Connect with us

International

ഇറാനിലെ എംബസി പുനരാരംഭിക്കാന്‍ ബ്രിട്ടന്‍

Published

|

Last Updated

ലണ്ടന്‍: ഇറാനിലെ എംബസി തുറന്നുപ്രവര്‍ത്തിക്കാന്‍ ബ്രിട്ടന്‍ തയ്യാറെടുക്കുന്നു. 2011ല്‍ ടെഹ്‌റാനിലെ ബ്രിട്ടീഷ് എംബസിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണ് ഇറാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ച് ബ്രിട്ടന്‍ എംബസി അടച്ചുപൂട്ടിയത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ് ആണ് എംബസി തുറക്കുന്ന കാര്യം വ്യക്തമാക്കിയത്. ആണവ പരിപാടികളെ സംബന്ധിച്ച ചര്‍ച്ച വിജയകരമായ പര്യവസാനത്തിലേക്കടുക്കുകയും അയല്‍രാജ്യമായ ഇറാഖിലെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ യു എസുമായി സഹകരിക്കാമെന്ന് ഇറാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ പുതിയ നീക്കം.
പ്രായോഗിക തയ്യാറെടുപ്പുകള്‍ നടത്തിയതായും ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിലുള്ള ആത്മവിശ്വാസം വര്‍ധിക്കുന്ന സൂചനയാണ് ഇതെന്നും ഹേഗ് പറഞ്ഞു. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ടെഹ്‌റാന്‍ എംബസി ഉണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല. അസ്ഥിരമായ ഒരു മേഖലയിലെ പ്രധാന രാജ്യമാണ് ഇറാന്‍. എത്ര പ്രയാസമേറിയ അവസ്ഥയിലും ലോകത്തുടനീളം എംബസികള്‍ പ്രവര്‍ത്തിപ്പിക്കുകയെന്നത് രാജ്യത്തിന്റെ ആഗോള നയതന്ത്ര സമീപനങ്ങളുടെ ശക്തമായ അടിത്തറയാണ്. ബ്രിട്ടീഷ് നയതന്ത്ര പ്രതിനിധികള്‍ സുരക്ഷിതരായിരിക്കുമെന്നതില്‍ ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഹേഗ് പറഞ്ഞു.
എന്നാല്‍ പുതിയ നീക്കം ഇറാനോടുള്ള രാജ്യത്തിന്റെ മൃദുസമീപനമായി വായിക്കേണ്ടതില്ലെന്ന് പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ഹേഗ് വ്യക്തമാക്കി. അതേസമയം, വിദേശ നയത്തില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ എല്ലാ ഛിദ്ര ശക്തികള്‍ക്കുമുള്ള പിന്തുണ ഇറാന്‍ എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ആണവ പ്രശ്‌നങ്ങളില്‍ വിജയകരമായ പര്യവസാനം ഉണ്ടാക്കേണ്ടതുണ്ടെന്നും ഹേഗ് കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിനൊടുവിലാണ് 2011ല്‍ എംബസി ബ്രിട്ടന്‍ അടച്ചത്. 2007ല്‍ സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റോയല്‍ നാവിക സേനയിലെ 14 അംഗങ്ങളെ ഇറാന്‍ പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്നും ഇരു രാഷ്ട്രങ്ങളുമായുള്ള നയതന്ത്രബന്ധം വഷളായിരുന്നു. 1980ല്‍ 52 യു എസ് എംബസി#േ ജീവനക്കാരെ ബന്ദികളാക്കിയതിനെ തുടര്‍ന്ന് അമേരിക്ക എംബസി പൂട്ടിയിരുന്നു.