Connect with us

Ongoing News

ഇംഗ്ലണ്ട് v ഉറുഗ്വെ: ആര് പുറത്താകും ?

Published

|

Last Updated

സാവോപോളോ: ഗ്രൂപ്പ് ഡി – ലോകകപ്പിലെ മരണഗ്രൂപ്പ്. ഇന്ന് ആ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് യാത്രചോദിക്കുമോ ? അതോ, ഉറുഗ്വെയോ. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ തോറ്റ ഇംഗ്ലണ്ടിനും ഉറുഗ്വെക്കും ഇന്ന് ജീവന്‍മരണപോരാട്ടമാണ്. ഇറ്റലിയോടാണ് ഇംഗ്ലണ്ട് തോറ്റത്. ഉറുഗ്വെയുടെ സ്ഥിതിയതല്ല. കോസ്റ്ററിക്കക്ക് മുന്നിലാണ് തല കുനിച്ചത്. ചെറിയ മാനക്കേടല്ല, 3-1നാണ് തോറ്റത്. ഇറ്റലിക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിയ ഇംഗ്ലണ്ട് ഷൂട്ട് അറ്റ് സൈറ്റ് തന്ത്രമായിരുന്നു പ്രയോഗിച്ചത്. ബോക്‌സിനുള്ളിലേക്ക് ഇരച്ചുകയറുന്നതിന് പകരം വെടിയുണ്ട പോലുള്ള ഷോട്ടുകളുതിര്‍ക്കുക. വിംഗുകളിലൂടെയുള്ള ക്രോസിംഗുകളിലും ഇംഗ്ലണ്ട് കരുത്തറിയിച്ചു. ഉറുഗ്വെക്കെതിരെ ജയിച്ചു കയറാമെന്ന പ്രതീക്ഷ ഇംഗ്ലണ്ട് കോച്ച് റൊയ് ഹൊഗ്‌സനുണ്ട്.
ടീം കോമ്പിനേഷനെ കുറിച്ചാണ് ഹൊഗ്‌സന്റെ ചിന്ത. വെയിന്‍ റൂണിയെ സെന്‍ട്രല്‍ സ്‌ട്രൈക്കറുടെ റോളില്‍ പരീക്ഷിക്കാന്‍ ഹൊഗ്‌സന്‍ പദ്ധതിയുണ്ട്. ഇറ്റലിക്കെതിരെ വിംഗിലായിരുന്നു റൂണി കളിച്ചത്.
സ്റ്ററിഡ്ജിന് ഗോളൊരുക്കി റൂണി ഒന്ന് മിന്നുകയും ചെയ്തു. പക്ഷേ, വിംഗ് അറ്റാക്കറുടെ റോള്‍ റൂണിക്ക് ഭംഗിയാക്കാന്‍ സാധിച്ചില്ല.
യുവതാരം റഹീം സ്റ്റെര്‍ലിംഗാകട്ടെ വിംഗില്‍ അസാധ്യ മികവിലായിരുന്നു. ബോക്‌സിലേക്ക് പന്തെത്തിക്കാന്‍ സ്റ്റെര്‍ലിംഗിന് പ്രയാസമുണ്ടായില്ല. ഇംഗ്ലണ്ടിനായി 39 ഗോളുകള്‍ നേടിയ റൂണിയെ സ്‌ട്രൈക്കറാക്കിയാല്‍ കൂടുതല്‍ ഗോളുകള്‍ നേടാനാകുമെന്ന് കോച്ച് സ്വപ്‌നം കാണുന്നു.
എന്നാല്‍, ഫോമിലുള്ള ബാര്‍ക്ലെയെ ആദ്യലൈനപ്പിലുള്‍പ്പെടുത്തുന്നതാകും റൂണിയെ ആശ്രയിക്കുന്നതിനേക്കാള്‍ ഭേദമെന്ന് ഫുട്‌ബോള്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പില്‍ ഇതുവരെ ഗോള്‍ നേടാന്‍ റൂണിക്ക് സാധിച്ചില്ലെന്നതും വസ്തുതയാണ്. എന്നാല്‍, ബ്രസീലിന് നെയ്മറും അര്‍ജന്റീനക്ക് മെസിയുമെന്ന പോലെ ഇംഗ്ലണ്ടിന്റെ പ്രധാന താരം റൂണിയാണ്. ഗോള്‍ നേടിയില്ലെന്നതോ, ചില മോശം പ്രകടനങ്ങളോ അയാളുടെ ക്ലാസ് ഇല്ലാതാക്കുന്നില്ല – വൈസ് ക്യാപ്റ്റന്‍ ഫ്രാങ്ക് ലംപാര്‍ഡ് പറഞ്ഞു. റൂണിക്ക് വ്യത്യസ്ത പൊസിഷനുകളില്‍ കളിക്കാനുള്ള മിടുക്കുണ്ട്. എന്നാല്‍, സ്‌ട്രൈക്കിംഗ് പൊസിഷനാണ് റൂണിക്ക് കൂടുതല്‍ യോജ്യം. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസന് കീഴില്‍ റൂണി ഇടത് വിംഗിലും തിളങ്ങിയിട്ടുണ്ട്. – ലംപാര്‍ഡ് വിശദീകരിച്ചു.
കാണികളെയൊന്നും കടത്തിവിടാതെ രഹസ്യകേന്ദ്രത്തിലായിരുന്നു ഇംഗ്ലണ്ട് കഠിന പരിശീലനം നടത്തിയത്. പ്രാദേശിക റിപ്പോര്‍ട്ടര്‍ നല്‍കുന്ന സൂചന പ്രകാരം കോച്ചിനൊപ്പം അവസാനം ഗ്രൗണ്ട് വിട്ട മൂന്ന് പേരില്‍ ഒരാള്‍ റൂണിയായിരുന്നു. ആദ്യ ലൈനപ്പില്‍ റൂണിക്ക് പ്രധാന പങ്കുണ്ടാകുമെന്ന സൂചന.
ഉറുഗ്വെയെ നേരിടുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പെനാല്‍റ്റികള്‍ പരീക്ഷിച്ചു. നോക്കൗട്ട് റൗണ്ടിനിറങ്ങുമ്പോള്‍ നടത്താറുള്ള ഷൂട്ടൗട്ട് പരിശീലനമായിരുന്നു ഇത്. റൂണി, ലംപാര്‍ഡ്, സ്റ്റീവന്‍ ജെറാര്‍ഡ്, റിക്കി ലാംബെര്‍ട്, ലെയ്റ്റന്‍ ബെയിന്‍സ് എന്നിവരാണ് കിക്ക് പരിശീലിച്ചത്. നോക്കൗട്ടിലെത്തുമെന്ന ആത്മവിശ്വാസമല്ലേ ഇത്.
പരുക്ക് ഭേദമാകാത്തതിനാല്‍ ആദ്യ മത്സരത്തില്‍ നിന്ന് വിട്ടു നിന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയി സുവാരസ് ഉറുഗ്വെ നിരയില്‍ തിരിച്ചെത്തുന്നത് ശ്രദ്ധേയം.
എഡിന്‍സന്‍ കവാനിക്കും ഡീഗോ ഫോര്‍ലാനും കോസ്റ്ററിക്കക്കെതിരെ ഉന്നം പിഴച്ചപ്പോള്‍ ഉറുഗ്വെ വന്ന് പതിച്ചത് മരണമുഖത്താണ്. ലിവര്‍പൂളിന്റെ രക്ഷകന്‍ സുവാരസിന് രാജ്യത്തിന്റെ ഹീറോ ആയി മാറാനുള്ള അവസരമാണ് ഇന്ന്.
ലിവര്‍പൂളിലെ സഹതാരം സ്റ്റീവന്‍ ജെറാര്‍ഡുമായി സുവാരസ് മുഖാമുഖം വരുമെന്നതും ഇംഗ്ലണ്ട്-ഉറുഗ്വെ പോരാട്ടത്തിന് ആവേശമാകുന്നു. ഉറുഗ്വെ കോച്ച് ഓസ്‌കര്‍ ടബരെസ് മത്സരത്തെ വിശേഷിപ്പിച്ചത് ഫൈനല്‍ എന്നാണ്.
പ്രഥമ ലോകചാമ്പ്യന്‍മാര്‍ക്ക് വലിയ ചരിത്രമുള്ള മണ്ണാണ് ബ്രസീല്‍. 1950 ല്‍ മാറക്കാന ഫൈനലില്‍ ബ്രസീലിനെ കീഴടക്കി ലോകചാമ്പ്യന്‍മാരായത് ഇന്നും കപ്പ് ചരിത്രത്തിലെ നിര്‍ണായക ഏടാണ്. ഇത്തവണ, ബ്രസീലില്‍ ഉറുഗ്വെയെ കാത്തിരിക്കുന്നത് വസന്തമോ ദുരന്തമോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം.