Connect with us

Wayanad

ഡപ്യൂട്ടി രജിസ്ട്രാര്‍ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published

|

Last Updated

കല്‍പ്പറ്റ: ബത്തേരി സഹകരണ അര്‍ബന്‍ ബാങ്കില്‍ നിയമനങ്ങളിലും ഉദ്യോഗക്കയറ്റങ്ങളിലും ഓഫീസ് നവീകരണത്തിലും വന്‍ ക്രമക്കേട്. കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രം പ്രിന്‍സിപ്പലും ഡപ്യൂട്ടി രജിസ്ട്രാറുമായ പി.രാമചന്ദ്രന്‍ സഹകരണ രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രമക്കേടുകള്‍ സംബന്ധിച്ച വിവരം.
ബാങ്കില്‍ സമീപകാലത്തു നടന്ന പ്യൂണ്‍ നിയമനങ്ങളിലും പ്യൂണ്‍മാര്‍ക്ക് ജൂനിയര്‍ ക്ലാര്‍ക്കുമാരായി ഉദ്യോഗക്കയറ്റം നല്‍കിയതിലും സഹകരണ ചട്ടങ്ങളുടെ ലംഘനവും അഴിമതിയും ആരോപിച്ച് സഹകാരികള്‍ നല്‍കിയ പരാതിയില്‍ രജിസ്ട്രാര്‍ നിര്‍ദേശിച്ചതിനുസരിച്ചതിനുസരിച്ചായിരുന്നു ഡപ്യൂട്ടി രജിസ്ട്രാറുടെ അന്വേഷണം. നേരത്തേ ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറും (ഓഡിറ്റ്) പരാതി അന്വേഷിച്ചിരുന്നു. സഹകാരികളുടെ ആരോപണങ്ങള്‍ ശരിവെക്കുന്നതായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടും. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണം കുറ്റമറ്റതല്ലെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ വിശദാന്വേഷണത്തിനു വിധേയമാക്കണമെന്നും ബാങ്ക് ഭരണസമിതി രജിസ്ട്രാറോട് അഭ്യര്‍ഥിക്കുകയുണ്ടായി. ഇതേത്തുടര്‍ന്നാണ് ഡപ്യൂട്ടി രജിസ്ട്രാറെ അന്വേഷണത്തിനു നിയോഗിച്ചത്.
ബാങ്ക് ഭരണസമിതിയുടെ 2012 ജൂണ്‍ 13ലെ തീരുമാനപ്രകാരം രണ്ടു പേര്‍ക്കും അതേവര്‍ഷം ഡിസംബര്‍ 29ലെ തീരുമാനം അനുസരിച്ച് ഒരാള്‍ക്കും പിന്നീട് ബാങ്കില്‍ ജനറല്‍ വിഭാഗക്കാര്‍ക്കായി തയാറാക്കിയതും കാലാവധി കഴിഞ്ഞതുമായ റാങ്ക് ലിസ്റ്റില്‍നിന്ന് സംവരണ മാനദണ്ഡപ്രകാരം ഒരാള്‍ക്കും പ്യൂണ്‍ തസ്തികയില്‍ നിയമനം നല്‍കിയത് ക്രമവിരുദ്ധമാണെന്ന് ഡപ്യൂട്ടി രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
സബ് സ്റ്റാഫ് കാറ്റഗറിയില്‍പ്പെട്ട പ്യൂണ്‍ തസ്തികയില്‍ 2010 നവംബര്‍ 12ന് നിയനം ലഭിച്ച മൂന്നു പേര്‍ക്ക് ഭരണസമിതിയുടെ 2013 ജനുവരി ഒന്നിലെ തീരുമാനം അനുസരിച്ച് അറ്റന്‍ഡറുടെ സൂപ്പര്‍ന്യൂമറി തസ്തിക സൃഷ്ടിച്ച് ജൂനിയര്‍ ക്ലാര്‍ക്കുമാരായി ഉദ്യോഗക്കയറ്റം നല്‍കിയത് വഴിവിട്ടാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. ബാങ്ക് ആവശ്യത്തിലധികം ആളുകളെ സബ്സ്റ്റാഫ് വിഭാഗത്തില്‍ നിയമിച്ചത് ജൂനിയര്‍ ക്ലാര്‍ക്ക് തസ്തികയില്‍ സഹകരണ സഹകരണ സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് മുഖേന നിയമനം നടത്തുന്നതു അട്ടിമറിക്കുന്നതിനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
ജനറല്‍ വിഭാഗത്തില്‍ നിയമനത്തിനു ബാങ്ക് 2010 നവംബര്‍ 11ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിനു 2012 നവംബര്‍ 10 വരെയായിരുന്നു കാലാവധി. എന്നിരിക്കേ കാലാവധി ആറ് മാസത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ ഭരണസമിതി 2012 മാര്‍ച്ച് 22ന് തീരുമാനിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ ഏഴ് മാസം ബാക്കിയിരിക്കേ ഈ തീരുമാനമെടുത്തുത് ദുരുദ്ദേശത്തോടെയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബാങ്കിന്റെ ഹെഡ് ഓഫീസ് നവീകരണ ജോലികളിലും അഡീഷണല്‍ വര്‍ക്കുകളിലും കഴിഞ്ഞ വര്‍ഷം 3.58 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും ഡപ്യട്ടി രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ബത്തേരി അര്‍ബന്‍ ബാങ്ക് ഭരണസമിതി. ഡി.സി.സി മുന്‍ അധ്യക്ഷനുമായ പ്രൊഫ.കെ.പി.തോമസാണ് ചെയര്‍മാന്‍. ഭരണസമിതിക്ക് കടുത്ത പ്രഹരമായിരിക്കയാണ് ഡപ്യൂട്ടി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്.