Connect with us

Ongoing News

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ ഗണ്യമായ കുറവ്‌

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലഭിക്കേണ്ട കാലവര്‍ഷത്തില്‍ ഗണ്യമായ കുറവുണ്ടായതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണ ലഭിക്കേണ്ട മഴയേക്കാള്‍ 27 ശതമാനം കുറവാണ് നിലവില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായാല്‍ മഴയുടെ അളവ് ഇനിയും കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാനത്ത് ജൂണ്‍ ആദ്യ വാരം മുതല്‍ കാലവര്‍ഷം ശക്തി പ്രാപിക്കുെമന്നായിരുന്നു കാലാവസ്ഥാ നീരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ജൂണ്‍ പകുതി പിന്നിടുമ്പോഴും ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് താഴ്ന്നതും മേഘങ്ങളുടെ വ്യാപ്തി കുറഞ്ഞതും കാലവര്‍ഷം ദുര്‍ബലമാകാന്‍ കാരണമായി. സാധാരണ ലഭിക്കേണ്ട 37 സെന്റീമീറ്ററിന് പകരം 27 സെന്റീമീറ്റര്‍ മഴയാണ് ലഭിച്ചത്.
വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മാത്രമാണ് ഭേദപ്പെട്ട മഴയുണ്ടായത്. തിരുവനന്തുരം, കൊല്ലം,ആലപ്പുഴ,പത്തനംതിട്ട, പാലക്കാട്, ഇടുക്കി വയനാട് ജില്ലകളില്‍ മഴ വളരെ കുറഞ്ഞു. മണ്‍സൂണ്‍ ശക്തി പ്രാപിക്കാനുളള ഘടകങ്ങള്‍ അനുകൂലമായി കൊണ്ടിരിക്കുകയാണെന്നും രണ്ട് ദിവസത്തിനുളളില്‍ കാലവര്‍ഷം ശക്തി പ്രാപിക്കുമെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടായാലും ഈ സീസണില്‍ ആകെ ലഭിക്കേണ്ട മഴയുടെ തോതിലും കുറവുണ്ടാകും. ഇത്തവണ 2,040 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. 95 ശതമാനം മഴ ലഭിക്കുമെന്ന് തുടക്കത്തില്‍ കണക്ക് കൂട്ടിയിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ 93 ശതമാനം മഴക്കേ സാധ്യതയുള്ളുവെന്നും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം വിലയിരുത്തി. ഘടകങ്ങള്‍ പ്രതീകൂലമായാല്‍ ലഭിക്കേണ്ട മഴയുടെ അളവ് ഇനിയും കുറയും.
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ കടുത്ത ചൂട്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ കാറ്റിന്റെ ഗതി, തെക്കേ ഇന്ത്യയില്‍ ലഭിച്ച വേനല്‍മഴയുടെ തോത്, ഹിമാലയത്തിലെ മഞ്ഞുവീഴ്ച, പസഫിക്കിലെയും ചൈനാ കടലിലെയും താപതരംഗം എന്നിവയാണ് മണ്‍സൂണിന്റെ വരവും മുന്നോട്ടുള്ള ഗതിയും നിയന്ത്രിക്കുന്നത്. സമുദ്രോപരിതലത്തിലെ താപനില ഉയരുന്നതിനിടയാക്കുന്ന എല്‍നിനോ പ്രതിഭാസമുള്ളതിനാല്‍ ഇത്തവണ മഴ കുറയുമെന്ന ആശങ്ക നേരത്തെ തന്നെ നിലനിന്നിരുന്നു.
ഇന്നലെ ഏറ്റവുമധികം മഴ ലഭിച്ചത് ഇടുക്കി ജില്ലയിലെ പീരുമേട്ടിലാണ്. ആറ് സെന്റിമീറ്ററാണ് ഇവിടെ ലഭിച്ച മഴ. ഒരു സെന്റി മീറ്റര്‍ മഴ രേഖപ്പെടുത്തിയ പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, കാസര്‍കോട്, കൊല്ലം, തൃശൂര്‍ ആലപ്പുഴ കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്. വയനാട് അഞ്ച് സെ. മി, എറണാകുളം നാല് സെ. മി, പത്തനം തിട്ട മൂന്ന് സെ. മി എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രേഖപ്പെടുത്തിയിട്ടുള്ള മഴയുടെ അളവ്.