Connect with us

National

പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങളോട് മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഭക്ഷ്യ ധാന്യങ്ങളുടെ പൂഴ്ത്തിവെപ്പ് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ മുന്നറിയിപ്പ്. ശക്തമായ നടപടികള്‍ സ്വീകരിച്ച് പൂഴ്ത്തിവെപ്പ് നിരുത്സാഹപ്പെടുത്തണമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി അഭിപ്രായം പ്രകടിപ്പിച്ചത്. അവശ്യ സാധനങ്ങളുടെ വില വര്‍ധന തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. വില വര്‍ധന നിയന്ത്രണത്തിലാകുമ്പോള്‍ വളര്‍ച്ചാ നിരക്ക് ഉയരുമെന്ന് അദ്ദേഹം പറഞ്ഞു.
കാലവര്‍ഷത്തിന്റെ ലഭ്യത കുറഞ്ഞതും ഇറാഖിലെ സംഘര്‍ഷാവസ്ഥയും ഇന്ത്യയിലെ വില വര്‍ധനയടക്കമുള്ള വിഷയങ്ങളില്‍ സാരമായ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. ഇറാഖിലെ സംഘര്‍ഷാവസ്ഥ ആഗോള വിപണിയിലെ ഇന്ധന വില വര്‍ധനക്ക് കാരണമായിട്ടുണ്ട്.
ഇറാഖിലെ സംഘര്‍ഷം ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായതായി ജെയ്റ്റ്‌ലി ചൂണ്ടിക്കാണിക്കുന്നു. വിഷയം സര്‍ക്കാര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ മൊത്ത വില സൂചിക മെയ് മാസത്തില്‍ 6.01 ശതമാനത്തിലെത്തിയിരുന്നു. അഞ്ച് മാസത്തിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന നിലയാണിത്. ഏപ്രില്‍ മാസത്തില്‍ ഇത് 5.20 ആയിരുന്നു. ഒരു മാസം കൊണ്ട് ഇന്ധന, ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചു കയറുകയായിരുന്നുവെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2013 മെയ് മാസത്തില്‍ 4.58 ശതമാനമായിരുന്നു വില വര്‍ധന. ഇന്ധന, വൈദ്യുതി മേഖലകളില്‍ 10.53 വില വര്‍ധനയാണ് കഴിഞ്ഞ മാസം ഉണ്ടായത്. വര്‍ഷാവര്‍ഷം ഡീസലിന് 14.21 ശതമാനവും പെട്രോളിന് 12.28 ശതമാനവുമാണ് വില കയറുന്നതെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേപോലെ ഭക്ഷ്യധാന്യങ്ങളുടെ വില വര്‍ഷാവര്‍ഷം 9.50 ശതമാനം വര്‍ധിക്കുന്നു. തക്കാളിക്ക് 31.44 ശതമാനം, പഴ വര്‍ഗങ്ങള്‍ക്ക് 19.40 ശതമാനം, പാലിന് 9.57 ശതമാനവും വില വര്‍ധനവാണ് വര്‍ഷത്തിലുണ്ടാകുന്നത്.

Latest