Connect with us

Education

മെഡിക്കല്‍/എന്‍ജിനീയറിംഗ്: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍; വിജ്ഞാപനമിറങ്ങി

Published

|

Last Updated

തിരുവനന്തപുരം: മെഡിക്കല്‍/എന്‍ജിനീയറിംഗ്/ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിന് ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ പുറപ്പെടുവിച്ചു. ഇന്നു മുതല്‍ 23ന് വൈകീട്ട് അഞ്ച് മണി വരെ www.cee.kerala.gov.in എന്ന— വെബ്‌സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. 25നാണ് ഒാംഘട്ട അലോട്ട്‌മെന്റ്. 26 മുതല്‍ ജൂലൈ മൂന്ന് വരെ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയില്‍ രേഖപ്പെടുത്തിയിട്ടുള്ള തുക എസ് ബി ടിയുടെ നിശ്ചിതശാഖകളില്‍ അടക്കണം. 27 നും ജൂലൈ മൂന്നിനുമിടയില്‍ എം ബി ബി എസ്/ബി ഡി എസ് കോഴ്‌സുകളിലേക്ക് അലോട്ട്്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അതത് കോളജുകളില്‍ പ്രവേശനം നേടണം. മറ്റ് കോഴ്‌സുകളിലേക്ക് അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ കോളജുകളില്‍ പ്രവേശനം നേടേണ്ടതില്ല. ജൂലൈ മൂന്നിന് വൈകീട്ട് അഞ്ച് മണിക്കകം കോളജ് അധികാരികള്‍ എം ബി ബി എസ്., ബി ഡി എസ് കോഴ്‌സുകളുടെ നോ ജോയിനിംഗ് റിപോര്‍ട്ട് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളുടെ സമയക്രമം സമയാസമയങ്ങളിലുള്ള വിജ്ഞാപനത്തിലൂടെ പ്രസിദ്ധപ്പെടുത്തും.
സര്‍ക്കാരും സ്വാശ്രയ എന്‍ജിനീയറിംഗ് മാനജ്‌മെന്റുകളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുള്ള ഫീസ്ഘടന കോടതിയോ മറ്റ് അധികാരപ്പെട്ട സ്ഥാപനങ്ങളോ അംഗീകരിക്കാത്ത പക്ഷം ഫീ റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് എല്ലാ വിദ്യാര്‍ഥികളും അടക്കണം. വിവിധ കാരണങ്ങളാല്‍ റാങ്ക് ലിസ്റ്റുകളുടെ ഫലം തടഞ്ഞുവച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ക്കും ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. ഈ വിദ്യാര്‍ഥികള്‍ ഈമാസം 19ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ഫലം പ്രസിദ്ധപ്പെടുത്തുന്നതിനാവശ്യമായ രേഖകള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് സമര്‍പ്പിക്കാത്ത പക്ഷം അവരുടെ ഓപ്ഷനുകള്‍ അലോട്ട്‌മെന്റായി പരിഗണിക്കില്ല. റാങ്ക് ലിസ്റ്റിനൊപ്പം പ്രത്യേകമായി പ്രസിദ്ധീകരിക്കേണ്ടിയിരു സംവരണ ലിസ്റ്റ് വൈകിയതുമൂലമാണ് നേരത്തെ നിശ്ചയിച്ച സമയത്ത് ഓപ്ഷന്‍ സ്വീകരിക്കാന്‍ കഴിയാതെപോയത്. ഇന്നലെ മുതല്‍ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. സംവരണകാര്യത്തില്‍ ചില പരാതികള്‍ കിട്ടിയതിനാല്‍ സൂക്ഷ്മപരിശോധന വേണ്ടിവന്നതിനാലാണ് ലിസ്റ്റ് വൈകിപ്പിച്ചതെന്ന് പ്രവേശന കമ്മീഷണറേറ്റ് വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest