Connect with us

Kerala

മക്കള്‍ കൊന്നുതള്ളിയ പിതാവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തി

Published

|

Last Updated

കോഴിക്കോട്: സ്വത്തും പണവും കൈകാര്യം ചെയ്യാന്‍ സമ്മതിക്കാത്ത വിദ്വേഷത്തില്‍ മക്കള്‍ കൊന്ന് കനാലില്‍ തള്ളിയ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കുവൈത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തുന്ന താമരശ്ശേരി കോരങ്ങാട് എരഞ്ഞോണ അബ്ദുല്‍ കരീമിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ക്രൈം ബ്രാഞ്ച് സി ഐ. പി ആര്‍ സതീശന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. കര്‍ണാടക ചാമരാജ്‌നഗര്‍ ജില്ലയിലെ ഹൊമ്മഗാലറി കനാലില്‍ നിന്നാണ് കരീമിന്റെ കഴുത്തിന് താഴെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്.
കനാലില്‍ കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയറും ഇവടെ നിന്ന് ലഭിച്ചു. മക്കള്‍ കൊണ്ടുതള്ളിയ സ്ഥലത്ത് നിന്ന് 67 കിലോമീറ്റര്‍ അകലെ മീന്‍പിടിക്കാന്‍ ഉപയോഗിക്കുന്ന വലയില്‍ കുരുങ്ങി തല വേറിട്ട നിലയിലായിരുന്നു മൃതദേഹം. പ്രതികളായ മക്കള്‍ മിദ്‌ലാജും ഫിര്‍ദൗസും മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കും.
ക്രൈം ബ്രാഞ്ച് സി ഐ. പി ആര്‍ സതീശന്‍, എസ് ഐ. എ വി വിജയന്‍, എ എസ് ഐമാരായ രാജീവ്, ബാബുരാജ്, കുമാരന്‍കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, സത്യന്‍, വിനോദ്, മൈസൂര്‍ പോലീസിലെ എ എസ് ഐ എന്നിവരടങ്ങിയ സംഘം കഴിഞ്ഞ അഞ്ച് ദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കരീമിന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മിദ്‌ലാജിനെയും ഫിര്‍ദൗസിനെയും കൂട്ടി ക്രൈം ബ്രാഞ്ച് സംഘം മൈസൂര്‍ക്ക് തിരിച്ചത്. പ്രതികള്‍ മൃതദേഹം നിക്ഷേപിച്ച കനാലില്‍ നൂറ് കിലോമീറ്ററോളം ഭാഗത്താണ് തിരച്ചില്‍ നടന്നത്.
കരീമിനെ കാണാനില്ലെന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനാണ് താമരശ്ശേരി പോലീസില്‍ മൂത്ത മകന്‍ മിദ്‌ലാജ് പരാതി നല്‍കിയത്. ലോക്ക ല്‍ പോലീസ് അന്വേഷിച്ച കേസില്‍ തുമ്പൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രില്‍ 26ന് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറിയത്. കരീമിന്റെ മാതാവും സഹോദരങ്ങളും സംഭവത്തില്‍ ദുരൂഹതയുള്ളതായി പരാതി നല്‍കിയിരുന്നു.
താമരശ്ശേരി പോലീസ് രേഖപ്പെടുത്തിയിരുന്ന മിദ്‌ലാജിന്റെയും ഫിര്‍ദൗസിന്റെയും മൊഴികളില്‍ പ്രകടമായ പൊരുത്തക്കേടുകളാണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി. എസ് മുരളീധരനിലും സംഘത്തിലും ഇവരെക്കുറിച്ച് സംശയം ജനിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കരീം ശ്രീലങ്കന്‍ സ്വദേശിനിയെ വിവാഹം ചെയ്തതിലും സ്വത്തും പണവും കൈകാര്യം ചെയ്യാന്‍ സമ്മതിക്കാത്തതിലും മക്കള്‍ക്കുള്ള വിദ്വേഷമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്ന് വ്യക്തമായത്.
വീട്ടില്‍ വെച്ച് കരീമിനെ മക്കളായ മിദ്‌ലാജും ഫിര്‍ദൗസും ക്ലോറോഫോം മണിപ്പിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കര്‍ണാടകയില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയുമായിരുന്നു. ഇരുവരെയും കഴിഞ്ഞ പത്തിനാണ് അറസ്റ്റ് ചെയ്തത്.
മൃതദേഹം മറവുചെയ്യാന്‍ സഹായിച്ചെന്ന കുറ്റത്തിന് മാതൃസഹോദരിയുടെ മകന്‍ കൊടുവള്ളി കരിപ്പിയില്‍ മുഹമ്മദ് ഫായിസിനെയും പിന്നീട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.

Latest