Connect with us

Gulf

റമസാന്‍: പഴം, പച്ചക്കറി, മത്സ്യ വിപണിയില്‍ വില വര്‍ധന

Published

|

Last Updated

അബുദാബി: റമസാന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പഴം, പച്ചക്കറി, മത്സ്യ വിപണികളില്‍ വന്‍ വില വര്‍ധന. ചൂട് ശക്തമായതും ഇന്ത്യ-ഒമാന്‍ രാജ്യങ്ങളില്‍ ട്രോളിംഗ് തുടങ്ങിയതുമാണ് മത്സ്യത്തിന്റെ വില ഉയരുവാന്‍ പ്രധാന കാരണം. രാജ്യത്ത് പകല്‍ 50 ഡിഗ്രിയോളം ചൂട് രേഖപ്പെടുത്തിയിട്ടുള്ളതും മത്സ്യലഭ്യത കുറച്ചിട്ടുണ്ട്. ചൂട് ശക്തമായതിന് ശേഷം യു എ ഇ തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്നത് വളരെ കുറഞ്ഞതും വില വര്‍ധനവിന് കാരണമാണ്.

കഴിഞ്ഞ ആഴ്ച 25 ദിര്‍ഹം വിലയുണ്ടായിരുന്ന ശേരിക്ക് 40 ദിര്‍ഹമാണ് ഇപ്പോള്‍ വിപണി വില. അമൂറിന് 45-60, അയക്കൂറ 40, സ്രാവ് 25, മാലാന്‍ 35 എന്നിങ്ങനെയാണ് പുതിയ വില നിലവാരം. ഏറ്റവും വില കൂടിയത് ലൈസര്‍ മത്സ്യത്തിനാണ്. കിലോക്ക് അഞ്ച് ദിര്‍ഹമുണ്ടായത് 20 ദിര്‍ഹമായാണ് ഉയര്‍ന്നത്. ചെമ്മീന്‍ 75 മുതല്‍ 100 ദിര്‍ഹംവരെയാണ് വില. രണ്ട് ദിര്‍ഹമുണ്ടായിരുന്ന മത്തിക്ക് എട്ട് ദിര്‍ഹമും അയലക്ക് 15 ദിര്‍ഹമുമാണ് വില. വരും ദിവസങ്ങളിലും മത്സ്യങ്ങള്‍ക്ക് വില കൂടുവാനാണ് സാധ്യതയെന്ന് അബുദാബി മിന മത്സ്യമാര്‍ക്കറ്റില്‍ മത്സ്യവില്‍പന നടത്തുന്ന വടകര സ്വദേശി ഫൈസല്‍ പറഞ്ഞു.
മാംസ്യത്തിനും വില കൂടുകയാണെന്ന് മാംസ വ്യാപാരികളും വ്യക്തമാക്കുന്നു. ഇന്ത്യന്‍ ബീഫ്, ഇന്ത്യന്‍ കോലാട് എന്നിവയ്ക്കാണ് വില ഉയര്‍ന്നത്. വിലകൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ മാംസങ്ങള്‍ ലഭ്യമല്ലാതായിട്ടുണ്ട്.
പഴം-പച്ചക്കറികള്‍ക്കും വില കൂടിയിട്ടുണ്ട്. പൈനാപ്പിളിന് കിലോക്ക് ഒമ്പത് ദിര്‍ഹമാണ് വില. ഉറുമാന്‍ പഴത്തിന് 16.50, സബര്‍ജല്‍ ഒമ്പത്, കിവി ആറ്, പഴം 4.50, തണ്ണിമത്തന്‍ കിലോക്ക് ഇപ്പോള്‍ രണ്ട് ദിര്‍ഹമാണെങ്കിലും റമസാന്‍ തുടങ്ങിയാല്‍ പത്ത് ദിര്‍ഹം വരെ വില ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു. ഓറഞ്ചിന് ഏഴ് ദിര്‍ഹമും പഴത്തിന് അഞ്ച് ദിര്‍ഹമുമാണ് ചില്ലറ വിപണിയില്‍ വില.
വില വര്‍ധനവിനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 5,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക. വ്യാപകമായ പരിശോധനയും റെയ്ഡും ഉണ്ടാകുമെന്നും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഏതാനും മൊത്ത-ചെറുകിട വ്യാപാരികളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
പൂഴ്ത്തിവെപ്പും കരിഞ്ചന്തയും ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ മന്ത്രാലയത്തെ വിവരം അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

 

Latest