Connect with us

National

സര്‍ക്കാറുണ്ടാക്കാന്‍ ബി ജെ പി ശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി: കോണ്‍ഗ്രസിലെയും ആം ആദ്മി പാര്‍ട്ടിയിലെയും അതൃപ്തരായ നിയമസഭാംഗങ്ങളെ കൂട്ടുപിടിച്ച് ഡല്‍ഹിയില്‍ സര്‍ക്കാറുണ്ടാക്കാനാകുമോയെന്ന് ബി ജെ പി ആരായുന്നു. ഇരു പാര്‍ട്ടികളില്‍ നിന്നും എം എല്‍ എമാരെ അടര്‍ത്തുന്ന കാര്യത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ധാരണയായെന്നാണ് വിവരം. ഈ നീക്കം വിജയിച്ചാല്‍ മുഖ്യമന്ത്രിയാകാനുള്ള നേതാക്കളെക്കുറിച്ചും ബി ജെ പിയില്‍ ധാരണയുണ്ടത്രേ. ബദാര്‍പൂരില്‍ നിന്നുള്ള അംഗം രാംബീര്‍ സിംഗ് ബിധൂരി, ജനക്പുരി എം എല്‍ എ പ്രൊഫ. ജഗ്ദീശ് മുഖി എന്നിവരിലൊരാള്‍ക്കാകും നറുക്ക് വീഴുക. പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് വിജയ് ഗോയല്‍, ന്യൂഡല്‍ഹിയില്‍ നിന്നുള്ള എം പി മീനാക്ഷി ലേഖി എന്നിവരുടെ പേര് ആര്‍ എസ് എസ് മുന്നോട്ട് വെക്കുന്നുണ്ട്. ഗോയല്‍ ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ എം പിയാണ്.
49 ദിവസം അധികാരത്തില്‍ തുടര്‍ന്ന ശേഷം ഫെബ്രുവരി 14നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എ എ പി സര്‍ക്കാര്‍ ഭരണം മതിയാക്കിയത്. അതിനു ശേഷം സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലാണ്. “മിക്ക നേതാക്കളും സര്‍ക്കാര്‍ രൂപവത്കതരിക്കുന്നതിന് താത്പര്യമുള്ളവരാണ്. പുതിയ തിരഞ്ഞെടുപ്പിലേക്ക് പേകാന്‍ ഭൂരിപക്ഷം എം എല്‍ എമാരും ആഗ്രഹിക്കുന്നില്ല” മുതിര്‍ന്ന ബി ജെ പി നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഹര്‍ഷ്‌വര്‍ധന്‍ കേന്ദ്ര മന്ത്രിയായതോടെ ഒഴിവ് വന്ന സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കുന്നതിനും ഡല്‍ഹി സര്‍ക്കാറിന്റെ കാര്യം സ്ഥാപിക്കുന്നതിനും നിരവധി കൂടിയാലോചനകള്‍ നടക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്‍ സി പിയുടെ ഡല്‍ഹി സംസ്ഥാന പ്രസിഡന്റായിരുന്ന ബിധൂരി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ് ബി ജെ പിയില്‍ എത്തിയത്. കോണ്‍ഗ്രസില്‍ നിന്നുള്ള ആറ് എം എല്‍ എമാരെയെങ്കിലും അടര്‍ത്താന്‍ ഇദ്ദേഹത്തിന് കഴിയുമത്രേ.
എന്നാല്‍ പാര്‍ട്ടിക്കകത്തെ വിവിധ ഗ്രൂപ്പുകളുടെ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചേക്കില്ലെന്നാണ് വിലയിരുത്തല്‍. മുഖി, വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന നേതാവാണ്. എന്നാല്‍ തൂങ്ങി നില്‍ക്കുന്ന ഒരു സര്‍ക്കാറിനെ നയിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നാണ് സംശയം.
ബി ജെ പി 32, ശിവസേന ഒന്ന്, കോണ്‍ഗ്രസ് എട്ട്, എ എ പി 28, ജെ ഡി യു ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. എ എ പിയിലെ ഏതാനും എം എല്‍ എമാര്‍ ബി ജെ പിക്ക് പിന്തുണ നല്‍കിയേക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിറകേയാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന്റെ അഭ്യൂഹങ്ങള്‍ വരുന്നത്. പാര്‍ട്ടി പിളര്‍ത്താന്‍ ബി ജെ പി ശ്രമിക്കുന്നുവെന്ന് എ എ പി കുറ്റപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest