Connect with us

Gulf

അജ്മാന്‍ പോലീസ് 6,286 മയക്കു മരുന്നു ഗുളികകള്‍ പിടികൂടി

Published

|

Last Updated

അജ്മാന്‍: 6,286 മയക്കുമരുന്നു ഗുളികകള്‍ പിടികൂടിയതായി അജ്മാന്‍ പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്നു പിടികൂടിയത്. അജ്മാനില്‍ വിതരണം ചെയ്യാനായി ആറംഗ അറബ് സംഘമാണ് മയക്കുമരുന്ന് എത്തിച്ചത്. സംഭവത്തില്‍ സംശയിക്കുന്ന ആളുടെ വീട്ടിലും കാറിലും നടത്തിയ തിരച്ചെലിലാണ് ട്രമഡോള്‍ ഉള്‍പ്പെടെയുള്ള മയക്കുമരുന്നു ഗുളികകള്‍ കണ്ടെടുത്തത്.
പ്രതികള്‍ മയക്കുമരുന്നു കടത്താന്‍ ശ്രമിച്ചതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറിയിരിക്കയാണ്. രാജ്യത്തെ വിവിധ എമിറേറ്റുകളിലെ പോലീസ് വിഭാഗങ്ങളുടെ സഹകരണമാണ് മയക്കുമരുന്നു പിടികൂടുന്നതില്‍ നിര്‍ണായകമായതെന്ന് അജ്മാന്‍ പോലീസ് മയക്കുമരുന്നു വിരുദ്ധ വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് ഹുമൈദ് ജാസിം അല്‍ ഹൊസ്‌നി വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. മയക്കുമരുന്നു സംഘങ്ങള്‍ കൗമാരക്കാരെയാണ് ലക്ഷ്യമിടുന്നതെന്നും ഇത് രാജ്യത്തിന് വന്‍ഭീഷണിയാണ്. സംശയിക്കുന്ന വിധത്തിലുള്ള എന്ത് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും പോലീസിനെ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു.