Connect with us

International

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി അബ്ദുല്ല അബ്ദുല്ല

Published

|

Last Updated

കാബൂള്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക കൃത്രിമം നടന്നതായി മത്സരത്തില്‍ ഏറെ മുന്നിട്ട് നില്‍ക്കുന്ന സ്ഥാനാര്‍ഥി അബ്ദുല്ല അബ്ദുല്ല. വോട്ടെടുപ്പിലെ കൃത്രിമം അഫ്ഗാനികളുടെ മൊത്തം അവകാശങ്ങളെ അപമാനിക്കുന്നതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ആത്മവിശ്വാസം നശിപ്പിച്ചതായും കാബൂളില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. സമഗ്ര അന്വേഷണം നടത്തണമെന്നും അന്വേഷണം തീരുന്നത് വരെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നും അബ്ദുല്ല ആവശ്യപ്പെട്ടു.
ലോകബേങ്ക് മുന്‍ സാമ്പത്തികവിദഗ്ധന്‍ അശ്‌റഫ് ഗാനി അഹ്മദ്‌സായ് മുന്നേറുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മറ്റൊരു സ്ഥാനാര്‍ഥിയായ സല്‍മയ് റസൂല്‍, അബ്ദുല്ലക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അബ്ദുല്ലയുടെ ആരോപണങ്ങളോട് ഗാനി പ്രതകരിച്ചിട്ടില്ല. ഉപയോഗിക്കാത്ത ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ കൈമാറിയെന്നതടക്കമുള്ള എല്ലാ ആരോപണങ്ങളും സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു. നേരത്തെയും രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിരുന്നു. ഇക്കാര്യം വിദേശ നിരീക്ഷകരും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം 2558 പരാതികള്‍, ഇലക്‌ടൊറല്‍ കംപ്ലെയ്ന്റ് കമ്മീഷന് ലഭിച്ചിട്ടുണ്ട്. ഇവയില്‍ 991 എണ്ണവും തിരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. ബാലറ്റ് അടക്കമുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ അലംഭാവം ഉണ്ടായിട്ടുണ്ട്. ഇവ സൂക്ഷിക്കുന്നതിന് പകരം പോളിംഗ് ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ലക്ഷക്കണക്കിന് പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. വോട്ടെണ്ണലിന് ആഴ്ചകളെടുക്കും. പ്രാഥമിക ഫലം അടുത്ത മാസം രണ്ടിനും അന്തിമ ഫലം അടുത്ത മാസം 22നുമാണ് പുറത്തുവരിക. ഏപ്രില്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാലാണ് വീണ്ടും വോട്ടെടുപ്പ് നടത്തിയത്. ആദ്യ ഘട്ടത്തില്‍ അബ്ദുല്ല 45 ശതമാനം വോട്ട് നേടിയപ്പോള്‍ ഗാനിക്ക് 31.6 ശതമാനം വോട്ടുകളാണ് ലഭിച്ചത്. എട്ട് പേരായിരുന്നു മൊത്തം സ്ഥാനാര്‍ഥികള്‍. തിരഞ്ഞെടുപ്പിനെതിരെ താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം നൂറ്റമ്പതോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. ഇടക്കിടെയുള്ള ആക്രമണങ്ങള്‍ കാരണം ഭൂരിപക്ഷം പ്രദേശങ്ങളും യുദ്ധക്കളമായതും റോഡുകള്‍ തകര്‍ന്നതും തിരഞ്ഞെടുപ്പിന് വന്‍ വെല്ലുവിളിയായിരുന്നു. ആയിരക്കണക്കിന് കഴുതകളെ ഉപയോഗിച്ചാണ് കുഗ്രാമങ്ങളിലേക്ക് ബാലറ്റ് സാമഗ്രികള്‍ എത്തിച്ചത്.

Latest