Connect with us

Editorial

മദ്യനയത്തില്‍ ജനനന്മക്ക് പ്രാമുഖ്യം നല്‍കണം

Published

|

Last Updated

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സര്‍ക്കാറിനെതിരെ വീണ്ടും കോടതിയുടെ രൂക്ഷ വിമര്‍ശം. മദ്യ ഉപഭോഗം കുറക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും അതിന് വിരുദ്ധമായാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്ന് നിരീക്ഷിച്ച കോടതി വിനോദസ ഞ്ചാരികള്‍ക്കെന്ന പേരില്‍ വ്യാപകമായി ബാര്‍ തുറക്കുന്നതിനെ ശക്തമായ ഭാഷയിലാണ് അപലപിച്ചത്. ഉപഭോഗം കുറക്കാനുള്ള തീരുമാനം സമയബന്ധിതമായി നടപ്പാക്കണമെന്നും അതിന് ബാറുകള്‍ക്കൊപ്പം ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണവും കുറക്കണമെന്നും ജസ്റ്റിസുമാരായ ഹാറൂന്‍ റശീദും അനില്‍ കെ നരേന്ദ്രനും അടങ്ങുന്ന സിംഗിള്‍ ബഞ്ച് നിര്‍ദേശിക്കുകയുണ്ടായി.
കോടതി നിരീക്ഷിച്ചതു പോലെ വൈരുധ്യാത്മകമാണ് മദ്യവ്യവസായവുമായി ബന്ധപ്പെട്ട യു ഡി എഫിന്റെ നിലപാടുകള്‍. പുതിയ മദ്യ നയം രൂപപ്പെടുത്താന്‍ ഇതുവരെ സര്‍ക്കാറിനായിട്ടില്ലെങ്കിലും യു ഡി എഫിനെ നയിക്കുന്ന കോണ്‍ഗ്രസും ഘടക കക്ഷികളും മദ്യനിരോധനത്തിന്റെ വക്താക്കളാണെന്നാണ് അവകാശപ്പെടുന്നത്. ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ആദ്യം സുധീരനുമായി ഉടക്കിയെങ്കിലും മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും പിന്നിട് അദ്ദേഹത്തിന്റെ വഴിക്കു വരികയുണ്ടായി. മദ്യനിരോധം നിലവിലുണ്ടായിരുന്ന കേരളത്തില്‍ അതെടുത്തു കളയാന്‍ ഇ എം എസ് സര്‍ക്കാറിനെ സഹായിച്ച മുസ്‌ലിം ലീഗും ഇപ്പോള്‍ സമ്പൂര്‍ണ മദ്യനിരോധത്തിനായി മുറവിളി കൂട്ടുകയാണ്. കേരള കോണ്‍ഗ്രസിന്റെ നിലപാട് വ്യത്യസ്തമല്ലെന്ന് കെ എം മാണിയും വെളിപ്പെടുത്തുന്നു. എങ്കിലും മദ്യവ്യവസായത്തിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വെക്കാനും ബാര്‍ മുതലാളിമാരുടെ അനിഷ്ടം സമ്പാദിക്കാനും പലര്‍ക്കും വിമ്മിഷ്ടം. വിനോദ സഞ്ചാരത്തിന്റെ വളര്‍ച്ചക്ക് ബാര്‍ ഹോട്ടലുകള്‍ നിലനിര്‍ത്തുകയും കൂടുതല്‍ ബാറുകള്‍ക്ക് അനുമതി നല്‍കുകയും വേണമെന്നാണ് ഭരണകക്ഷി നേതാക്കളില്‍ പലരുടെയും നിലപാട്.
കേരളത്തിലെ വിനോദ സഞ്ചാര മേഖല അഭൂതപൂര്‍വമായ വളര്‍ച്ചയിലാണെന്നാണ് സംസ്ഥാന ടൂറിസം ഡയറക്ടര്‍ ഹരി കിഷോര്‍ ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ പത്രലേഖകരുടെ മുമ്പാകെ വെളിപ്പെടുത്തിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കഴിഞ്ഞ സീസനില്‍ വിദേശത്തു നിന്നും രാജ്യത്തിനകത്തു നിന്നുമായി കേരളം സന്ദര്‍ശിച്ച വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. കഴിഞ്ഞ സീസനില്‍ കേരളം സന്ദര്‍ശിച്ച വിദേശ സഞ്ചാരികള്‍ 7.94 ലക്ഷവും ആഭ്യന്തര വിനോദ സഞ്ചാരികള്‍ ഒരു കോടിയിലധികവുമായിരുന്നു. 4548 കോടി രൂപയുടെ വിദേശ വിനിമയ വരുമാനം ഉള്‍പ്പടെ 21,125 കോടി രൂപയുടെ വരുമാനം ഇതുവഴി സംസ്ഥാനത്തിന് ലഭ്യമായെന്നും ടൂറിസം ഡയറക്ടര്‍ പറയുന്നു. മദ്യപാനത്തിനായിരുന്നില്ല ഇത്രയുമേറെ വിനോദസഞ്ചാരികള്‍ കേരളത്തിലെത്തിയത്. പ്രകൃതിയുടെ വൈവിധ്യമാര്‍ന്നതും അതിമനോഹരവുമായ ദൃശ്യങ്ങളാണ് അവരെ സംസ്ഥാനത്തേക്കാകര്‍ഷിച്ചത്. മനോഹരമായ കായലോരങ്ങള്‍, സമുദ്രതീരങ്ങള്‍, സുഗന്ധവിഭവങ്ങള്‍. ജന്തുസസ്യവൈവിധ്യങ്ങള്‍. ഹരിതകാന്തി നിറഞ്ഞ വനങ്ങള്‍, പര്‍വതങ്ങള്‍, താഴ്‌വരകള്‍, മികച്ച കലാരൂപങ്ങള്‍, കേരളത്തിന്റെ പരമ്പരാഗത ചികിത്സാ രീതിയായ ആയുര്‍വേദം തുടങ്ങിയവയാണ് ലോക ടൂറിസം ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനമുറപ്പിച്ചത്. ഈ മേഖലയിലെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയും അതോടൊപ്പം ഗതാഗത സംവിധാനം കുടുതല്‍ വികസിതവും കാര്യക്ഷമവുമാക്കുകയും ചെയ്താല്‍, പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാതെ തന്നെ സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലക്ക് അഭൂതപൂര്‍വമായ വളര്‍ച്ച നേടാനാകും.
ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ മദ്യ നയം സര്‍ക്കാറിന്റെ പരിഗണനയിലാണ്. ഘടക കക്ഷികള്‍ക്കിടയിലും കോണ്‍ഗ്രസിനകത്തെയും ഭിന്നത മൂലമാണ് തീരുമാനം നീണ്ടുപോയത്. ഭരണപരവും ധാര്‍മികവും സാമൂഹികവുമായ വശങ്ങളുള്ള മദ്യ നയത്തില്‍ ഏതിന് മുന്‍ഗണന നല്‍കണമെന്നതിലാണ് അഭിപ്രായാന്തരം. കെ പി സി സി അധ്യക്ഷനും മുസ്‌ലിംലീഗും ധാര്‍മിക വശത്തിന് പ്രാമുഖ്യം നല്‍കണമെന്ന് വാദിക്കുമ്പോള്‍ ഭരണപരവും സാമ്പത്തികവുമായ വശങ്ങള്‍ക്കാണ് മുന്‍ഗണന വേണ്ടതെന്നാണ് എക്‌സൈസ് വകുപ്പിന്റെ നിലപാട്. മദ്യപാനം മൂലം സംഭവിക്കുന്ന കുടുംബ ശൈഥില്യം വാഹനാപകടങ്ങള്‍ തുടങ്ങിയ സാമൂഹിക വിപത്തുകള്‍ വരുത്തിവെക്കുന്ന സാമ്പത്തിക നഷ്ടങ്ങള്‍, മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന വരുമാനത്തിനുമപ്പുറമാണെന്ന വസ്തുത പലരും വിസ്മരിക്കുകയാണ്. താത്കാലിക സാമ്പത്തിക നേട്ടത്തിലാണ് അവരുടെ കണ്ണ്. കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഈ മാസം 30നകം പുതിയ നയം പ്രഖ്യാപിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാര്‍ ഉടമകളുടെ താത്പര്യങ്ങളേക്കാള്‍ സമൂഹത്തിന്റെ നന്മയും ക്ഷേമവും സൈ്വരജീവിതവും പരിഗണിച്ചുകൊണ്ടുള്ള ഒരു നയമാണ് ജനം പ്രതീക്ഷിക്കുന്നത്.