Connect with us

Wayanad

കിസാന്‍സഭ നിരാഹാരം സമാപിച്ചു: കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് എതിരെ കൂട്ടായ പ്രക്ഷോഭം ഉയരണം- വി ചാമുണ്ണി

Published

|

Last Updated

കല്‍പ്പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്ക് എതിരെ കര്‍ഷക പ്രസ്ഥാനങ്ങളുടെ കൂട്ടായ ഐക്യനിര ഉയര്‍ന്നു വരണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് വി ചാമുണ്ണി പ്രസ്താവിച്ചു. കാര്‍ഷിക മേഖലയിലെ പ്രശ്‌ന പരിഹാരത്തിനും അവരെ സഹായിക്കാനുമുള്ള നയമല്ല ഇപ്പോള്‍ സര്‍ക്കാറുകള്‍ നടപ്പാക്കുന്നത്. കര്‍ഷക ആത്മഹത്യകള്‍ വയനാട്ടില്‍ തിരികെയെത്തിയിട്ടും സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നു. ആശ്വാസ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല, കര്‍ഷകര്‍ക്ക് പലയിനങ്ങളിലായി ലഭിക്കേണ്ട കോടിക്കണക്കില്‍ രൂപ കുടിശികയാണ്. കേന്ദ്രത്തിലാവട്ടെ കുത്തകള്‍ക്ക് അനുകൂലമായ നയം കൂടുതല്‍ ശക്തിയോടെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. വയനാട്ടിലെ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കിസാന്‍സഭ ജില്ലാ ഭാരവാഹികള്‍ കഴിഞ്ഞ മൂന്ന് ദിവസമായി കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ഉപവാസ സമര സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചാമുണ്ണി.
നിരാഹാര സമരം നടത്തിയ ജില്ലാ സെക്രട്ടറി ഡോ.അമ്പി ചിറയില്‍, എ എം.ജോയി, അഡ്വ എം ഡി.ജോര്‍ജ്, പി പി.മത്തായി, കെ പി രാജന്‍ എന്നിവര്‍ക്ക് സംസ്ഥാന പ്രസിഡന്റ് നാരാങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ജില്ലയില്‍ കാര്‍ഷിക മേഖല വലിയ തകര്‍ച്ചയാണ് നേരിടുന്നത്. പല വിളകള്‍ക്കും മുടക്കുമുതല്‍പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയുണ്ട്. പ്രകൃതിക്ഷോഭവും വന്യജീവി ശല്യവും മൂലമുള്ള കൃഷിനാശം തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നു. കഷ്ടതയനുഭവിക്കുന്ന കൃഷിക്കാരെ സഹായിക്കുന്നതില്‍ സര്‍ക്കാരിനു വിമുഖതയാണ്. പ്രഖ്യാപിക്കുന്ന സമാശ്വാസധനം സമയബന്ധിതമായി വിതരണം ചെയ്യുന്നില്ല.
പ്രകൃതിക്ഷോഭത്തിലെ കൃഷിനാശത്തിനു കഴിഞ്ഞ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച സമാശ്വാസ ധനത്തില്‍ ഏകദേശം 20 കോടി രൂപ കുടിശികയാണ്. നടപ്പു സാമ്പത്തികവര്‍ഷം വേനല്‍ മഴയില്‍ കോടിക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. കൃഷിക്കാരില്‍നിന്നു നെല്ല് സംഭരിച്ചെങ്കിലും വില ഒരു വര്‍ഷമായിട്ടും നല്‍കിയിട്ടില്ല. കുളമ്പുരോഗവും മറ്റും ബാധിച്ച് ചത്ത കറവമാടുകളില്‍ ഭൂരിപക്ഷത്തിന്റേയും ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. കന്നകാലി സമ്പത്തിന്റെ കുറ്റമറ്റ സംരക്ഷണത്തിനും പദ്ധതികളും ഇല്ല. വനാതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍ വന്യജീവി ശല്യം മൂലം വലയുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തള്ളുക, വയനാട് പാക്കേജ് പ്രഖ്യാപിക്കുക, കൈവശ കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക, വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, തൊഴിലുറപ്പ് പദ്ധതിയില്‍ മുഴുവന്‍ കാര്‍ഷികവൃത്തികളും ഉള്‍പ്പെടുത്തുക, കബനി ജലം വയനാട്ടിലെ കൃഷിയിടങ്ങളില്‍ ഉപയോഗിക്കാന്‍ ഫലപ്രദമായ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തില്‍ ഉന്നയിച്ചത്. സമാപന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി എസ് വിശ്വംഭരന്‍ അധ്യക്ഷനായിരുന്നു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, പി കെ മൂര്‍ത്തി, സി എസ് സ്റ്റാന്‍ലിന്‍, സജി കാവനാക്കുടി, ടി മണി എന്നിവര്‍ പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest