Connect with us

Kozhikode

ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ 21ന് ക്ലാസുകള്‍ ബഹിഷ്‌കരിക്കും

Published

|

Last Updated

കോഴിക്കോട്: പ്ലസ്ടു ക്ലാസുകള്‍ക്ക് ശനിയാഴ്ച ഒഴിവ് നല്‍കാനുള്ള തീരുമാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചും ലബ്ബ കമ്മീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടും ഈ മാസം 21ന് പ്ലസ് ടു അധ്യാപകര്‍ സംസ്ഥാനവ്യാപകമായി കൂട്ട കാഷ്വല്‍ ലീവെടുത്ത് ക്ലാസ് ബഹിഷ്‌കരിക്കുമെന്ന് കേരള എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ എ എച്ച് എസ് ടി എ) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 21ന് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിഷേധ സംഗമം ഡോ. എം ജി എസ് നാരായണന്‍ ഉദ്ഘാടനം ചെയ്യും. കെ ഇ എന്‍ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തും.
ഈ അധ്യയനവര്‍ഷം മുതല്‍ ശനിയാഴ്ച അവധിദിനമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സമുദായ സംഘടനകളുടെ ഭീഷണിയും ഉദ്യോഗസ്ഥരുടെ ചരടുവലിയും കാരണമാണ് തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞത്. പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും മത, സാമുദായിക സംഘടനകള്‍ അവിഹിതമായി കൈ കടത്തുന്ന സാഹചര്യം ഒഴിവാക്കണം. ക്ലാസ് തുടങ്ങി രണ്ടാഴ്ച പിന്നിട്ടിട്ടും പ്ലസ്ടു പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടില്ല. പുതിയ പ്ലസ്ടു ബാച്ചുകള്‍ക്ക് വേണ്ടി പ്ലസ് വണ്‍ പ്രവേശനം അനിശ്ചിതമായി നീളുമ്പോള്‍ ഏകജാലക പ്രവേശം അട്ടിമറിക്കാനുള്ള ഗുഢനീക്കം നടക്കുകയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ജോഷി ആന്റണി, ട്രഷറര്‍ എ കെ അബ്ദുല്‍ ഹക്കീം, വൈസ് പ്രസിഡന്റ് കെ സി ഫസലുല്‍ ഹഖ്, കൃഷ്ണന്‍ നമ്പൂതിരി, ടോമി ജോര്‍ജ് പങ്കെടുത്തു.