Connect with us

Articles

ഇങ്ങനെ വെട്ടിത്തുറന്നുപറയാന്‍ ഉവൈസിക്കെന്ത് ധൈര്യം?

Published

|

Last Updated

കുറേ ദിവസങ്ങളായി ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു എം പിയുണ്ട്; അസദുദ്ദീന്‍ ഉവൈസി. ഹൈദരാബാദില്‍ നിന്നുള്ള ലോക്‌സഭാംഗം. ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍. 2004 മുതല്‍ ലോക്‌സഭയിലെ സ്ഥിരം സാന്നിധ്യം. കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന ചുരുക്കം ചില എം പി മാരുടെ കൂട്ടത്തില്‍ ഒരാള്‍. 45കാരനായ ഉവൈസി ഉത്തരേന്ത്യയില്‍ ഉന്നത വിദ്യാഭ്യാസം നേടിയ വിരലിലെണ്ണാവുന്ന മുസ്‌ലിംകളുടെ പ്രതിനിധി കൂടിയാണ്. അഭിഭാഷകനും എം പിയുമായ ഉവൈസിയെ സോഷ്യല്‍ മീഡിയകളിലെ ന്യൂ ജനറേഷന്‍ ഏറ്റെടുത്തതിന് പിന്നിലെ പ്രധാന കാരണം അദ്ദേഹം ലോക്‌സഭയില്‍ നടത്തിയ പ്രസംഗമാണ്. ഈ മാസം 11ന് ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രമേയത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയിലാണ് ബി ജെ പിക്കെതിരെ അതിരൂക്ഷ വിമര്‍ശങ്ങളുയര്‍ത്തി മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ വരികള്‍ ഉദ്ധരിച്ച് പ്രസംഗം തുടങ്ങിയ ഉവൈസി ഗാന്ധി വധത്തിന് പുറമെ ബാബരി മസ്ജിദ് തകര്‍ത്തതിനും ഗോധ്ര കലാപത്തിനും അടക്കം ഉത്തരവാദികളായവരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് വിളിച്ചു പറഞ്ഞു.
“””ഇന്ത്യയുടെ ചരിത്രത്തില്‍ ഇതൊന്നും നമുക്ക് മറക്കാനാകില്ല. ഗാന്ധി വധത്തിനും സിഖ് കലാപത്തിനും ബാബരി മസ്ജിദ് ധ്വംസനത്തിനും ഗുജറാത്ത് കലാപത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മാപ്പ് നല്‍കാന്‍ നമുക്കാകില്ല….”” ഉവൈസിയുടെ പ്രസംഗം പതിവുപോലെ ബി ജെ പി, ശിവസേനാംഗങ്ങളെ രോഷാകുലരാക്കി. അവര്‍ സഭയില്‍ ബഹളം വെച്ചു. ഉവൈസി പ്രസംഗം നിര്‍ത്തിയില്ല. തുടര്‍ന്ന് പറഞ്ഞു: “”ഭാരത്‌രത്‌നയും വീരചക്രയും നാഥുറാം വിനായക് ഗോഡ്‌സെക്ക് നല്‍കുന്ന കാലം അതിവിദൂരമല്ലെന്ന് ഞാന്‍ കരുതുന്നു.”” രോഷാകുലരായ ഭരണകക്ഷി എം പിമാരുടെ പ്രതിഷേധം കണക്കിലെടുക്കാതെ ഉവൈസി വീണ്ടും ആഞ്ഞടിച്ചു: “”നിങ്ങള്‍ സംസാരിച്ചപ്പോള്‍ ഞാന്‍ മിണ്ടാതിരുന്നു. നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ ഞാന്‍ ഇരിക്കാം. അല്ലാതെ നിങ്ങള്‍ എന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട, നിങ്ങള്‍ നിങ്ങളുടെ സഹോദരങ്ങളെ പഠിപ്പിക്കൂ..അവരെ നിങ്ങള്‍ നിയന്ത്രിക്കൂ…എന്നോട് വിയോജിക്കാനും യോജിക്കാനും നിങ്ങള്‍ക്ക് അവകാശമുണ്ട്. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സഭാ അധ്യക്ഷനോട് പറയൂ… ഈ അവസരത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. ഇന്ത്യയില്‍ മുസ്‌ലിം വോട്ട് ബേങ്ക് എന്നത് ഒരു മിഥ്യയാണെന്ന് തെളിയിച്ചതിന്. നിങ്ങള്‍ നിങ്ങളുടെ താത്പര്യത്തിനനുസൃതമായി ഹിന്ദു വോട്ട് ബേങ്ക് സൃഷ്ടിച്ചാണ് അധികാരത്തിലേറിയത്. നിങ്ങളുടെ വിജയം നാശനഷ്ടങ്ങളുടെ വിജയമാണ്. നാമമാത്രമായ മുസ്‌ലിം എം പിമാരാണ് ബി ജെ പിക്കടക്കം ഇപ്പോള്‍ സഭയിലുള്ളത്. നിങ്ങള്‍ കൊട്ടിഘോഷിക്കുന്ന ബഹുത്വവും വൈവിധ്യവും എവിടെയാണ്? ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനനല്‍കുമെന്നാണ്് പ്രധാനമന്ത്രി പറഞ്ഞത്. എങ്ങനെ നിങ്ങള്‍ക്ക് അത് നല്‍കാനാകും? നിങ്ങളുടെ മന്ത്രി ആദ്യ ദിവസം തന്നെ പറഞ്ഞു മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ലെന്ന്. ന്യൂനപക്ഷ വിഭാഗങ്ങളെ കുറിച്ച് ഭരണഘടനയുടെ 29, 30 ആര്‍ട്ടിക്കിള്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി മറുപടി പറയാന്‍ എഴുന്നേല്‍ക്കുമ്പോള്‍ രാജ്യത്തെ മുസ്്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ചെയ്യാനുദ്ദേശിക്കുന്നതെന്താണെന്ന്് കൂടി പറയണം. എന്റെ മണ്ഡലത്തിലെ ഒരാള്‍ ഏഴ് വര്‍ഷമായി അകാരണമായി സബര്‍മതി ജയിലില്‍ കഴിയുകയാണ്. ആര് ഉത്തരവാദം പറയും അയാളുടെ ജയില്‍വാസത്തിന്? ആര് തിരിച്ചു നല്‍കും അയാളുടെ ജീവിതത്തിലെ ഏഴ് വര്‍ഷങ്ങള്‍.. ഈ രാജ്യത്തിന്റെ അടിസ്ഥാനം തന്നെ നാനാത്വത്തില്‍ ഏകത്വം ആണെന്ന് മറക്കരുത്””- ഉവൈസി പറഞ്ഞു.
എതിര്‍പ്പുകള്‍ക്കിടയില്‍ വാക്കുകള്‍ വൈകാരികതയിലേക്ക് നീങ്ങിയെങ്കിലും ഉവൈസി നിര്‍ത്തിയില്ല… “ഞാന്‍ ഇഹ്‌സാന്‍ ജാഫ്രിയുടെ മകനായാണ് നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഇശ്‌റത്ത് ജഹാന്റെ സഹോദരനായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. സ്വാദിഖിന്റെ അങ്കിളായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഇരകളായ ശബ്ദമില്ലാത്തവരുടെ ശബ്ദമായാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നു”- ഉവൈസി പറഞ്ഞു നിര്‍ത്തിയപ്പോള്‍ അനൂകൂലിച്ചവരും പ്രതികൂലിച്ചവരും അറിഞ്ഞോ അറിയാതെയോ കൈയടിച്ചു.
16-ാം ലോക്‌സഭയില്‍ ഉവൈസി നടത്തിയ ഏഴ് മിനിറ്റ് അമ്പത് സെക്കന്‍ഡ് പ്രസംഗം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത് നിമിഷ നേരം കൊണ്ടാണ് ലക്ഷങ്ങള്‍ കാഴ്ചക്കാരായി മാറിയതും പതിനായിരങ്ങള്‍ ഷെയര്‍ ചെയ്തതും. ഇപ്പോഴും അത് തുടരുന്നു. ഏത് കാര്യത്തിലുമെന്ന പോലെ ഉവൈസിയുടെ പ്രസംഗ വിഷയത്തിലുമുണ്ട് രണ്ട് വിഭാഗം. ഒന്ന് പ്രസംഗത്തെ അനുകൂലിക്കുന്നവരും മറ്റൊന്ന് എതിര്‍ക്കുന്നവരും. സംഗതി എന്തുമായിക്കൊള്ളട്ടെ. അസദുദ്ദീന്‍ ഉവൈസി പറഞ്ഞതില്‍ കാര്യമുണ്ടോ ഇല്ലയോ എന്നതായിരിക്കണം നമ്മുടെ ചര്‍ച്ച. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്ത് ലോക്‌സഭയില്‍ നടത്തിയ സമാനമായൊരു പ്രസംഗം കൂടി നമ്മള്‍ ചേര്‍ത്ത് വായിക്കേണ്ടതുണ്ടിവിടെ.
മുസ്‌ലിം ചെറുപ്പക്കാര്‍ അകാരണമായി ജയിലടക്കപ്പെടുന്നതായിരുന്നു വിഷയം. 2008 ലായിരുന്നു അത്. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും “ഹറാസ്” ചെയ്യുന്നത് അനുവദിക്കാനാകില്ലെന്ന് പറഞ്ഞ ഉവൈസി അന്ന് യു പി എ സര്‍ക്കാരിനെ ശക്തമായ ഭാഷയിലാണ് വിമര്‍ശിച്ചത്. “ഹൈദരാബാദിലെ ഒരു ബോംബ് സ്‌ഫോടനം നടന്ന് പത്ത് പതിനഞ്ച് മിനിറ്റുകള്‍ക്കകം ഒരു തെളിവുകളുമില്ലാതെ അന്വേഷണ ഏജന്‍സികളും രാജ്യത്തെ മാധ്യമങ്ങളും പറയുന്നു; സംഭവത്തിന്റെ ഉത്തരവാദികള്‍ മുസ്‌ലിംകളാണെന്ന്. എവിടെയൊരു സ്‌ഫോടനം നടന്നാലും അതിന്റെയൊക്കെ പിന്നില്‍ മുസ്‌ലിംകളാണെന്ന പ്രചാരണം ശക്തമാണ്.ആരാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്? ഇവിടെ ഇന്നൊരു സര്‍ക്കാറില്ലേ? മന്‍മോഹന്‍ സിംഗിന്റെ മതേതര സര്‍ക്കാര്‍..! യു പി എ സര്‍ക്കാര്‍. ഇന്ന് നിങ്ങളുടെ കൈകളിലാണ് അധികാരം.. നാളെ ആര് ഭരണത്തില്‍ വരുമെന്നതല്ല കാര്യം. മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങള്‍ ഭീകരവാദത്തിന്റെ ഉത്പാദന കേന്ദ്രങ്ങളായി ചിത്രീകരിക്കാനുള്ള അജന്‍ഡയാണ് രാജ്യത്ത് നടക്കുന്നത്. നിങ്ങള്‍ രാജ്യത്തിന്റെ സുരക്ഷ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബജ്‌റംഗദളിന്റെ താത്പര്യത്തിനനുസരിച്ചല്ല ഐ ബിയെയും മറ്റുള്ള സുരക്ഷാ ഏജന്‍സികളെയും പ്രവര്‍ത്തിപ്പിക്കേണ്ടത്. രാത്രി ഒന്‍പത് മണിയാകുമ്പോള്‍ ചാനലുകള്‍ തുറന്നു വെച്ച് ചര്‍ച്ചയാണ് രാജ്യത്ത് നടക്കുന്ന ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെല്ലാം മുസ്‌ലിംകളാണെന്ന്. മുസ്‌ലിം ചെറുപ്പക്കാരെ തിരഞ്ഞ് പിടിച്ച് ജയിലിലടക്കുകയാണ്. ഈ പ്രധാനമന്ത്രിയും സര്‍ക്കാറും ഇതിനെതിരെ മിണ്ടാതിരുന്നാല്‍ വലിയ വിലയായിരിക്കും നമ്മള്‍ നല്‍കേണ്ടിവരിക. കേന്ദ്ര ഏജന്‍സികള്‍ മതേതരമൂല്യങ്ങളോടെ പ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണം. രാജ്യത്ത് വിഘടനവാദം വര്‍ധിക്കാന്‍ നമ്മള്‍ അനുവദിച്ചുക്കൂടാ..ഈ പ്രധാനമന്ത്രിയും ഈ സര്‍ക്കാറും ഇതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ പിന്നെ ആര് നടപടിയെടുക്കും?…” ഇങ്ങനെ നീളുന്നു ഉവൈസി അന്ന് നടത്തിയ പ്രസംഗം.
ഒരു പക്ഷേ ഉവൈസി പറഞ്ഞ വാക്കുകള്‍ അല്‍പ്പമെങ്കിലും യു പി എ സര്‍ക്കാര്‍ ചെവിക്കൊണ്ടിരുന്നെങ്കില്‍ ഇന്ന് അന്തസ്സായി പ്രതിപക്ഷസ്ഥാനത്തെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കിരിക്കാന്‍ കഴിയുമായിരുന്നു. എന്തായാലും ഉപമയും ആലങ്കാരികതയും വാക്കുകളുടെ ഒഴുക്കും കണ്ടപ്പോള്‍ മറ്റൊരു മഅ്ദനിയെയാണ് ഓര്‍മ വന്നത്. എന്നാല്‍ മഅ്ദനിയില്‍ നിന്ന് ഉവൈസിയെ വ്യത്യസ്തനാക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വെറുതെ വൈകാരികതയില്‍ ആവേശം കൊള്ളുന്ന ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ടുള്ള കവല പ്രസംഗമായിരുന്നില്ല ഉവൈസി നടത്തിയത്. ജനവിധി നേരിട്ട് ജനാധിപത്യത്തിന്റെ അകത്തളമെന്ന് വിശേഷിപ്പിക്കുന്ന പാര്‍ലിമെന്റിനകത്ത് ചെന്നു നിന്ന് ചങ്കൂറ്റത്തോടെയാണ് ഉവൈസി കാര്യങ്ങള്‍ വിളിച്ചു പറഞ്ഞത്. ഇംഗ്ലീഷും ഹിന്ദിയും ഉറുദുവുമൊക്കെ കലര്‍ത്തിയുള്ള ഉവൈസിയുടെ പാര്‍ലിമെന്റിലെ കഴിഞ്ഞ കാല പ്രസംഗങ്ങളെല്ലാം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയതു പോലെ ഈ പ്രസംഗവും ശ്രദ്ധിക്കപ്പെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. വൈകാരികതയുടെ അതിപ്രസരം നിറഞ്ഞു നില്‍ക്കുണ്ടെങ്കിലും നമ്മുടെ നാട്ടില്‍ നിന്നും നാം തിരഞ്ഞെടുത്ത് വിടുന്ന നമ്മുടെ എം പിമാരേക്കാള്‍ മികച്ചതാണ് ഉവൈസിയുടെ പ്രസംഗമെന്ന്് പറയാതിരിക്കാന്‍ തരമില്ല.
സത്യങ്ങള്‍ വിളിച്ചു പറയുമ്പോള്‍ മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന ചിന്ത ഉവൈസിക്ക് വിലങ്ങുതടിയായില്ലെന്നു വേണം കരുതാന്‍. തൊപ്പിയും താടിയും വെച്ച് ലോക്‌സഭയിലേക്ക് കടന്നുവന്ന് കാര്യങ്ങള്‍ വിളിച്ചു പറയുന്നതില്‍ ഉവൈസിക്ക് ഒട്ടും സങ്കോചമില്ല. പലരും സീറ്റിനു വേണ്ടിയും വോട്ടിനു വേണ്ടിയും സമുദായത്തിന്റെ ലേബലുപയോഗിക്കുകയും പാര്‍ലിമെന്റിന്റെ പടി കടന്നാല്‍ “സമുദായമോ, അതെന്തുവാ” എന്ന മട്ടില്‍ പെരുമാറുന്ന ഈ കാലഘട്ടത്തില്‍ അസദുദ്ദീന്‍ ഉവൈസി അതിനൊരപവാദമാണ്.
ഇങ്ങനെ നോക്കുമ്പോള്‍ നമുക്ക് മുന്നില്‍ അസദുദ്ദീന്‍ ഉവൈസിയെപ്പോലൊരു ചെറുപ്പക്കാരന്‍ അത്ഭുതമായിരിക്കാം. ജനപ്രതിനിധികള്‍ പോയി സമുദായത്തിന് വേണ്ടി വാദിക്കണമെന്നല്ല ഈ പറഞ്ഞതിന്റെ അര്‍ഥം. അങ്ങനെ വാദിക്കുന്നത് ഒട്ടു ശരിയായ കാര്യവുമല്ല. എങ്കിലും മറ്റുള്ളവര്‍ നമ്മുടെ കാല്‍ച്ചുവട്ടിലെ മണ്ണ് വലിച്ച് മാറ്റാന്‍ തക്കം പാര്‍ത്തിരിക്കുമ്പോള്‍ അര്‍ഹമായതെങ്കിലും നേടിക്കൊടുക്കാന്‍, അതല്ലെങ്കില്‍ നിലവിലുള്ളത് സംരക്ഷിക്കാന്‍ വേണ്ടിയെങ്കിലും ശബ്ദിക്കാന്‍ കഴിയുന്നവരാകണം സമുദായത്തന്റെ അക്കൗണ്ടില്‍ ഡല്‍ഹിയിലേക്ക് വണ്ടികയറുന്നത്. അതല്ലെങ്കില്‍ തങ്ങളെ കൊണ്ട് അവിടെ പോയിരുന്നു ചായ കുടിച്ച് അടുത്ത ചായ വരുന്നത് വരെ ശീതീകരിച്ച മുറിയില്‍ കിടന്ന് ഉറങ്ങാന്‍ മാത്രമേ കഴിയൂവെന്ന് തുറന്നു പറയാന്‍ കഴിയുന്നവരെങ്കിലുമാകണം. അല്ലാതെ എല്ലാം “നമ്മ ചെയ്തു” വെന്ന് പറയുകയും അവശ്യസമയങ്ങളില്‍ വായ തുറക്കാതിരിക്കുകയും ചെയ്യുന്നവരാകരുത് ജനപ്രതിനിധികള്‍. ഉവൈസി എല്ലാം തികഞ്ഞൊരാളാണെന്നും മറ്റുള്ളവര്‍ ഒന്നിനും കൊള്ളാത്തവരാണെന്നും അര്‍ഥമില്ല. നാളെ അസദുദ്ദീന്‍ ഉവൈസിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച് തെരുവിവിലിറങ്ങണമെന്നോ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എന്ന പേരില്‍ മറ്റൊരുപാര്‍ട്ടിക്ക് കൂടി ജന്മം നല്‍കി സമുദായപാര്‍ട്ടികളുടെ എണ്ണം കൂട്ടി തമ്മിലടിക്കണമെന്നോ അല്ല ഈ പറഞ്ഞതിന്റെയൊക്കെ അര്‍ഥം. ഇവിടെ നിന്നും എം പിയായി പോകുന്നവര്‍, ഇതൊക്കെ സഭയില്‍ നടക്കുന്നുണ്ടെന്ന് നാട്ടില്‍ അറിയുന്നുണ്ടെന്ന കാര്യം മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് നല്ലത്. വാര്‍ത്താ മാധ്യമങ്ങള്‍ മറച്ചുവെക്കുന്ന ന്യൂനപക്ഷ അവകാശങ്ങള്‍ക്കായുള്ള ശബ്ദങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സോഷ്യല്‍ മീഡിയകളുണ്ടെന്നത് വകഭേദങ്ങളും ജാതിഭേദങ്ങളും നോക്കി വാര്‍ത്ത നല്‍കുന്ന മാധ്യമങ്ങളും തിരിച്ചറിയേണ്ട കാലമാണിത്. എന്നാല്‍ സ്വാതന്ത്ര്യം കിട്ടി ആറ് പതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തിന്റെ മണ്ണില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ വകവെച്ച് നല്‍കണമെന്നും അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അസദുദ്ദീന്‍ ഉവൈസിയെ പോലുള്ളവര്‍ വായിട്ടലച്ച് വാദിക്കേണ്ടിവരുന്നത് നാണക്കേടാണെന്ന മറുവശം ചിന്തിക്കുന്നവര്‍ക്ക് ആലോചിക്കാവുന്നതാണ്. അതേസമയം തന്നെ, മൃഗീയ ഭൂരിപക്ഷത്തില്‍ ഭരണം നടത്താന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുമ്പോള്‍ ഉവൈസിയെപ്പോലുള്ളവര്‍ അനീതിക്കെതിരെ ശബ്ദിക്കാന്‍ പാര്‍ലെമെന്റിലുള്ളതില്‍ മതേതരമൂല്യങ്ങള്‍ രാജ്യത്ത് നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്ന നമുക്കാശ്വസിക്കാം. ഉവൈസിയുടെ പ്രസംഗം കേട്ട് ചോര ചൂടാക്കാതെ വികാരത്തേക്കാള്‍ വിവേകത്തിന് വില കല്‍പ്പിക്കുന്ന, കാര്യങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങളാവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു പുതുതലമുറ നമുക്ക് മുന്നില്‍ വളര്‍ന്നു വരേണ്ടതും കാലത്തിന്റെ അനിവാര്യതയാണ്.
~

Latest