Connect with us

Kerala

ഡി എല്‍ എഫ് ഫ്‌ളാറ്റിന്‌ നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കി

Published

|

Last Updated

തിരുവനന്തപുരം: ഡി എല്‍ എഫിന് ഫ്‌ളാറ്റ് നിര്‍മ്മാണത്തിന് നല്‍കിയ പാരിസ്ഥിതികാനുമതി റദ്ദാക്കിയതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു. തീരദേശ നിയമം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയെത്തുടര്‍ന്നാണ് അനുമതി റദ്ദാക്കിയത്. അനുമതി നല്‍കിയത് സംബന്ധിച്ച് അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ചിലവന്നൂരില്‍ ചട്ടം ലംഘിച്ച് ഫഌറ്റ് നിര്‍മ്മാണത്തിന് ഡി എല്‍ എഫ് അനുമതി നേടിയെടുത്തതാണ് വിവാദമായത്. ഡി എല്‍ എഫിന് സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തുവെന്നും പരിസ്ഥിതി വകുപ്പ് അഴിമതിയുടെ പിടിയിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. വിഷയം സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും പി ശ്രീരാമകൃഷ്ണനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

ഡി എല്‍ എഫ് ഫ്‌ളാറ്റിന്‌ അനുമതി നല്‍കിയത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ കാലത്താണെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. സംഭവത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടേയും വകുപ്പ് മന്ത്രിയുടേയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതു. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.