Connect with us

Kozhikode

ബി പി എല്‍ കാര്‍ഡുകാരായ അനര്‍ഹര്‍ക്കെതിരെ നടപടി

Published

|

Last Updated

കോഴിക്കോട്:ബി പി എല്‍ കാര്‍ഡ് കൈവശം വെച്ച അനര്‍ഹര്‍ക്കെതിരെ നടപടി വരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 170 പേര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികളുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ സി എ ലത അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ അടക്കമുള്ളവര്‍ അനര്‍ഹമായി ബി പി എല്‍ കാര്‍ഡ് കൈവശം വെച്ച് ആനുകൂല്യം പറ്റുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്ക് ശിപാര്‍ശ ചെയ്യും. അനര്‍ഹരായവര്‍ ബി പി എല്‍ കാര്‍ഡ് കൈവശം വെക്കുന്നത് മൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്ന സാഹചര്യം ദീര്‍ഘനാളായി ജില്ലയിലുണ്ടായിരുന്നു. അനര്‍ഹര്‍ കാര്‍ഡുകള്‍ സറണ്ടര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പലതവണ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ കലക്ടറുടെ നിര്‍ദ്ദേശാനുസരണം രൂപവത്കരിച്ച പ്രത്യേക സ്‌ക്വാഡ് വീടുകള്‍ കയറി നടത്തിയ പരിശോധനയിലാണ് അനര്‍ഹമായി കൈവശം വെച്ചിരുന്ന കാര്‍ഡുകള്‍ കണ്ടെത്തിയത്.

നേരത്തെ തന്നെ ഇതുസംബന്ധിച്ച് നിരവധി പരാതികളാണ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ബി പി എല്‍ വിഷയത്തില്‍ പരാതി പ്രളയം തന്നെയുണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ അശ്രദ്ധ ഇത്തരത്തില്‍ അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ മുതലെടുക്കുകയായിരുന്നു. സാധാരണക്കാരായ നിരവധി പേര്‍ എ പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ആനുകൂല്യങ്ങള്‍ ലഭ്യമല്ലാതെ പ്രയാസപ്പെടുമ്പോഴാണ് സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ബി പി എല്‍ കാര്‍ഡിന്റെ ആനുകൂല്യം പറ്റുന്നത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇതുസംബന്ധിച്ച നടപടികളുടെ തുടര്‍നീക്കങ്ങളുണ്ടാകും

---- facebook comment plugin here -----

Latest