Connect with us

Palakkad

എടത്തനാട്ട്കര ഗ്രാമ പഞ്ചായത്ത് രൂപവത്കരണം: പ്രതീക്ഷ കൈവിടാതെ ഗ്രാമവാസികള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: അലനല്ലൂര്‍ ഗ്രാമപഞ്ചാത്ത് വിഭജിച്ച് എടത്തനാട്ടുകര ഗ്രാമപഞ്ചായത്ത് രൂപവത്ക്കരിക്കുമെന്ന പ്രതീക്ഷ കൈവിടാതെ ഗ്രാമവാസികള്‍. പതിറ്റാണ്ട് മുമ്പ് തുടങ്ങിയ മുറവിളികളാണ് ഇന്നും യാഥാര്‍ത്ഥ്യമാവാതെ അനന്തമായി നീളുന്നത്.
നിലവിലെ ഗ്രാമപഞ്ചായത്തില്‍ 23 വാര്‍ഡുകളാണുളളത്. ഇതാകട്ടെ പരമാവധി വാര്‍ഡുകളാണുതാനും. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞിരുന്ന ഒരു വാര്‍ഡില്‍ 1000 വോട്ടര്‍മാര്‍ എന്ന കണക്കും ഇവിടെ കവിഞ്ഞിരിക്കുകയാണ്. ു. 1500 കടന്ന പല വാര്‍ഡുകളുമിവിടെ അന്നുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സര്‍ക്കാറിന്റെ എല്ലാ കണക്കുകളും തെറ്റിച്ചാണ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് കുതിക്കുന്നത്.
രണ്ട് ഗ്രാമപഞ്ചായത്തുകളുടെ വിസ്തൃതിയും ജനസംഖ്യയുമുളളയിവിടേക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതും സ്വന്തം ഫണ്ട് ചെലവഴിക്കാന്‍ കഴിയുന്നതും ഒരു ഗ്രാമപഞ്ചായത്തിന്റേതുമാത്രമാണ്.
ഇത് പല വികസന പദ്ധതികളും കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിയാത്ത സ്ഥിതിയിലാണുളളത്. മൂന്ന് റവന്യു വില്ലേജുകളിലായി 59 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുളളതും സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളിലൊന്നുമാണ് അലനല്ലൂര്‍. കൂടാതെ 2011 ലെ കാനേശുമാരി കണക്കനുസരിച്ച് 60000ല്‍പരം ജനസംഖ്യയുമുണ്ട്.
ഭൂമിയുടെ കിടപ്പനുസരിച്ച് വെളളിയാര്‍പ്പുഴ അതിര്‍ത്തിയായി വിഭജിക്കലാവും ഏറ്റവും എളുപ്പമെന്നാണ് ആദ്യഘട്ടത്തില്‍ നല്‍കിയിരുന്ന ശിപാര്‍ശ. പ്രാഥമിക ആരോഗ്യ കേന്ദ്രം, ആയുര്‍വ്വേദ-ഹോമിയോ ഡിസ്‌പെന്‍സറി എന്നിവ മാറ്റി നിര്‍ത്തിയാല്‍ ഒട്ടുമിക്ക എല്ലാ സൗകര്യങ്ങളും എടത്തനാട്ടുകര ഭാഗത്തുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നിലവില്‍ കോട്ടപ്പളളയില്‍ സ്ഥിതി ചെയ്യുന്ന സോഷ്യല്‍ വെല്‍ഫെയര്‍ സെന്റര്‍ വിപുലമാക്കാന്‍ കഴിയുന്നത് കൊണ്ട് തന്നെ സര്‍ക്കാറിനുളള ബാധ്യത കുറക്കാനും സാധിക്കും. കൂടാതെ കൊടിയംകുന്നില്‍ നടക്കുന്ന വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനം തത്കാലം തുടങ്ങുന്നതിനും കെട്ടിടവുമാവും.
പഞ്ചായത്ത് വിഭജനം നടക്കുകയാണെങ്കില്‍ ഏതാനും മാസങ്ങള്‍ക്കകം വിഭജിക്കുന്നതിനാവശ്യമായ സര്‍ക്കാര്‍ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം 1990 കളില്‍ തുടങ്ങിയ വിഭജനാവശ്യം വീണ്ടും അനന്തമായി നീളാനാണ് സാധ്യത. മലപ്പുറം ജില്ലയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മൂന്ന് ഭാഗവും മലപ്പുറം ജില്ലയിലെ തന്നെ ഗ്രാമപഞ്ചായത്തുകളാണ് അതിര്‍ത്തി പങ്കിടുന്നത്. കിഴക്ക് പാലക്കാട് ജില്ലയിലെ കോട്ടോപ്പാടം, അട്ടപ്പാടിയിലെ പുതൂര്‍, തെക്ക് മലപ്പുറം ജില്ലയിലെ താഴെക്കോട്, വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍, വടക്ക് മേലാറ്റൂര്‍, എടപ്പെറ്റ ഗ്രാമപഞ്ചായത്തുകളുമാണ്.
മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് വീണ്ടും മുന്‍സിപ്പാലിറ്റിയാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന തുടങ്ങിയിട്ടുണ്ട്. ഇത് ചിലപ്പോള്‍ എടത്തനാട്ടുകര ഗ്രാമപഞ്ചായത്ത് രൂപവത്കരണത്തെ ബാധിക്കാനും സാധ്യതയുണ്ട്. നിലവിലുളള മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് ഭൂവിസ്തൃതിയില്‍ മാത്രമെടുത്ത് മുന്‍സിപാലിറ്റിയാക്കുകയാണെങ്കില്‍ എടത്തനാട്ടുകര പഞ്ചായത്ത് രൂപവത്കരണത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അല്ലാത്തപക്ഷം മണ്ണാര്‍ക്കാട് ഗ്രാമപഞ്ചായത്ത് കൂടാതെ കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയാക്കുകയാണെങ്കില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ കുറച്ച് ഭാഗം കുമരംപുത്തൂരിലേക്കും, അലനല്ലൂരിലെ കോട്ടോപ്പാടത്തോട് ചേര്‍ന്നുളള “ഭാഗങ്ങള്‍ കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലേക്ക് നീങ്ങുകയാണെങ്കില്‍ എടത്തനാട്ടുകര പഞ്ചായത്തെന്ന ചിരകാല സ്വപ്‌നം യാഥാര്‍ത്ഥ്യമാവാന്‍ സാധ്യതയില്ല.
മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയെന്ന പുതിയ ആശയം ഉയര്‍ന്നപ്പോള്‍ തന്നെ പൊതുജനങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാമൂഹ്യസാംസ്‌കാരിക രംഗത്തുളളവരുടെയും യോഗം വിളിച്ചുചേര്‍ത്ത് സാധ്യതകളും അഭിപ്രായങ്ങളും സ്വരൂപിച്ച് സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് സ്ഥലം എം എല്‍ എ അഡ്വ എന്‍ ഷംസുദ്ദീന്‍ പറഞ്ഞിരുന്നതിലാണ് ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. എന്തായാലും മാസങ്ങള്‍ക്കകം തീരുമാനങ്ങളും മറ്റു നടപടികളും വരുമെന്ന് തന്നെയാണ് ജനം പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest