Connect with us

National

നാല് വയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു

Published

|

Last Updated

ബീജാപൂര്‍: കര്‍ണാടകയിലെ ബിജാപൂര്‍ ജില്ലയില്‍ നാല് വയസുകാരി കുഴല്‍ക്കിണറില്‍ വീണു. ബീജാപൂരിലെ നാഗത്താനയിലാണ് സംഭവം. കൃഷിയിടത്തിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറില്‍ ചൊവ്വാഴ്ച വൈകീട്ടാണ് അക്ഷതയെന്ന നാല് വയസ്സുകാരി വീണതെന്ന് പോലീസ് വ്യക്തമാക്കി. കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് അപകടം. ഈ സമയത്ത് മാതാപിതാക്കള്‍ കൃഷിയിടത്തില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു.
പോലീസിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജീവന്‍ നിലനിര്‍ത്താനായി കുട്ടിക്ക് ഓക്‌സിജന്‍ നല്‍കിയിട്ടുണ്ട്.
അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ കവിത മന്നികേരി, എസ് പി രാം നിവാസ് സെപറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. വൈദ്യുതി പ്രതിസന്ധിയെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതെന്ന് എസ് പി പറഞ്ഞു.
പൂനെയില്‍ നിന്നെത്തിയ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘവും കുട്ടിയെ പുറത്തെത്തിക്കാനായി രംഗത്തുണ്ട്. പത്തോളം ജെ സി ബികളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുട്ടി 30, 35 അടി താഴ്ചയിലേക്ക് പതിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കുഴല്‍ക്കിണറിന് സമീപം മറ്റൊരു കുഴിയെടുക്കുകയാണെന്നും രക്ഷാപ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു. അതേസമയം വലിയ പാറകള്‍ ഉള്ളതിനാല്‍ കുഴിയെടുക്കല്‍ നീളുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. അഗ്നിശമന സേനാംഗങ്ങളും ഡോക്ടര്‍മാരുടെ സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Latest