Connect with us

National

മൂന്ന് വര്‍ഷത്തിനിടെ റിലയന്‍സ് രാജ്യത്ത് 1,80,000 കോടി രൂപയുടെ നിക്ഷേപം നടത്തും

Published

|

Last Updated

മുംബൈ: അടുത്ത മൂന്ന് വര്‍ഷത്തിനിടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍) രാജ്യത്ത് 1,80,000 കോടി രൂപയുടെ നിക്ഷേപം നടത്തും. അടുത്ത വര്‍ഷത്തോടെ രാജ്യത്ത് 4ജി സേവനം ലഭ്യമാക്കാനുള്ള പദ്ധതി കമ്പനി ആവിഷ്‌കരിച്ചതായും ആര്‍ ഐ എല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി വ്യക്തമാക്കി. 40 ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് അംബാനി പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയത്. ‘
ടെലികോം, പെട്രോളിയം, പ്രകൃതി വാതക യൂനിറ്റുകള്‍, ഊര്‍ജ വ്യവസായം, ചില്ലറ വ്യാപാര സ്റ്റോറുകള്‍ തുടങ്ങിയ മേഖലകളിലായിരിക്കും 1,80,000 കോടി രൂപയുടെ നിക്ഷേപം നടത്തുക. വിപണി മൂല്യത്തില്‍ രാജ്യത്തെ മൂന്നാമത്തെ കമ്പനിയാണ് ആര്‍ ഐ എല്‍. അടുത്ത വര്‍ഷം മുതല്‍ റിലയന്‍സ് ജിയോ ബ്രാന്‍ഡ് എന്ന പേരില്‍ 4ജി സേവനം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 70,000 കോടി രൂപയാണ് നിക്ഷേപിച്ചത്. നിലവില്‍ രാജ്യത്ത് 4ജി സേവനം നടത്താന്‍ അനുവാദമുള്ള ഏക കമ്പനിയാണ് ആര്‍ ഐ എല്‍. ഇതിന് മുന്നോടിയായി കുറച്ച് മാസങ്ങള്‍ക്കകം ബ്രോഡ്ബാന്‍ഡ് സര്‍വീസുകള്‍ ആരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലുള്ള 4ജി സേവനം ആഗസ്റ്റ് മാസം ആരംഭിക്കുമെങ്കിലും ഔദ്യോഗികമായി അടുത്ത വര്‍ഷമാകും ഉദ്ഘാടനം ചെയ്യുക. 4ജി വരുന്നതോടെ രാജ്യത്ത് വലിയ തോതില്‍ തൊഴില്‍ സാധ്യതകളും സാമ്പത്തിക വളര്‍ച്ചയും സൃഷ്ടിക്കപ്പെടുമെന്നും മുകേഷ് അംബാനി അവകാശപ്പെട്ടു. 4ജി സേവനം രാജ്യത്തെ 5,000 നഗരങ്ങളിലും രണ്ടേകാല്‍ ലക്ഷം ഗ്രാമങ്ങളിലും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ആദായ നികുതി അടക്കുന്ന കമ്പനി ആര്‍ ഐ എല്ലാണെന്ന് മുകേഷ് അംബാനി അവകാശപ്പെട്ടു. മൂന്ന്, നാല് വര്‍ഷത്തിനിടെ ചില്ലറ വ്യാപാരത്തിലൂടെ ഇരട്ടി നികുതി അടക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ 500 മികച്ച കമ്പനികളില്‍ 150 ാം സ്ഥാനത്താണ് ആര്‍ ഐ എല്‍ ഇപ്പോഴുള്ളതെന്നും ഇത് 50ല്‍ എത്തിക്കുകയാണ് താന്‍ ലക്ഷ്യമിടുന്നതെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest