Connect with us

National

അധോലോക നായകന്‍ ഭീഷണിപ്പെടുത്തിയെന്ന് നെസ് വാഡിയ

Published

|

Last Updated

മുംബൈ: സിനിമാതാരം പ്രീതി സിന്റയെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അധോലോക നായകന്‍ രവി പൂജാരി തനിക്ക് ഭീഷണി സന്ദേശമയച്ചതായി വാഡിയ വ്യവസായ ഗ്രൂപ്പിന്റെ തലവന്‍ നെസ് വാഡിയ മുംബൈ പോലീസിന് പരാതി നല്‍കി.
ദീര്‍ഘകാലം പ്രണയിനികളും ബിസിനസ് പങ്കാളികളുമായിരുന്ന ഇവര്‍ തെറ്റിപ്പിരിഞ്ഞ ശേഷം കടുത്ത ശത്രുതയിലാണ്. തന്നെ മാനഭംഗപ്പെടുത്താന്‍ നെസ് വാഡിയ ശ്രമിച്ചുവെന്ന് പ്രീതി സിന്റ പോലീസില്‍ പരാതിപെട്ടതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധം തീര്‍ത്തും വഷളായത്.
മൊബൈല്‍ ഫോണില്‍ വാഡിയക്ക് ഭീഷണി സന്ദേശം വന്നതായി അദ്ദേഹത്തിന്റെ സെക്രട്ടറിമാരില്‍ ഒരാളാണ് എന്‍ എം ജോഷി മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. അധോലോക നായകന്‍ രവി പൂജാരിയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഭീഷണി സന്ദേശം അയച്ചതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മഹേഷ് പാട്ടീല്‍ പറഞ്ഞു. ഭീഷണിപ്പെടുത്തിയെന്ന പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
പ്രീതി സിന്റയും വാഡിയയും വര്‍ഷങ്ങളോളം കടുത്ത പ്രണയത്തിലായിരുന്നു. തെറ്റിപ്പിരിഞ്ഞ ശേഷവും ഐ പി എല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സംയുക്ത ഉടമകളായി ഇരുവരും തുടര്‍ന്നു. അതിനിടയിലാണ് തന്നെ മാനഭംഗപ്പെടുത്താന്‍ നെസ് വാഡിയ ശ്രമിച്ചുവെന്നും മോശമായ ഭാഷയില്‍ ചീത്തവിളിച്ചുവെന്നുമുള്ള പരാതിയുമായി നടി രംഗത്ത് വന്നത്. മെയ് 30ന് ദക്ഷിണ മുംബൈയിലെ വാന്‍ഖഡെ സ്റ്റേഡിയത്തിനകത്താണ് സംഭവം നടന്നതെന്ന് അവര്‍ പരാതിയില്‍ പറഞ്ഞു. എന്നാല്‍ ഈ ആരോപണങ്ങള്‍ വാഡിയ ശക്തിയായി നിഷേധിച്ചിട്ടുണ്ട്. ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഒരിടത്തും ആരോപിച്ചിട്ടില്ലെന്ന് പ്രീതി സിന്റയും അവരുടെ അഭിഭാഷകനും വ്യക്തമാക്കി.

---- facebook comment plugin here -----

Latest