Connect with us

Kozhikode

ബൈത്തുല്‍ ഇസ്സക്കെതിരായുള്ള അക്രമം ആസൂത്രിതമെന്ന് തെളിയുന്നു; പ്രതിഷേധം വ്യാപകം

Published

|

Last Updated

നരിക്കുനി: ബൈത്തുല്‍ ഇസ്സ കോളജിനും വിദ്യാര്‍ഥികള്‍ക്കു നേരെയും കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം ആസൂത്രിതമെന്ന് തെളിയുന്നു. സ്ഥാപനത്തിലേക്ക് നടത്തിയ മാര്‍ച്ച് പിരിഞ്ഞുപോയ ശേഷം സമീപത്തെ കുറുക്കുവഴികളിലൂടെ കോളജിന് സമീപത്തെത്തിയാണ് കല്ലും വടിയുമായാണ് അക്രമികള്‍ അഴിഞ്ഞാടിയത്. യാദൃച്ഛികമായി സംഭവിച്ചതാണെങ്കില്‍ അക്രമത്തിന് മുന്നൊരുക്കങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും മാനേജ്‌മെന്റ് കമ്മറ്റി യോഗം ആരോപിച്ചു. കല്ലും വടിയുമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ചോദ്യപ്പേപ്പര്‍ ചോര്‍ന്ന വാര്‍ത്ത പുറത്തുവന്നയുടനെ കുറ്റാരോപിതനായ ഓഫീസ് ജീവനക്കാരനെ പുറത്താക്കി മാതൃകാപരമായ നിലപാട് സ്വീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ട്. യൂനിപോഴ്‌സിറ്റിയുടെയും പോലീസിന്റെയും ഭാഗത്തുനിന്നുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയും സഹകരിക്കുമെന്ന് പത്രസമ്മേളനം നടത്തി അറിയിക്കുകയും ചെയ്തതുമാണ്. കുറ്റവാളികളെ സംരക്ഷിക്കേണ്ട യാതൊരു ബാധ്യതയും സ്ഥാപനത്തില്ല. പ്രതിയുടെ വ്യക്തിപരമായ സാമ്പത്തിക നേട്ടം മാത്രമാണ് സംഭവത്തിന് പ്രേരകമെന്ന് വ്യക്തമാണ്.
വസ്തുത ഇതായിരിക്കെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുടെ മറവില്‍ സ്ഥാപനം അടിച്ചുതകര്‍ക്കുകയും ക്ലാസില്‍ പഠനം നടത്തിക്കൊണ്ടിരുന്ന വിദ്യാര്‍ഥികളെ ആക്രമിക്കുകയും ചെയ്യുന്നതിലൂടെ എന്ത് വിദ്യാഭ്യാസ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണമെന്ന് വിവിധ ഭാഗങ്ങളില്‍ നിന്നും ആവശ്യമുയരുന്നു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രതിഷേധങ്ങളെ മാനേജ്‌മെന്റ് മാനിക്കുന്നുണ്ട്. എന്നാല്‍, സമരത്തിന്റെ മറവില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും അപലപിക്കുകയും ചെയ്തതോടെ അക്രമികള്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്.
ഈ സംഭവത്തില്‍ സ്ഥാപനത്തിനോ അധികൃതര്‍ക്കോ ഒന്നും മറച്ചുവെക്കാനില്ല. ഒരു വ്യക്തി ചെയ്ത അപരാധത്തിന് വൈര്യനിര്യാതന ബുദ്ധിയോടെ സ്ഥാപനത്തെ തകര്‍ക്കാനിറങ്ങുന്നത് ശരിയല്ല. ഇത്തരം അക്രമങ്ങള്‍ അനേകം കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താനേ ഉപകരിക്കുകയുള്ളൂവെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.