Connect with us

Ongoing News

കേന്ദ്ര യോഗത്തില്‍ സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ ഉന്നയിക്കും

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരി ഈ മാസം 24 ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു. സ്ഥലമേറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടും എറ്റെടുത്ത സ്ഥലത്തിന് ദേശീയപാത അതോറിറ്റി നിശ്ചയിച്ചിട്ടുളള കുറഞ്ഞ നഷ്ടപരിഹാരം വര്‍ധിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിക്കും.
കേരളത്തെ പ്രതിനിധാനം ചെയ്ത് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും ദേശീയപാത വിഭാഗം ചീഫ് എന്‍ജിനീയറും യോഗത്തില്‍ പങ്കെടുക്കും. പുതിയ കേന്ദ്രസര്‍ക്കാര്‍ ദേശീയപാതവികസനത്തിലെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ യോഗത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ലിമെന്റ് ചേരുമ്പോള്‍ മാത്രമേ കേന്ദ്ര നിലപാട് വ്യക്തമാകു എന്നും ടി വി രാജേഷിന്റെ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. ദേശീയപാത അതോറിറ്റി നിശ്ചിച്ചിരിക്കുന്ന നഷ്ടപരിഹാരത്തുക തുച്ഛമായതിനാലാണ് സ്ഥലമേറ്റെടുക്കുന്നതിന് തടസം നേരിടുന്നത്. സാമാന്യ വിലയേക്കാള്‍ കുറഞ്ഞ നിരക്കാണ് അതോറിറ്റി നല്‍കുന്നത്. ഇത് കാരണം ജനങ്ങള്‍ സ്ഥലം വിട്ടു നല്‍കാന്‍ തയാറാകുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുള്ള ആര്‍ ആന്റ് ആര്‍ പാക്കേജ് നടപ്പാക്കിയാല്‍ മതിയായ നഷ്ടപരിഹാരം നല്‍കാനാകും. ഇതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നു മന്ത്രി പറഞ്ഞു.

Latest