Connect with us

Kozhikode

അക്രമികള്‍ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവര്‍: ബൈത്തുല്‍ ഇസ്സ സെക്രട്ടേറിയറ്റ്

Published

|

Last Updated

നരിക്കുനി: ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനും വിദ്യാര്‍ഥികള്‍ക്കുമെതിരെയുമുണ്ടായ ആക്രമണം നടുക്കമുളവാക്കുന്നതാണെന്ന് ബൈത്തുല്‍ ഇസ്സ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ഏത് ആക്രമണവും ജനാധിപത്യ ബോധത്തിനും വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുമെതിരായ ഭീഷണിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള സ്വാതന്ത്ര്യം എല്ലാ വിഭാഗങ്ങള്‍ക്കും നിയമം മൂലം അനുവദിക്കപ്പെട്ടതാണ്. ഇത് അക്രമത്തിലൂടെ ഹനിക്കാനുള്ള നീക്കങ്ങളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണം. ലാഭേഛയില്ലാത്ത മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ആക്രമണം നടത്തുന്നത് പാവപ്പെട്ട ജനവിഭാഗങ്ങളോടുള്ള വെല്ലുവിളിയാണ്. പ്രദേശത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥക്ക് പരിഹാരമായി പടുത്തുയര്‍ത്തപ്പെട്ട സ്ഥാപനമാണ് ബൈത്തുല്‍ ഇസ്സ. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശത്രുതാ മനോഭാവത്തോടെ അക്രമം നടത്തിയവര്‍ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നവരാണെന്നും യോഗം അഭിപ്രായപ്പെട്ടു. എം എ സബൂര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ടി എ മൂഹമ്മദ് അഹ്‌സനി, സി മൊയ്തീന്‍ കുട്ടി ഹാജി, അബ്ദുല്ല മാസ്റ്റര്‍, പി വി അഹമ്മദ് കബീര്‍, വി പി മുഹമ്മദ് സഖാഫി, സി അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ സംസാരിച്ചു.

ആക്രമണം വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ അവകാശത്തിന്‍ മേലുള്ള കയ്യേറ്റമാണെന്ന് നരിക്കുനി സോണ്‍ എസ് വൈ എസ് സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. ഒരു പുരോഗമന സമൂഹത്തില്‍ അനുവദിച്ചുകൂടാത്തതാണ് ഇത്. ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ മാനേജ്‌മെന്റ് ക്രിയാത്മക നിലപാട് സ്വീകരിച്ചിട്ടും സ്ഥാപനത്തിനെതിരെ ആക്രമണം നടത്തിയത് ദുഷ്ടലാക്കോടെയാണെന്നും യോഗം അഭിപ്രായപ്പെട്ടു. പി പി എം ബശീര്‍, അബ്ദുന്നാസര്‍ അഹ്‌സനി, ടി കെ മുഹമ്മദ് ദാരിമി, ടി കെ എ സിദ്ദീഖ്, സി വി ഹുസൈന്‍ മുസ്‌ലിയാര്‍, പി എം മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.
ആക്രമണത്തില്‍ എസ് എസ് എഫ് നരിക്കുനി ഡിവിഷന്‍ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. എന്‍ കെ ഇസ്സുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. കെ കെ ഫസല്‍, റംസി മുഹമ്മദ്, ഇബ്‌റാഹീം സഖാഫി, ഒ ടി ശഫീഖ് സഖാഫി, ഫസല്‍ അമീന്‍ സംസാരിച്ചു.
കോളജ് സ്റ്റാഫ് അസോസിയേഷന്‍ പ്രതിഷേധിച്ചു. സി ടി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സംഭവങ്ങളില്‍ വിദ്യാര്‍ഥികളുടെ ഭാവി തകര്‍ക്കപ്പെടുന്ന അവസ്ഥയുണ്ടാകരുതെന്നും കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകണമെന്നും എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പി വി ജൗഹര്‍ അധ്യക്ഷത വഹിച്ചു. നസിഫ് വി കെ, ടി സി മുര്‍ഷിദ്, ടി പി റഈസ്, വി സി നിസാര്‍ സംസാരിച്ചു.
അക്രമം അപലപനീയമാണെന്നും നിയമം കയ്യിലെടുക്കുന്ന അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്നും മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. എ മിഹ്ജഅ്, കെ ഒ മജീദ്, എം സി ഇബ്രാഹിം, കെ കെ മന്‍സൂര്‍, വി മുസ്തഫ, പി ബഷീര്‍, കെ സി ബഷീര്‍ സംസാരിച്ചു.
അക്രമത്തില്‍ എസ് വൈ എസ് സര്‍ക്കിള്‍ കമ്മറ്റി പ്രതിഷേധിച്ചു. കെ കെ മരക്കാര്‍ ദാരിമി അധ്യക്ഷത വഹിച്ചു. പി ഉമര്‍ മുസ്‌ലിയാര്‍, എന്‍ കെ അബ്ദുല്‍ ഖാദര്‍, കെ അബ്ദുന്നാസര്‍, ഒ പി മുഹമ്മദ് സംസാരിച്ചു.
ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധിച്ചു. സിറാജുദ്ദീന്‍ സംസാരിച്ചു. ശമീര്‍, സയ്യിദ് ജാബിര്‍ ഹുസ്സയിന്‍, ആരിഫ്, കബീര്‍, റുഹൈല്‍ സംസാരിച്ചു.

---- facebook comment plugin here -----

Latest