Connect with us

Articles

ഒരു പരാജയവും ഈ പാര്‍ട്ടിയെ ഒന്നും പഠിപ്പിക്കുന്നില്ല

Published

|

Last Updated

പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യയില്‍. പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പരാജയ അവലോകനങ്ങളും നയനിലപാടുകളിലെ മാറ്റങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടുകളും തീരുമാനങ്ങളും വന്നുകഴിഞ്ഞു. ഒട്ടുമിക്ക കക്ഷികളും മാറുമെന്ന് ആണയിട്ടിട്ടുണ്ട്. ചരിത്രപരമായ തോല്‍വി പിണഞ്ഞ പാര്‍ട്ടികളില്‍ നേതൃമാറ്റത്തിന് താഴേ തട്ടില്‍ നിന്നേ മുറവിളിയുയര്‍ന്നെങ്കിലും അങ്ങനെയൊരു “സാഹസ”ത്തിന് ആരും മുതിര്‍ന്നില്ല. മാറും മാറുമെന്ന് വാചാടോപം നടത്തിയവര്‍ പോലും പ്രായോഗിക തലത്തില്‍ യാതൊരു മാറ്റത്തിനും തയ്യാറായിട്ടില്ല. എന്നുമാത്രമല്ല, പ്രാഥമിക മാറ്റം പോലും സംഭവിച്ചില്ല എന്നതാണ് സത്യം.
ചരിത്രപ്രസിദ്ധമായ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസായിരുന്നു അടിമുടി മാറേണ്ടിയിരുന്നത്. പ്രഥമമായി സംഭവിക്കേണ്ടത് നേതൃമാറ്റമായിരുന്നു. യുവ തുര്‍ക്കികളുടെ കടന്നുവരവ് പ്രതീക്ഷിച്ച പാര്‍ട്ടി അനുയായികള്‍ക്കും ജനങ്ങള്‍ക്കും കിട്ടിയത് പതിവ് വാമൊഴി മാത്രം. തോല്‍വിയുടെ കൂട്ടുത്തരവാദിത്വം നേതാക്കള്‍ എല്ലാവരും കൂടി പകുത്തെടുത്തു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇടിച്ചുകയറിയ രാഹുല്‍ ഗാന്ധിയുടെ തലയില്‍ എല്ലാം കെട്ടിവെക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ആദര്‍ശധീരന്‍മാരും ഉച്ചൈസ്തരം പ്രഖ്യാപിച്ചു. ഫലം വന്ന ആഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍, ആഴ്ചകളോളം മാധ്യമങ്ങള്‍ക്ക് ഉഗ്രന്‍ ശാപ്പാടാകുമായിരുന്ന പൊട്ടിത്തെറി മാധ്യമങ്ങള്‍ മാത്രമല്ല മാലോകരും പ്രതീക്ഷിച്ചെങ്കിലും ഫലത്തേക്കാള്‍ വലിയ നിരാശയായിരുന്നു ഫലം. ഫലത്തിന്റെ ആഘാതത്തിന്റെ ആഴം നേതാക്കളുടെ മുഖങ്ങളില്‍ നിന്ന് ഇപ്പോഴും വായിച്ചെടുക്കാമെങ്കിലും പ്രവൃത്തിപഥത്തില്‍ മാറ്റം വരുത്താന്‍ അതൊന്നും പര്യാപ്തമായില്ല. പെട്രോള്‍ വില ഇടക്കിടെ വര്‍ധിപ്പിക്കുന്ന തരത്തിലുള്ള സാധാരണക്കാരെ മറന്നുള്ള തീരുമാനങ്ങളാണ് തിരിച്ചടി ഇത്ര ഗംഭീരമാക്കിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പോലും “നിരീക്ഷിച്ചു”. പൂരം കഴിഞ്ഞ് പടക്കത്തിന് തീ കൊളുത്തിയത് പോലെയായി ഈ അഭിപ്രായം. പെട്രോളിന് മാത്രമല്ല സകലതിനും ഇടക്കിടെ വില കൂട്ടുന്ന കേന്ദ്ര/ സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടിനെതിരെ തത്സമയം അദ്ദേഹം പ്രതികരിച്ചിരുന്നെങ്കില്‍. പക്ഷേ അന്നൊന്നും കാണാത്ത ഉശിരും വീറും എല്ലാം പൊട്ടിയതിന് ശേഷം പ്രകടിപ്പിക്കുന്നത് എല്‍ കെ ജി സംസ്‌കാരമല്ലേ?
ഫലം അനുകൂലമായാല്‍ പ്രധാനമന്ത്രി പദത്തിലേക്കും പരശ്ശതം കേന്ദ്രമന്ത്രി സ്ഥാനങ്ങളിലേക്കും കണ്ണ് വെച്ചിരുന്ന മഹാന്‍മാരും മഹതികളുമൊന്നും തന്നെ ഫലം വന്നപ്പോള്‍ കേന്ദ്ര സര്‍ക്കാറിനെ തിരുത്താനും ഭരണയന്ത്രത്തിന് മാര്‍ഗനിര്‍ദേശകരാകാനുമുള്ള അസുലഭ അവസരം വിനിയോഗിക്കാന്‍ ധൈര്യപ്പെട്ടില്ല. 16-ാം ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനമില്ലെങ്കിലും കോണ്‍ഗ്രസിനെ സഭയില്‍ നയിക്കാന്‍ രാഹുലോ സോണിയയോ“”തല മുതിര്‍ന്ന” നേതാക്കളോ ധൈര്യം കാണിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഫീനിക്‌സ് പക്ഷിയാകുമെന്ന പ്രതീക്ഷയെങ്കിലും ജനങ്ങളില്‍ ജനിപ്പിക്കാമായിരുന്നു. എന്നാല്‍, ഭരിക്കുക എന്ന അദ്ധ്വാനം ഏറെയില്ലാത്ത പണിക്ക് മാത്രമേ അവര്‍ തയ്യാറുള്ളൂ. ഫയലുകള്‍ വായിച്ചു നോക്കുക പോലും ചെയ്യാതെ ഒപ്പിടുകയും ഇടക്കിടെ വാര്‍ത്താ സമ്മേളനം നടത്തുകയും വിദേശ ഭരണകര്‍ത്താക്കള്‍ വരുമ്പോള്‍ മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ചിരിയും ചിരിച്ച് ഷേക്ക് ഹാന്‍ഡ് ചെയ്യുകയും കൂടെക്കൂടെ വിദേശയാത്ര നടത്തുകയും ചെയ്താല്‍ മതിയല്ലോ “ഭരിക്കാന്‍.” എന്നാല്‍, സഭയില്‍ കാതലായ ചര്‍ച്ചകള്‍ നടത്താന്‍, സര്‍ക്കാറിനെ തിരുത്താന്‍, ചാട്ടുളി കണക്കെയുള്ള മറുപടികളും ആശയ സംവാദങ്ങളും നയിക്കാന്‍ അല്‍പ്പം മെനക്കേടുണ്ട്. കഠിനാദ്ധ്വാനം ചെയ്തുള്ള കാതലായ ഗൃഹപാഠം അനിവാര്യമാണ്. അതിന് രാഹുലും സോണിയയും “തലമുതിര്‍ന്ന” നേതാക്കളും സ്വയം സന്നദ്ധരാകാതെ മല്ലികാര്‍ജുന ഖാര്‍ഗെ ലോക്‌സഭയിലും ഗുലാം നബി ആസാദിനെ രാജ്യസഭയിലും കക്ഷിനേതാക്കളാക്കി. നിവര്‍ത്തിപ്പിടിച്ച കൈയില്‍ ചരിത്ര പരാജയം രാജ്യത്തെ ജനങ്ങള്‍ സമ്മാനിച്ചിട്ടു പോലും സ്വയം വിമര്‍ശത്തിനു പാര്‍ട്ടി തയ്യാറായില്ല. പരാജയത്തില്‍ തളരാതെ മുന്നോട്ട് ഗമിക്കാനുമുള്ള ഇച്ഛാശക്തി കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ജനത്തിന് തെറ്റി. അതിന് പകരം പരസ്പരം ചളിവാരിയെറിയുകയും പത്ത് വര്‍ഷം സുപ്രധാന തീരുമാനങ്ങള്‍ പോലും ഇരുമ്പുമറക്കുള്ളില്‍ കിടന്ന് നടപ്പിലാക്കാന്‍ കഴിയാതെ “സഹിച്ച” ഡോ. മന്‍മോഹന്‍ സിംഗിനെ ഭത്സിച്ചും പരാജയമേല്‍പ്പിച്ച ആഘാതം മറച്ചുപിടിക്കാന്‍ പാടുപെടുകയും ചെയ്യുന്ന നേതൃത്വത്തെയാണ് കാണാന്‍ സാധിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നയനിലപാടുകളും പ്രയോഗവത്കരണവും പരാജയത്തിന് വലിയൊരു കാരണമായിട്ടുണ്ട്. എന്നാല്‍, ഡോ. മന്‍മോഹന്‍ സിംഗിന്റെ സ്വന്താഭിപ്രായത്തിലല്ല അവ നടപ്പിലാക്കപ്പെട്ടത്. പലപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഭരണപരമായ കാര്യങ്ങളില്‍ ഇടപെട്ടിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്തെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയാ ബാരുവും കല്‍ക്കരി സെക്രട്ടറി പി സി പരേഖും വെട്ടിത്തുറന്നു പറഞ്ഞിരുന്നു. സോണിയയും കൂട്ടരും എങ്ങനെയാണ് മന്‍മോഹനെ കെട്ടിവരിഞ്ഞതെന്നും ആത്മാഭിമാനം പണയപ്പെടുത്തി തുടരാന്‍ കഴിയാതെ എല്ലാം ഇട്ടെറിഞ്ഞ് “അമേരിക്കക്ക്” പോകാന്‍ മന്‍മോഹന്‍ തുനിഞ്ഞിറങ്ങിയെന്നും പരേഖിന്റെ “ക്രൂശിതനോ ഗൂഢാലോചകനോ?: ഖനന അഴിമതിയും മറ്റ് സത്യങ്ങളും” എന്ന പുസ്തകത്തിലും സഞ്ജയാ ബാരുവിന്റെ “ആകസ്മിക പ്രധാനമന്ത്രി” എന്ന പുസ്തകത്തിലും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
കനത്ത പരാജയത്തില്‍ നിന്ന് അഭൂതപൂര്‍വ കരുത്തോടെ സകലതിനെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് സകല വേദികളിലും നേതാക്കള്‍ സാഭിമാനം പറയുന്നുണ്ടെങ്കിലും അതിനുള്ള പ്രവര്‍ത്തനം താഴേ തട്ടില്‍ നിന്ന് തുടങ്ങാനായിട്ടില്ല. മോദി സര്‍ക്കാറിന്റെ അതിമുതലാളിത്ത ഭരണസംസ്‌കാരത്തില്‍ മനംമടുത്ത് 2019ല്‍, ജനം നിവര്‍ത്തിപ്പിടിച്ച തങ്ങളുടെ കൈയെ തന്നെ തിരഞ്ഞെടുക്കുമെന്ന വ്യാമോഹമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെങ്കില്‍ തെറ്റി. അന്നേക്ക് ഇനിയും പുതു തലമുറാ വോട്ടുകള്‍ കൂടുമെന്നത് ഓര്‍ക്കേണ്ടതുണ്ട്.
129 വര്‍ഷങ്ങള്‍ക്ക് മുമ്പ് അലന്‍ ഒക്‌ടേവിയന്‍ ഹ്യൂമിന്റെ കാര്‍മികത്വത്തില്‍ രൂപവത്കരിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലും രാഷ്ട്ര നിര്‍മാണത്തിലും പ്രോജ്ജ്വല ഏടുകള്‍ രചിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നശിച്ചു മണ്ണടിയരുതെന്ന ആത്മാര്‍ഥ ആഗ്രഹം പേറുന്ന പാര്‍ട്ടിക്കാരല്ലാത്തവര്‍ നിരവധിയുണ്ട്. ഈ പോക്ക് പോയാല്‍ അവര്‍ക്കും ആഗ്രഹം മാറ്റേണ്ടി വരും. ഇനിയുള്ള കാലമെങ്കിലും സഭയില്‍ യഥാവിധി ഹാജരായി ഭരണകര്‍ത്താക്കളുടെ തിരുത്തല്‍ ശക്തിയാകാനുള്ള “ഗട്ട്‌സ്” രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കണം. വിണ്ണില്‍ നിന്ന് മണ്ണിലേക്കിറങ്ങി കാട്ടിക്കൂട്ടലുകള്‍ക്കപ്പുറം ജനങ്ങളുടെ സ്പന്ദനമറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. മഹിളകളുടെ യോഗത്തില്‍ മാത്രം പങ്കെടുത്ത് ഷൈന്‍ ചെയ്താല്‍ പോരാ, (തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ കൂടുതല്‍ സമയം രാഹുല്‍ വിനിയോഗിച്ചത് മഹിളാ കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ പങ്കെടുക്കാനാണ്. അസമില്‍ രാഹുല്‍ ആവേശത്തോടെ കെട്ടിപ്പിടിച്ച് ചുംബിച്ച പ്രാദേശിക മഹിളാ കോണ്‍ഗ്രസ് നേതാവിനെ ഭര്‍ത്താവ് കൊന്നത് ഓര്‍ക്കുക) പ്രത്യുത, എല്ലാവരുടെയും നേതാവാകാനാണ് അദ്ദേഹം ശ്രമിക്കേണ്ടത്. നെഹ്‌റു, ഗാന്ധി കുടുംബത്തെ “പറയിപ്പിക്കുന്ന” ശൈലിയുടെ പൊളിച്ചെഴുത്താണ് ജനം പ്രതീക്ഷിക്കുന്നത്. സാമുദായിക സ്പര്‍ധക്ക് കാരണമാകും വിധമുള്ള ഏകപക്ഷീയ ആരോപണങ്ങളും വാദങ്ങളും അവസാനിപ്പിച്ച് ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ച വെച്ചാല്‍ രക്ഷപ്പെടാം. ഒന്ന് മാത്രം ഓര്‍ക്കുക, പണ്ടത്തെ പോലെയല്ല, ജനം നന്നായി നിരീക്ഷിക്കുന്നുണ്ട്. മികച്ച തിരുത്തല്‍ ശക്തിയാണ് പൊതുജനങ്ങളെന്ന് നേതാക്കള്‍ അറിയുക. ദന്തഗോപുരങ്ങള്‍ അടച്ചുപൂട്ടാന്‍ സമയമായി.

---- facebook comment plugin here -----

Latest