടാനകളുടെ മുന്നില്‍പെട്ട് ഭാഗ്യത്തിന് രക്ഷപെട്ട വാഹനയാത്രക്കാര്‍ നിരവധിയാണ്.
നടവയല്‍, ചീരവയല്‍കുന്ന്, ആലുങ്കല്‍താഴെ, കായക്കുന്ന്, പാടിക്കുന്ന്, നെല്ലിയമ്പം മൃഗാശുപത്രിക്കവല, പുഞ്ചവയല്‍, നീര്‍വാരം തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനശല്യം രൂക്ഷം. ഒറ്റക്കും കൂട്ടമായും എത്തുന്ന ആനകള്‍ എത്ര ഒച്ചവെച്ചാലും പടക്കംപൊട്ടിച്ചാലും പിന്തിരിയുന്നില്ല. പുലരുംവരെ തോട്ടങ്ങളില്‍ തമ്പടിക്കുന്ന ആനക്കൂട്ടം വിളകള്‍ ചവിട്ടിയരച്ചാണ് മടങ്ങുന്നത്.
ചൊവ്വാഴ്ച രാത്രി ചീരവയല്‍കുന്നില്‍ എത്തിയ കാട്ടാന പുതുപറമ്പില്‍ ദേവസ്യ, പുത്തന്‍പുരയില്‍ ചാക്കോ, ജോസഫ് മാനുവല്‍, റോസമ്മ, മേലേട്ട് തോമാച്ചന്‍ തുടങ്ങിയവരുടെ വിളകള്‍ നശിപ്പിച്ചു. ദേവസ്യ, ജോസഫ് മാനുവല്‍ എന്നിവരുടെ തെങ്ങുകള്‍ നശിപ്പിച്ചു. തെങ്ങിന്റെ കൂമ്പ് പറിച്ചു തിന്നുന്നതിനു പുറമെ, തെങ്ങ് ചുവടെ മറിക്കുന്നതും പതിവായിട്ടുണ്ട്. തെങ്ങ്, കമുക്, വാഴ, കപ്പ, ഇഞ്ചി എന്നിവയാണ് കാട്ടാനകള്‍ കൂടുതലായി നശിപ്പിക്കുന്നത്. നടവയലിലും പരിസരപ്രദേശങ്ങളിലുമായി രണ്ടു മാസത്തിനുള്ളില്‍ കാട്ടാനക്കൂട്ടം ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് വരുത്തിയത്. രാത്രിയില്‍ ഈ പ്രദേശത്ത് കാട്ടാനക്കൂട്ടം
വിഹരിക്കുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തേക്ക് പോകാന്‍ പ്രദേശവാസികള്‍ക്കു കഴിയുന്നില്ല. രോഗികളെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. മുന്‍ വര്‍ഷങ്ങളിലും കാട്ടാനശല്യമുണ്ടായിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്രയധികം രുക്ഷമായത്. മുമ്പ് ഒന്നോ രണ്ടോ ആനകള്‍ മാത്രമാണ് നാട്ടിലിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ എട്ടും 10 ഉം ആനകളാണ് ഒരുമിച്ച് കാടിറങ്ങുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ വനംവകുപ്പ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. നിലവില്‍ ഇത്തരം സംവിധാനങ്ങളൊന്നുമില്ല. നേരത്തെ വനംവകുപ്പ് വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിരുന്നുവെങ്കിലും അതും ഇപ്പോള്‍ കാര്യക്ഷമമല്ല. ചതുപ്പുനിറഞ്ഞ സ്ഥലങ്ങളില്‍ കമ്പിവേലി ഫലപ്രദമല്ല. ഈ പ്രദേശങ്ങളിലൂടെ ആനക്കൂട്ടം നാട്ടിലേക്ക് കടക്കുന്നുണ്ട്. വൈദ്യുതി കമ്പിവേലി ആളുകള്‍ മോഷ്ടിച്ചു കൊണ്ടു പോയി വില്‍ക്കുന്നതും കോഴിക്കൂട്, ആട്ടിന്‍കൂട് തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന സംഭവങ്ങളുമുണ്ട്.
മഴ ശക്തമായാല്‍ കാട്ടാനശല്യം വര്‍ധിക്കും. തങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്ന കാട്ടാനശല്യം തടയാന്‍ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest