Connect with us

Kozhikode

ലോകകപ്പ്: നൈനാംവളപ്പില്‍ 'കിക്ക് ഓഫ് 2014'

Published

|

Last Updated

കോഴിക്കോട്: ലോകം പന്തിന് പിന്നാലെ പോകുമ്പോള്‍ ആവേശത്തിന് ഒപ്പം ചേര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയും.
മലബാറില്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമെന്ന് വിശേഷിക്കപ്പെട്ട നൈനാംവളപ്പിലാണ് യൂത്ത്‌കോണ്‍ഗ്രസ് “കിക്ക് ഓഫ് 2014” എന്ന പേരില്‍ ഷൂട്ടൗട്ട് സംഘടിപ്പിച്ചത്. ഫുട്‌ബോള്‍ പ്രേമികളെ സാക്ഷിനിര്‍ത്തി നൈനാംവളപ്പ് കോതി പ്ലേ ഗ്രൗണ്ടില്‍ ഒരുക്കിയ ഷൂട്ട്ഔട്ട് മത്സരം കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദീഖ് കിക്കെടുത്ത് ഉദ്ഘാടനം ചെയ്തു. അര്‍ജ്ജന്റീനയുടെയും മറഡോണയുടെയും ഇഷ്ടക്കാരനായ സിദ്ദീഖ് അവരുടെ ജേഴ്‌സിയണിഞ്ഞാണ് കളത്തിലിറങ്ങിത്. ഒരാള്‍ക്ക് മൂന്ന് കിക്കായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് ഷോട്ടുകള്‍ സിദ്ദീഖ് വലയിലാക്കിയപ്പോള്‍ എ ഐ സി സി അംഗം പി വി ഗംഗാധരന് ഒരു കിക്ക് മാത്രമേ ലക്ഷ്യത്തിലെത്തിക്കാനായുള്ളു. നാട്ടിലെ പ്രാദേശിക ക്ലബ്ബിന് വേണ്ടി ഒരു കാലത്ത് ഫുട്‌ബോള്‍ കളിച്ചിരുന്ന താന്‍ ഇന്ത്യ ലോകകപ്പില്‍ കളിക്കുന്നത് സ്വപ്‌നം കാണുകയാണെന്ന് സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ലോകക്കപ്പില്‍ ഇതുവരെ നടന്ന മത്സരങ്ങളില്‍ ഭൂരിഭാഗവും താന്‍ ഉറക്കമൊഴിച്ച് കണ്ടുവെന്നും സിദ്ദീഖ് പറഞ്ഞു.
ബോക്ക ജൂനിയേഴ്‌സ് പരിശീലന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുബിത്ത് ലാല്‍, 2013 ലെ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കിരീടം നേടിയ കാലിക്കറ്റ് സര്‍വകലാശാല ടീമംഗങ്ങളായ ഇ സാജിദ്, ധനേഷ്, സന്തോഷ് ട്രോഫി താരം ഷിബിന്‍ലാല്‍, മോഹന്‍ബഗാന്‍ ടീമംഗം വാഹിദ് സാലി, പരിശീലകന്‍ ദിപക് എന്നിവര്‍ക്ക് സിദ്ദീഖ് ഉപഹാരം സമ്മാനിച്ചു. ഗായകന്‍ ജലാല്‍, മമ്മദ്‌കോയ, എന്‍ വി സുബൈര്‍, മുജീബ്, സക്കറിയ എന്നിവര്‍ക്കും ഉപഹാരം നല്‍കി. പി പി നൗഷിര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ എസ് കെ അബൂബക്കര്‍, പി വി ബിനീഷ്‌കുമാര്‍, സമീജ് പാറോപ്പടി, രമേശ് നമ്പിയത്ത് പങ്കെടുത്തു.

Latest