Connect with us

Articles

മലയാളിയുടെ മഴക്കലന്‍ഡറും ജല സമീപനങ്ങളും

Published

|

Last Updated

നീലാകാശത്ത് മേഘങ്ങള്‍ നിറയാന്‍ താമസിക്കുമ്പോള്‍ അക്ബര്‍ ചക്രവര്‍ത്തി താന്‍സനെ വിളിപ്പിക്കും. കീഴടങ്ങാതെ പോകുന്ന മേഘങ്ങളെ അമൃതവര്‍ഷിണിയായി താഴേക്ക് ക്ഷണിക്കാന്‍ താന്‍സന്‍ മല്‍ഹാര്‍ പാടും. പിന്നെ മണ്ണിലും മനസ്സിലും കുളിര് കോരി പുതുമഴ പെയ്യും. പാട്ടുപാടിച്ചിട്ടാണെങ്കിലും മഴ പെയ്യിക്കണമെന്ന മുഗള്‍ ചക്രവര്‍ത്തിയുടെ നിര്‍ബന്ധം വെറുമൊരു കെട്ടുകഥയായി ആരും കരുതിയിട്ടുണ്ടാകില്ല. മഴ വീഴാത്ത മണ്ണില്‍ മരണത്തിന്റെ നിഴല്‍ പരന്നത് കണ്ട രാജാവും ചക്രവര്‍ത്തിമാരും മഴ പെയ്യാന്‍ യാഗം നടത്തിയ കഥകളും ഒട്ടേറെ നാം കേട്ടിട്ടുണ്ട്. ചിണുങ്ങി കുണുങ്ങി വന്ന് ആര്‍ത്തലച്ച് പെയ്ത് മടങ്ങുന്ന മഴക്ക് അത്രയധികം സവിശേഷതകളുണ്ട്. ഒരു തവണ പെയ്‌തൊഴിയുന്ന മഴ ഭൂമിയുടെ ഗര്‍ഭത്തിലൊളിപ്പിക്കുന്നത് ഒരാണ്ടിന്റെ തെളിനീരുറവയാണ്. എന്നാല്‍ പെയ്ത മഴയെ ഒളിപ്പിക്കാന്‍ പറ്റാത്ത വിധം ശോഷിച്ച മണ്ണില്‍ നിന്ന് മഴവെള്ളം ഒഴുകി മാറുമ്പോള്‍ അത് കടുത്ത വരള്‍ച്ചയിലേക്കാണ് നമ്മെ കൊണ്ടെത്തിക്കുന്നതെന്ന നഗ്ന സത്യം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. സമൃദ്ധിയായി പെയ്യുന്ന ഓരോ മഴക്കാലത്തിന് ശേഷവും കുടിവെള്ളത്തിനായി പരക്കം പായുന്ന മലയാളിയുടെ ദയനീയ ചിത്രം നമുക്ക് മുന്നിലുണ്ട്. എന്നാല്‍ കാലവര്‍ഷത്തിന്റെ കനിവിനെ കാത്തുസൂക്ഷിക്കാനുള്ള മലയാളിയുടെ കഴിവും ആര്‍ജവവും എന്നോ നഷ്ടപ്പെട്ടു.
മലയാളിയുടെ മഴക്കലന്‍ഡര്‍ ആരംഭിക്കുന്നത് തുലാം മാസത്തോടെയാണ്. ചിങ്ങത്തിലും കന്നിയിലുമൊക്കെ അപൂര്‍വമായി ലഭിക്കുന്ന ഇടമഴകളൊഴിച്ചാല്‍, തുലാമെത്തുമ്പോള്‍ മലയാളി മണ്ണിന്റെ തണുപ്പറിയും. വൈകുന്നേരങ്ങളില്‍ ആര്‍ത്തലച്ചെത്തുന്ന മഴ അവന്റെ കൃഷിയിടങ്ങളില്‍ അനുഗ്രഹമാകും. പിന്നീട് ധനു, മകരം മാസങ്ങളിലെ കോടമഞ്ഞും കഴിഞ്ഞ് കുംഭത്തില്‍ പെയ്യുന്ന ഇട മഴ പിന്നെ മീനച്ചൂടിനുള്ള നാന്ദിയാകും. ഇടവപ്പാതിയോടെയാണ് കാലവര്‍ഷം അതിന്റെ കേളീവിലാസം തുടങ്ങുക. ആര്‍ത്തലച്ച് കുലംകുത്തിയൊഴുകുന്ന ഈ ഉല്ലാസത്തെ പഴയ കാലം പ്രളയഭീതിയോടെയാണ് കണ്ടിരുന്നതെങ്കിലും അക്കാലത്തുള്ളവര്‍ മഴയെ വെറുത്തിരുന്നില്ല. അറിഞ്ഞോ അറിയാതെയോ മഴയുടെ സൂക്ഷിപ്പിനായി അവര്‍ നിലമൊരുക്കാറുണ്ടായിരുന്നു. മണ്ണ് കിളച്ച് മറിച്ച് മരങ്ങള്‍ നട്ടുപിടിപ്പിച്ച് മഴവെള്ളത്തെ കരുതലോടെ സൂക്ഷിക്കാന്‍ പഠിച്ചവരായിരുന്നു അക്കൂട്ടര്‍.
എന്നാല്‍ പുതിയ കാലം പെയ്യുന്ന മഴ രോഗപ്പകര്‍ച്ചക്കുള്ള ഒരു കാരണം മാത്രമായി. സൈ്വര്യ ജീവിതത്തെ അലോസരപ്പെടുത്തുന്ന വെറുമൊരു കാലാവസ്ഥാ മാറ്റമായി മാത്രം പലപ്പോഴും അടയാളപ്പെടുത്തുന്നു. എന്തുകൊണ്ടാണ് വര്‍ത്തമാനകാല മലയാളി ഇത്രമേല്‍ മഴയുടെ പ്രാധാന്യം മനസ്സിലാക്കാതെ പോകുന്നതെന്ന ചോദ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. 44 നദികളും ലക്ഷക്കണക്കിന് കുളങ്ങളും ഒട്ടനേകം ശുദ്ധജല സ്രോതസ്സുകളുമുള്ള നമ്മുടെ നാട്ടില്‍ പണം കൊടുത്ത് ജലം വാങ്ങേണ്ടി വരുന്നതിന്റെ ഗതികേട് തിരിച്ചറിഞ്ഞിട്ടും മഴയുടെ പ്രാധാന്യം തിരിച്ചറിയാതെ പോകുന്നത് ബുദ്ധിശൂന്യതയാണെന്ന് പറയാതിരിക്കാനാകില്ല.
പെയ്യുന്ന മഴയില്‍ ഭൂരിഭാഗവും ഉപയോഗിക്കാന്‍ കഴിയാനാകാത്തതാണ് കേരളത്തിന്റെ ജലദൗര്‍ലഭ്യത്തിന് കാരണമെന്ന് ഓരോ വരള്‍ച്ചാക്കാലത്തും നാം പ്രസംഗിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. വര്‍ഷാവര്‍ഷം ജലസംരക്ഷണത്തിന് സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതികളുടെ പട്ടികയും നമ്മുക്ക് മുന്നില്‍ നീണ്ടുനിരന്നു കിടക്കുന്നു. എന്നിട്ടും ഓരോ മഴക്കാലത്തെയും ഒഴുക്കിക്കളഞ്ഞ് നാം മഴയെ അവഗണിച്ച് തള്ളുകയാണ്. കുന്നുകള്‍ ഇടിച്ച് നിരത്തിയും തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് മൂടിയും അതും പോരാഞ്ഞ് എങ്ങനെ പാഴാക്കാമെന്ന് നാം കുറേക്കാലമായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. കുടിവെള്ളം മണ്‍പാത്രങ്ങളില്‍ സംഭരിച്ച് വെച്ചിരുന്ന കാലത്തും ഇന്ന് പ്ലാസ്റ്റിക് ബോട്ടിലുകളില്‍ അവ വില കൊടുത്ത് വാങ്ങുമ്പോഴും വെള്ളമില്ലാതെ നിലനില്‍ക്കാനാകില്ലെന്ന ബോധം മലയാളിക്കുണ്ട്. ഓരോ വേനലിലും ശുദ്ധജലത്തിനായി പരക്കം പായുന്നവരുടെ കാഴ്ചകള്‍ നമുക്ക് മുന്നില്‍ എപ്പോഴും മിന്നിമറയുന്നുമുണ്ട്. നഗരവത്കരണവും ജനപ്പെരുപ്പവുമെല്ലാം ജലസ്രോതസ്സുകള്‍ വറ്റിവരളാന്‍ കാരണമാകുന്നുവെന്ന് നേരത്തെ മനസ്സിലാക്കിയിട്ടും ജലസംരക്ഷണത്തിനുള്ള ക്രിയാത്മക നടപടികള്‍ക്കായി കാര്യമായി നമ്മളൊന്നും ചെയ്യുന്നില്ലെന്നതാണ് സത്യം.
കേരളത്തില്‍ ശുദ്ധജലസംരക്ഷണം ഏറ്റവും അവഗണിക്കപ്പെട്ടു കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതായത് വര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ 92 ശതമാനം ജലവും അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നു. ശുദ്ധജലത്തിന്റെ മുഖ്യസ്രോതസ്സ് മഴവെള്ളമായതിനാല്‍ മഴവെള്ളം സംഭരിക്കുന്നതും മണ്ണിലേക്ക് താഴാനനുവദിക്കുന്നതും ശുദ്ധജലക്ഷാമം ഒരുപരിധി വരെ പരിഹരിക്കാന്‍ സഹായകമാകുമെന്നിരിക്കെ, ഒന്നും ചെയ്യാതെ നാം കൈയും കെട്ടിയിരിക്കുകയാണ്. ഇവിടെ പെയ്യുന്ന മഴവെള്ളം കെട്ടിനിര്‍ത്തിയാല്‍ നമ്മുടെ നാടിന്റെ മുകളില്‍ മൂന്ന് മീറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്ന അതിശയിപ്പിക്കുന്ന കണക്ക് മുന്നിലുണ്ട്. മൂന്ന് കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സംസ്ഥാനത്തിന് ഒരു ദിവസം വേണ്ട കുടിവെള്ളത്തിന്റെ മാത്രം തോത് ഏകദേശം 10 കോടി ലിറ്ററാണ്. 44 നദികള്‍ ഒഴുക്കിക്കൊണ്ടുവരുന്ന 78,041 ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളത്തേക്കാള്‍ രണ്ടര ഇരട്ടി മഴ ഓരോ കാലവര്‍ഷക്കാലത്തും ലഭിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 42,722 ദശലക്ഷം ജലം മാത്രമേ ഉപയോഗയോഗ്യമാക്കാനാകുന്നുള്ളൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പെയ്യുന്ന മഴയില്‍ ഭൂരിഭാഗവും ഉപയോഗിക്കാന്‍ സാധിക്കാത്തതാണ് സംസ്ഥാനത്തിന്റെ ജലദൗര്‍ലഭ്യത്തിന് കാരണമെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാകുന്നുണ്ട്. വനപ്രദേശത്തിന്റെ വിസ്തൃതി കാലാകാലങ്ങളില്‍ കുറയുന്നതിനാല്‍ വളപ്പശിമയുള്ള മണ്ണും വെള്ളവും ധാരാളമായി ഒലിച്ചുപോകുന്നുണ്ട്. മഴയുടെ അമിതശക്തിയും ആറ് മുതല്‍ 120 ദിവസം കൊണ്ട് മഴ പെയ്ത് തീരുന്നതും ഈ നഷ്ടത്തിന്റെ ആക്കം കൂട്ടുന്നു. ജലത്തിന്റെ പ്രഥമ സ്രോതസ്സായ നദികളുടെ നാശമാണ് കാലവര്‍ഷക്കാലത്തെ ജലസംഭരണത്തിന് പ്രതികൂലമാകുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം. മഴവെള്ളത്തെ കൃത്യമായി പിടിച്ചുനിര്‍ത്തുന്ന മലനിരകളുടെ നാശം നദികളെ കാര്യമായി തന്നെയാണ് ബാധിച്ചിട്ടുള്ളത്. കൈയേറ്റവും ഖനനവുമെല്ലാം കേരളത്തിലെ പശ്ചിമ ഘട്ടത്തിനുണ്ടാക്കിയ നാശം ജലസംഭരണത്തെ സാരമായി ബാധിച്ചു. പശ്ചിമ ഘട്ടത്തില്‍ കഴിഞ്ഞ ഒരു ദശകത്തിലധികമായുണ്ടായ അനിനിയന്ത്രിത കൈയേറ്റം മൂലം മണ്ണൊലിപ്പ് വന്‍തോതില്‍ കൂടിയതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഒലിച്ചിറങ്ങുന്ന മണ്ണ് കേരളത്തിലെ 44 നദികളുടെയും സ്വാഭാവിക ആഴങ്ങള്‍ നികത്താനിടയാക്കി. ഇത് ജലത്തിന്റെ ഒഴുക്കിനെ മാത്രമല്ല, സംഭരണത്തെയും കാര്യമായി ബാധിച്ചു. മഴക്കാലത്ത് ജലം സംഭരിച്ച് കടുത്ത വേനലില്‍ പോലും നദിയുടെ നീരൊഴുക്കിനെ സജീവമായി നിലനിര്‍ത്തിയിരുന്ന പശ്ചിമഘട്ട വനങ്ങളില്‍ പലതും അമിതജല ചൂഷണം നടത്തുന്ന ഏകവിളത്തോട്ടങ്ങള്‍ക്ക് വഴിമാറിയതും നദികളുടെ ജലസംഭരണത്തെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഒരു ഹെക്ടര്‍ ഹരിതവനം രണ്ടര ലക്ഷം ലിറ്റര്‍ വെള്ളം വേരുകള്‍ വഴി സംഭരിച്ച് മണ്ണില്‍ സൂക്ഷിച്ചുവെക്കുന്നുവെന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ ഭൂരിഭാഗം നദികളുടെയെങ്കിലും വൃഷ്ടിപ്രദേശത്തുള്ള വനനശീകരണവും കൃഷിയുമെല്ലാം നദികളെ വലിയ തോതില്‍ തന്നെ ക്ഷീണിപ്പിച്ചിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന മണലിന്റെ ആവശ്യം മൂലം അനിയന്ത്രിതമായ രീതിയില്‍ കേരളത്തിലെ നദികളില്‍ നിന്ന് മണലൂറ്റപ്പെടുന്നത് മൂലം പുഴകളുടെ അടിത്തട്ട് താഴ്ന്ന് ആകൃതി നഷ്ടപ്പെടുന്നതും ജലസംഭരണത്തിന് വിഘാതമായി മാറിയിട്ടുണ്ട്. മണല്‍നിയന്ത്രണമുണ്ടെങ്കിലും മണല്‍വാരലിന് മുമ്പത്തെയെന്നതു പോലെ യാതൊരു കുറവും വന്നിട്ടില്ലെന്ന് വ്യക്തമാണ്. പെരിയാറില്‍ നേരത്തെ നടന്ന ഒരു കണക്കെടുപ്പില്‍ ഒരു ദിവസം നദിയില്‍ നിന്ന് വാരിയെടുക്കുന്ന മണല്‍ ഏകദേശം 55,000 ടണ്‍ ആണ്. ഒഴുകിയെത്തുന്ന മണല്‍ വെറും 2700 ടണ്ണും. ഓരോ വര്‍ഷവും കോരിയെടുക്കുന്നതിന്റെ രണ്ട് ശതമാനത്തോളം മണല്‍ മാത്രമേ ആ വര്‍ഷം പുതുതായി നിക്ഷേപിക്കപ്പെടുന്നുള്ളൂവെന്നാണ് കണക്ക്. ഇങ്ങനെ പുഴയുടെ മുന്‍കാലങ്ങളില്‍ സംഭരിക്കപ്പെട്ട കരുതല്‍ മണല്‍ ഊറ്റിയെടുക്കുമ്പോള്‍ നദിയുടെ ജലസംഭരണശേഷിയാണ് നഷ്ടപ്പെടുന്നത്. പുഴജലം ശുദ്ധീകരിക്കുന്ന പ്രകൃതിദത്ത അരിപ്പയായി പ്രവര്‍ത്തിക്കുന്ന മണല്‍ ക്രമാതീതമായി വരുന്നതിനാല്‍ പുഴയിലെ ശുദ്ധജലം നമുക്ക് കിട്ടാതാകുകയും ചെയ്യും. കരയില്‍ നിന്ന് നിശ്ചിത ദൂരം വിട്ടേ മണല്‍ വാരാവൂ എന്ന ചട്ടം ലംഘിക്കപ്പെടുന്നത് മൂലം പുഴയുടെ കരക്കടുത്തു തന്നെ വലിയ കുഴികള്‍ രൂപപ്പെടുന്നു. ഈ ആഴമുള്ള കുഴികളിലേക്ക് പുഴവക്കിടിഞ്ഞ് വീഴും. ഇതുമൂലം കരയിലെ മണ്ണ് വീണ് പുഴ നികന്നു പോകുകയും ചെയ്യുന്നു. ഇതുമൂലം പുഴ ദിശമാറി ഒഴുകുമ്പോള്‍ വലിയതോതിലാണ് ജലനഷ്ടം ഉണ്ടാകുന്നത്.
കേരളത്തില്‍ ഭൂമിക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ കൂടിവരുന്നതാണ് ജലസംരക്ഷണത്തിന് തടസ്സമാകുന്ന മറ്റൊരു പ്രധാന ഘടകം. വനനശീകരണത്തിന് പുറമെ പാടം നികത്തല്‍, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണം, അവയുടെ കച്ചവടം എന്നിവയൊക്കെ അനിയന്ത്രിതമാകുകയാണ്. ലാഭക്കൊതിയോടെയുള്ള ഇത്തരം കടന്നാക്രമണങ്ങള്‍ ഭൂമിയുടെ സ്വതസിദ്ധമായ സന്തുലിതാവസ്ത നശിപ്പിക്കുന്നു. ഇതിന്റെ ഫലമായി നീര്‍ത്തടങ്ങള്‍, തണ്ണീര്‍ത്തടങ്ങള്‍, വയല്‍, പറമ്പ്, തീരപ്രദേശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ഥ ധര്‍മങ്ങള്‍ നിറവേറ്റുന്ന ഇക്കോവ്യൂഹങ്ങള്‍ തകര്‍ന്നടിഞ്ഞു കൊണ്ടേയിരിക്കുന്നു. ഈ ഇക്കോ വ്യൂഹങ്ങളുടെ തകര്‍ച്ച മൂലം എല്ലാ പ്രവചനങ്ങള്‍ക്കുമപ്പുറം കാലാവസ്ഥ താളം തെറ്റുക കൂടി ചെയ്യുന്നു. മഴവെള്ളത്തെ ഏറ്റവും കൂടുതല്‍ പിടിച്ചുനിര്‍ത്തി സൂക്ഷിക്കുന്ന നെല്‍പ്പാടങ്ങളുടെ നാശമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജലക്ഷാമത്തിലേക്കെത്തിക്കാനുള്ള പ്രധാന കാരണമായി മാറിയത്. കേരളത്തിലെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി കഴിഞ്ഞ 34 വര്‍ഷക്കാലം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങി. ഇതില്‍ കുറച്ചു ഭാഗം വാഴക്കൃഷിയിലേക്കും മറ്റ് പച്ചക്കറി കൃഷികളിലേക്കും മാറിയതായി സാമ്പത്തിക സര്‍വേ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ട് പതിറ്റാണ്ട് കാലത്തെ കണക്ക് പരിശോധിച്ചാല്‍ വാഴ കൃഷി ചെയ്യുന്ന സ്ഥലം 46,722 ഹെക്ടറില്‍ നിന്നും 1,03,015 ഹെക്ടറായാണ് വര്‍ധിച്ചത്. കമുക് കൃഷിയുടെ വിസ്തൃതി 90,701 ഹെക്ടറില്‍ നിന്ന് 96,745 ഹെക്ടറായും വര്‍ധിച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളില്‍ ഏറിയ പങ്കും അതിന്റെ സ്വാഭാവിക പ്രകൃതിക്ക് അന്യമായ(വെള്ളക്കെട്ട് ഒഴിവാക്കുന്ന, നീര്‍വാര്‍ച്ച പ്രധാനമായ) കൃഷിയിലേക്ക് മാറ്റപ്പെടുകയോ പൂര്‍ണമായും നികത്തപ്പെട്ട് പറമ്പായും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായും പരിവര്‍ത്തിതമാകുകയോ ചെയ്തുവെന്ന് മനസ്സിലാക്കാനാകും. വയലുകളുടെ വിഭജനവും തരിശിടലും തകര്‍ച്ചയും പരമ്പരാഗത ജല സംരക്ഷണ മാര്‍ഗങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്തത്. നെല്‍പ്പാടങ്ങള്‍ ഭക്ഷ്യോത്പാദനം നടത്തുന്നതോടൊപ്പം തന്നെ വിവിധ പാരിസ്ഥിതിക ധര്‍മങ്ങളും നിര്‍വഹിക്കുന്നുണ്ടെന്ന് വേണ്ടത്ര മനസ്സിലാക്കാന്‍ നമുക്ക് സാധിച്ചില്ല. ഭൂമി അതിവേഗം കച്ചവടവത്കരിക്കപ്പെടുന്നതും നമ്മുടെ ജലസംരക്ഷണത്തെ ബാധിച്ചു. വീട് താമസിക്കാനുള്ള ഒരിടം എന്നതിലുപരി പ്രൗഢിയുടെ അടയാളമായും പൊങ്ങച്ച പ്രദര്‍ശനത്തിനുള്ള ഉപാധിയായും മാറി. ഇതോടെ ഭൂമി കൃഷി ചെയ്യാനും താമസിക്കാനും വ്യവസായമോ കച്ചവടമോ നടത്തി ഉപജീവനം തേടാനുമുള്ള ഉത്പാദനോപകരണം എന്നതില്‍ നിന്ന് മാറി വെറുമൊരു കച്ചവടച്ചരക്കായി മാറി. ഭൂമി വില കയറിയാല്‍ നെല്‍ കൃഷിക്കെന്നല്ല ഒരു കൃഷിക്കും മുതലാകില്ലെന്ന ധാരണ പരന്നതോടെ ഭൂമി വെറുമൊരു കച്ചവടച്ചരക്കായി. ഇതോടെ ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണവുമെല്ലാം പ്രസംഗങ്ങളിലും ലേഖനങ്ങളിലുമെല്ലാം യഥേഷ്ടം ഉപയോഗിക്കാവുന്ന വാക്കുകളില്‍ പെടുന്നവയായി ചുരുങ്ങുകയും ചെയ്തു.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി