Connect with us

International

ശ്രീലങ്കയിലെ ബുദ്ധ തേര്‍വാഴ്ച: ആഗോള സമൂഹം ആശങ്ക രേഖപ്പെടുത്തി

Published

|

Last Updated

കൊളംബോ: ശ്രീലങ്കയില്‍ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ആഗോള സമൂഹം ആശങ്ക രേഖപ്പെടുത്തി. ആക്രമണങ്ങളെ സംബന്ധിച്ച് അന്വേഷിക്കാനും ഉത്തരവാദികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനും ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തു. നാല് പേര്‍ കൊല്ലപ്പെടുകയും 80 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തെ കൊളംബോയിലെ യു എസ് എംബസി അപലപിച്ചിരുന്നു.
രാജ്യത്തെ മറ്റിടങ്ങളിലേക്കും കലാപം വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഉത്തരവാദികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്നും യു എന്‍ മനുഷ്യാവകാശ മേധാവി നവി പിള്ള പറഞ്ഞു. സംഘര്‍ഷം തടയാനും കലാപങ്ങള്‍ കാരണമാകുന്ന വര്‍ഗീയ പ്രസംഗം ഇല്ലാതാക്കാനും എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാനും സര്‍ക്കാര്‍ അടിയന്തരമായി വേണ്ടത് ചെയ്യേണ്ടതുണ്ടെന്നും ജനീവയില്‍ പുറപ്പെടുവിച്ച പ്രസ്താവനിയില്‍ അവര്‍ ചൂണ്ടിക്കാട്ടി.
അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ അലുത്ഗാമിയിലെ വേലിപ്പെന്നയില്‍ തമിഴ് സുരക്ഷാ ഗാര്‍ഡ് കൊല്ലപ്പെട്ടിട്ടുണ്ട്. കര്‍ഫ്യൂ ഉണ്ടായിട്ടും ഇവിടെ മുസ്‌ലിം പള്ളിക്ക് ബുദ്ധ തീവ്രവാദികള്‍ തീവെച്ചു. സൈന്യവും പോലീസും നിഷ്‌ക്രിയരാണെന്നും വീടും കുടുംബവും സംരക്ഷിക്കാന്‍ സ്വയം പ്രതിരോധം തീര്‍ക്കേണ്ട ഗതികേടാണെന്നും വേലിപ്പെന്നയിലെ കടയുടമയായ അബ്ദുല്‍ മൗലാന അല്‍ ജസീറയോട് പറഞ്ഞു. ബുദ്ധ തീവ്രവാദികള്‍ കൊലവിളിയുമായി തെരുവിലിറങ്ങിയ ഉടനെ പോലീസിനെ വിവരമറിയച്ചെങ്കിലും പള്ളി തീവെച്ചതിനു ശേഷമാണ് അവരെത്തിയതെന്നും മൗലാന പറഞ്ഞു. അലുത്ഗാമയില്‍ അര്‍ധരാത്രിയിലുണ്ടായ ആക്രമണത്തില്‍ നിരവധി വീടുകളും ഷോപ്പുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്. അതേസമയം, ബെരുവാലയില്‍ പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പോലീസിനെ സഹായിക്കാനായി നൂറുകണക്കിന് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. തേര്‍വാഴ്ച നടത്താന്‍ ബുദ്ധ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചതെന്ന് തദ്ദേശീയര്‍ പറയുന്നു. മുസ്‌ലിം വീടുകളും ഷോപ്പുകളും വ്യവസായ സ്ഥാപനങ്ങളും പള്ളികളും നഴ്‌സറി പോലും അക്രമികള്‍ അഗ്നിക്കിരയാക്കി. കലാപവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ജാമ്യത്തില്‍ വിട്ടു. ആക്രമണമുണ്ടായ പ്രദേശത്ത് റാലി നടത്താന്‍ ബോദു ബല സേനക്ക് അനുമതി നല്‍കിയാല്‍ രാജി വെക്കുമെന്ന് മഹീന്ദ രജപക്‌സെ സര്‍ക്കാറിലെ മുതിര്‍ന്ന മുസ്‌ലിം അംഗമായ നീതിവകുപ്പ് മന്ത്രി റഊഫ് ഹക്കീം ഭീഷണി മുഴക്കിയിട്ടുണ്ട്.

Latest