Connect with us

International

വാതക വിതരണം: ഉക്രൈന്‍ ഇ യു സഹായം തേടുന്നു

Published

|

Last Updated

കീവ്: പ്രകൃതി വാതക വിതരണം നിര്‍ത്താനുള്ള റഷ്യയുടെ നീക്കത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും റഷ്യയുടെ നടപടി പൊതുജനങ്ങളെ ബാധിക്കില്ലെന്നും ഉക്രൈന്‍. പ്രതിസന്ധി പരിഹരിക്കാനും ഊര്‍ജ വിതരണത്തില്‍ സഹകരണമുണ്ടാക്കുന്നതിനും ഒരു സംഘത്തെ യൂറോപ്പിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം വിമതരുടെ നിയന്ത്രണത്തിലുള്ള പ്രശ്‌നബാധിതമായ കിഴക്കന്‍ മേഖലയില്‍ പട്ടാള നിയമം പ്രഖ്യാപിക്കാന്‍ പാര്‍ലിമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.
പത്ത് ആഴ്ച നീണ്ടുനിന്ന അക്രമത്തിനിടെ ഇവിടെ മുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല വിമതര്‍ നടത്തുന്ന കലാപം ശീതസമരത്തിന് ശേഷം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവിധം കിഴക്ക്- പടിഞ്ഞാറന്‍ ബന്ധത്തെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ തങ്ങളല്ലന്നാണ് റഷ്യയുടെ നിലപാട്. അതേ സമയം ക്രിമിയ പിടിച്ചടക്കിയതിനും അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിച്ചതിനും പിറകെ റഷ്യയുടെ അക്രമണ സ്വഭാവമുള്ള മറ്റൊരു നീക്കാണ് വാതക വിതരണം റദ്ദാക്കാനുള്ള നടപടിയെന്ന് ഉക്രൈന്‍ കുറ്റപ്പെടുത്തി. വാതക വില ഇരട്ടിയാക്കിയതിനെ തുടര്‍ന്ന് 190 കോടി ഡോളറിന്റെ കുടിശ്ശിക ഉക്രൈന്‍ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് വാതക വിതരണം നിര്‍ത്താന്‍ റഷ്യ തീരുമാനിച്ചത്. വാതക ഉപഭോഗത്തിന്റെ അമ്പത് ശതമാനവും ഉക്രൈന്‍ ഇറക്കുമതി ചെയ്യുന്നത് റഷ്യയില്‍ നിന്നാണ്.