Connect with us

International

ഇറാഖില്‍ അമേരിക്കന്‍ ചാരസംഘടനകള്‍ ഇരുട്ടില്‍ തപ്പുന്നു

Published

|

Last Updated

വാഷിംഗ്ടണ്‍: ഇറാഖില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇസില്‍ സായുധ സംഘം ചുവടുറപ്പിക്കുന്നതിനിടെ ഏത് തരം ഇടപെടല്‍ നടത്തണമെന്ന കാര്യത്തില്‍ അമേരിക്കക്ക് ആശയക്കുഴപ്പം. ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍ മാലികിയുടെ അഭ്യര്‍ഥന പ്രകാരം നിരവധി യുദ്ധക്കപ്പലുകളും മറ്റ് സംവിധാനങ്ങളും ഇറാഖിലേക്കയച്ചിട്ടുണ്ടെങ്കിലും പ്രത്യക്ഷ ആക്രമണം എങ്ങനെ, എവിടെ തുടങ്ങണമെന്ന് നിശ്ചയമില്ലായ്മയിലാണ് അമേരിക്കന്‍ നേതൃത്വം.
രഹസ്യാന്വേഷണ രംഗത്താണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. കൃത്യമായ ആക്രമണ ലക്ഷ്യങ്ങള്‍ കണ്ടെത്താനോ ഇസില്‍ തീവ്രവാദികളുടെ നീക്കങ്ങള്‍ സംബന്ധിച്ച് നിഗമനത്തിലെത്താനോ സി ഐ എക്കും മറ്റ് ചാര ഏജന്‍സികള്‍ക്കും സാധിച്ചിട്ടില്ല. രഹസ്യാന്വേഷണ വിടവ് നികത്താന്‍ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡ്രോണ്‍ ആക്രമണം ആരംഭിക്കാനിരുന്നതാണ് യു എസ്. പക്ഷേ കൃത്യമായ ലക്ഷ്യം നിര്‍ണയിക്കാനാകാത്തതിനാല്‍ തത്കാലം ആ ഉദ്യമം ഉപേക്ഷിച്ചിരിക്കുകയാണ്. വ്യോമാക്രമണം ആരംഭിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. എത്രയും വേഗം ആക്രമണം തുടങ്ങാന്‍ ഇറാഖ് സര്‍ക്കാറില്‍ നിന്നും ബ്രിട്ടന്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അമേരിക്കക്ക് മേല്‍ കടുത്ത സമ്മര്‍ദമുണ്ട്. അതുകൊണ്ട് ഉടന്‍ തന്നെ വ്യക്തമായ ഉത്തരവില്‍ പ്രസിഡന്റ് ബരാക് ഒബാമ ഒപ്പ് വെക്കുമെന്നാണ് യു എസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്.
മധ്യപൗരസ്ത്യ ദേശത്ത് മൊത്തത്തില്‍ അമേരിക്കക്ക് ഈ രഹസ്യാന്വേഷണ ബലഹീനതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പക്കല്‍ കൂട്ട നശീകരണ ആയുധമുണ്ടെന്ന തെറ്റായ ഇന്റലിജന്‍സ് വിവരം ഈ ദൗര്‍ബല്യത്തിന്റെ തെളിവായിരുന്നു. സിറിയയില്‍ സി ഐ എ ആവിഷ്‌കരിച്ച പദ്ധതികള്‍ പൊളിഞ്ഞതാണ് ഏറ്റവും പുതിയ ഉദാഹരണം.
275 സൈനികരെ ബഗ്ദാദില്‍ വിന്യസിക്കുമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ അറിയിച്ചിരുന്നു. യു എസ് എംബസിക്ക് സുരക്ഷ നല്‍കുന്നതിനാണ് സൈന്യത്തെ അയക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
സുരക്ഷാ ഭീഷണി തുടരുന്ന കാലം വരെ സൈന്യം ഇറാഖില്‍ തുടരുമെന്നും ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. ഇറാഖ് തീരത്തേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കുന്ന കാര്യവും യു എസ് പരിഗണിക്കുന്നുണ്ട്. ഇറാഖില്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നതുകൊണ്ട് മാത്രം എല്ലാത്തിനും പരിഹാരമാകില്ലെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ജോണ്‍ കെറി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇറാനുമായി ചേര്‍ന്ന് സംയുക്ത സൈനിക നീക്കം നടത്തില്ലെന്നാണ് യു എസ് അറിയിച്ചിട്ടുള്ളത്.

Latest