Connect with us

Ongoing News

പത്മനാഭസ്വാമി ക്ഷേത്രം: സര്‍ക്കാര്‍ നിലപാട് ആഗസ്റ്റ് ആറിനകം

Published

|

Last Updated

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന അടുത്ത ആഗസ്റ്റ് ആറിന് മുമ്പ് സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയെ അറിയിച്ചു.
സുപ്രീം കോടതി അനുവദിക്കുകയാണെങ്കില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം മ്യൂസിയമാക്കി മാറ്റി ലോകത്തെമ്പാടുമുള്ളവര്‍ക്ക് കാണാന്‍ സൗകരമൊരുക്കും. ഇത്രയും വലിയ ഒരു അമൂല്യ ശേഖരം ലോകത്ത് വേറെയെവിടെയുമില്ല. രാജകുടുംബത്തിന് അധികാരവും അവകാശവും ഉള്ള സമയത്ത് ശേഖരിച്ചുവെച്ച ഈ നിധി ശേഖരം രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ ഉദാഹരണമാണ്. അത് അതുപോലെ തന്നെ സംരക്ഷിക്കും. രാജകുടുംബത്തെ ആക്ഷേപിക്കുന്നതില്‍ എല്ലാവരും മിതത്വം പാലിക്കണം. നാടിന്റെ ഈ വലിയ നേട്ടം പ്രയോജനപ്പെടുത്താന്‍ സര്‍ക്കാറിന് ആകുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി കടത്തിയെന്ന ആരോപണത്തെ സംബന്ധിച്ച് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാറിന് അത് ലഭിച്ചിട്ടില്ല. കോടതി വിധി അനുസരിച്ച് നിധി കടത്തുമായി ബന്ധപ്പെട്ട് ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വി എസ് ശിവകുമാര്‍ പറഞ്ഞു.
ക്ഷേത്രവുമായി ബന്ധപ്പെട്ട കേസ് ആരംഭിച്ചത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ്. അന്ന് രാജകുടുംബത്തിന്റെ അധികാരത്തില്‍ ഇടപെടില്ലെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്. പിന്നീട് ഭരണമാറ്റത്തിന് തൊട്ടുമുമ്പ് ക്ഷേത്രഭരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് മാര്‍ത്താണ്ഡവര്‍മ സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങിയത്.
ഗുരുവായൂര്‍, തിരുപ്പതി മാതൃകയില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിന് ഭരണസമിതി രൂപവത്കരിക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ തീരുമാനമെടുത്ത് സുപ്രീം കോടതിയെ അറിയിക്കും. എം എല്‍ എമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.