Connect with us

Ongoing News

44 കുട്ടികളുമായി ഉദ്യോഗസ്ഥര്‍ ബീഹാറിലേക്ക് പുറപ്പെട്ടു

Published

|

Last Updated

തൃശൂര്‍: ബീഹാറി സ്വദേശികളായ 44 കുട്ടികളെയും കൊണ്ട് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബീഹാറിലേക്ക് യാത്ര തിരിച്ചു. എറണാകുളം പാറ്റ്‌ന എക്‌സ്പ്രസിലാണ് ഇവര്‍ യാത്ര തിരിച്ചത്. തൃശൂരില്‍ നിന്നുകണ്ടെത്തിയ 29 പേര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്നലെ വൈകീട്ട് 6.45 ഓടെ ട്രെയിന്‍ കയറി. മുക്കം അനാഥാലയത്തിലേക്ക് കൊണ്ടുവന്ന 13 പേര്‍ പാലക്കാട്ടു നിന്നും രണ്ട് പേര്‍ കോഴിക്കോട്ടു നിന്നും സംഘത്തിനൊപ്പം ചേര്‍ന്നു. പാലക്കാട്ട് നിന്നുള്ള 13 പേരില്‍ ആറ് പേര്‍ പെണ്‍കുട്ടികളാണ്.
ഇവര്‍ക്കായി എറണാകുളം പാറ്റ്‌ന എക്‌സ്പ്രസില്‍ പ്രത്യേക ബോഗി തയ്യാറാക്കിയിരുന്നു. ബീഹാറില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നുള്ള ആറ്‌പോലീസുകാരും സംഘത്തെ അനുഗമിക്കുന്നുണ്ട്. ഇവര്‍ നാളെ ബീഹാറിലെത്തും.
സാമൂഹിക നീതി വകുപ്പിലെ എട്ട് പേരാണ് കുട്ടികള്‍ക്കൊപ്പം പോകുന്നത്. തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് വി ടി രാധാകൃഷ്ണന്‍, ജില്ലാ സാമൂഹിക നീതി വകുപ്പ് സൂപ്രണ്ട് കെ ജി വിന്‍സെന്റ്, ചൈല്‍ഡ് വെല്‍ഫെയര്‍ ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍, കെയര്‍ ടേക്കര്‍മാരായ ഡിന്‍സി ജോഷി, പി ഹരിദാസ്, കെ വി പ്രജിത്ത്, അങ്കണ്‍വാടി വര്‍ക്കര്‍മാരായ ബിന്‍സി, ഷീജ എന്നിവരാണ് കുട്ടികള്‍ക്കൊപ്പമുള്ളത്.
സാമൂഹിക നീതി വകുപ്പിന്റെ അനാസ്ഥ കാരണം മടക്ക ടിക്കറ്റ് പോലും ഇല്ലാതെയാണ് ഉദ്യോഗസ്ഥര്‍ക്ക് ബീഹാറിലേക്ക് പോകേണ്ടി വന്നത്. കുട്ടികളെ കൊണ്ടുപോകാന്‍ എ സി കമ്പാര്‍ട്ട്‌മെന്റ് ഉണ്ടെന്നാണ് ആദ്യം പറഞ്ഞതെങ്കിലും പിന്നീടത് സ്ലീപ്പറായി. തിരിച്ചുവരാനുള്ള ടിക്കറ്റ് ഇത് വരെ ശരിയായിട്ടില്ല. എങ്ങനെയാണ് തിരിച്ചു വരേണ്ടതെന്ന നിര്‍ദേശമൊന്നും തങ്ങള്‍ക്ക് കിട്ടിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest