Connect with us

Malappuram

മെട്രോമാന്റെ സ്വപ്ന പദ്ധതികള്‍ക്കായി പൊന്നാനി നഗരസഭ പ്രത്യേക പാക്കേജ് തയ്യാറാക്കും

Published

|

Last Updated

പൊന്നാനി: മെട്രോമാന്‍ ഇ ശ്രീധരന്റെ സ്വപ്ന പദ്ധതികള്‍ നടപ്പാക്കാനുളള ഫണ്ട് കണ്ടെത്താന്‍ പൊന്നാനി നഗരസഭ പ്രത്യേക പാക്കേജ് തയ്യാറാക്കുന്നു. ഇ ശ്രീധരന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന നാല് പദ്ധതികള്‍ക്ക് 150 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഈ തുക സര്‍ക്കാരില്‍ നിന്ന് കണ്ടെത്താന്‍ പ്രത്യേക പാക്കേജ് തയ്യാറാക്കി അനുമതി വാങ്ങാനാണ് നഗരസഭ ഭരണസമിതി ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയുമായും മഞ്ഞളാംകുഴി അലിയുമായും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി ബീവി പ്രാഥമിക ചര്‍ച്ച ്‌നടത്തി.
മാലിന്യ സംസ്‌കരണ പ്ലാന്റ്, സമഗ്ര അഴുക്കചാല്‍ പദ്ധതി, കുടിവെളള ശുദ്ധീകരണ പ്ലാന്റ്, വൈദ്യുതിശ്മശാനം എന്നിവയാണ് ശ്രീധരന്റെനേതൃത്വത്തില്‍ നഗരസഭയില്‍ നടപ്പാക്കുക. ഇതില്‍ കുടിവെളള ശുദ്ധീകരണ പ്ലാന്റിന് 60കോടി രൂപയാണ് ചെലവ്. കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 6കോടി രൂപ ഗുണഭോക്തൃ വിഹിതമായി നഗരസഭ അടയ്ക്കണം. ഇതിലേക്ക് 3കോടി രൂപ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ഡി എം ആര്‍ സിയുടെ പൂര്‍ണ്ണമേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പ്ലാന്റിന് 70കോടിയോളം ചെലവ് വരും. ഡി എം ആര്‍ സി പദ്ധതിക്ക് സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പദ്ധതിയുടെ നടത്തിപ്പിന് ഫണ്ട് കണ്ടെത്തേതുണ്ട്.
സമഗ്ര അഴുക്കുചാല്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 60കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ മൊത്തം ചെലവ് 80കോടിയിലേറെ വരും. വൈദ്യുതി ശ്മശാനത്തിന് ഒരു കോടിയിലേറെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതികള്‍ക്കുളള തുക കണ്ടെത്താന്‍ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം അനിവാര്യമാണെന്ന ബോധ്യത്തില്‍ നിന്നാണ് പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാറിനെ സമീപിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്. നഗരസഭയുടെ തനത് ഫണ്ട് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ തികയാത്ത സ്ഥിതിയാണുളളത്. പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുളളവ നടക്കുന്നത്. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ ഫണ്ട് ഉപയോഗിക്കാന്‍ ഇല്ലെന്നിരിക്കെ ശ്രീധരന്റെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് പൊന്നാനിക്കുവേണ്ടിയുളള പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ അനുമതി ലഭിക്കേണ്ടിവരും. ഇത്തരമൊരു നീക്കത്തിന് ഇ ശ്രീധരന്റെ ഉപദേശവും നഗരസഭക്കുണ്ടെന്നാണ് അറിയുന്നത്. പാക്കേജ് സര്‍ക്കാരിന്റെ പരിഗണനക്കെത്തുമ്പോള്‍ സംസ്ഥാന ആസൂത്രണബോര്‍ഡിന്റെ ഭാഗത്തുനിന്നുളള പിന്തുണ ശ്രീധരന്‍ ഉറപ്പ് നല്‍കിയതായും നഗരസഭാ വൃത്തങ്ങള്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ അടങ്ങുന്ന വിപുലമായയോഗം ഇക്കാര്യത്തില്‍ വിളിച്ചുചേര്‍ക്കാന്‍ നഗരസഭാ ഭരണസമിതി നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ശ്രീധരന്‍നേതൃത്വം നല്‍കുന്ന നാല് പദ്ധതികളുടേയും വിശദമായ പദ്ധതിരേഖ (ഡി പി ആര്‍) അന്തിമഘട്ടത്തിലാണ്. നാല് പദ്ധതികളുടെയും നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ ഡി.എം.ആര്‍.സി സന്നദ്ധമായതിനാല്‍ ഫണ്ട് കണ്ടെത്തുക മാത്രമായിരിക്കുംശേഷിക്കുന്ന കാര്യം.

 

Latest