Connect with us

National

വിചാരണ നിര്‍ത്തിവെക്കണമെന്ന ജയലളിതയുടെ ഹരജി തള്ളി

Published

|

Last Updated

ലക്‌നോ: തനിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസിന്റെ വിചാരണ നിര്‍ത്തിവെക്കണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഹരജി സുപ്രീം കോടതി തള്ളി. ജയലളിതക്ക് ഓഹരിയുണ്ടെന്ന് ആരോപിക്കപ്പെടുന്ന കമ്പനികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ബംഗളൂരു കോടതി കോടതി തീരുമാനമെടുക്കും വരെ വിചാരണ നിര്‍ത്തിവെക്കണമെന്നായിരുന്നു ജയലൡതയുടെ ആവശ്യം. ഹരജി അനവദിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ജസ്റ്റിസുമാരായ വിക്രമിജ് സെന്നും ശിവകീര്‍ത്തി സിംഗും അടങ്ങിയ സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കി.
ജയലളിതയുടെ ഹരജിയില്‍ വിശദമായ പ്രതികരണം അറിയിക്കാന്‍ തമിഴ്‌നാട് വിജിലന്‍സ് വിഭാഗത്തിന് സുപ്രീം കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചു. 66 കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കേസില്‍ 2010 മുതല്‍ ബംഗളൂരു പ്രത്യേക കോടതിയില്‍ വിചാരണ നടക്കുകയാണ്. തമിഴ്‌നാട്ടില്‍ തനിക്ക് നീതി കിട്ടില്ലെന്ന ജയലളിതയുടെയും മുന്‍ തോഴി ശശികലയുടെയും വാദം അംഗീകരിച്ച് സുപ്രീം കോടതിയാണ് കേസിന്റെ വിചാരണ ചെന്നൈയില്‍ നിന്ന് ബംഗളൂരുവുലേക്ക് മാറ്റിയത്.
കമ്പനികളുടെ സ്വത്ത് കണ്ടുകെട്ടണമെന്ന ഹരജി പിന്‍വലിച്ച സാഹചര്യത്തില്‍ ജയലളിതയുടെ ഹരജി നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് വകുപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അമരേന്ദ്ര ശരണ്‍ വാദിച്ചു.
വാദം കേള്‍ക്കല്‍ മാറ്റി വെക്കാനുള്ള തന്ത്രം മാത്രമാണ് ജയലളിതയുടെ ഹരജിയെന്നും അദ്ദേഹം വ്യക്തമാക്കി.
ലെക്‌സ് പ്രോപ്പര്‍ട്ടീസ് ഡെവലപ്പര്‍ പ്രൈവറ്റ് ലിമിറ്റഡും മറ്റുള്ളവരും തങ്ങളുടെ കമ്പനിയെ അനധികൃത സ്വത്ത് കേസില്‍ നിന്ന് ഒഴിവാക്കി കിട്ടണമെന്ന ഹരജി നിലനില്‍ക്കുകയാണെന്നും ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന ഹരജി അഴിമതിവിരുദ്ധ വകുപ്പ് പിന്‍വലിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്നും ജയലളിതയുടെ അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ദേ വാദിച്ചു.

Latest