Connect with us

Kottayam

കോട്ടയം ജില്ലയില്‍ വന്‍ മദ്യദുരന്തത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്

Published

|

Last Updated

കോട്ടയം: കോട്ടയം ജില്ലയില്‍ വന്‍ മദ്യദുരന്തത്തിന് സാധ്യതയെന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപോര്‍ട്ട്. ചങ്ങനാശേരി റെയ്ഞ്ചിലെ ഷാപ്പുകളില്‍ അമിത അളവില്‍ സ്പിരിറ്റ് കലര്‍ന്ന മദ്യം വില്‍ക്കുന്നതായാണ് റിപോര്‍ട്ട്. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് സര്‍ക്കാറിനും ജില്ലാ പോലീസ് മേധാവിക്കും സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാറിനും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ക്കും പോലീസ് രഹസ്യാന്വേഷണ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്്. ചങ്ങനാശേരി റേഞ്ചിലെ ഷാപ്പുകളില്‍ 55 ഷാപ്പുകളില്‍ ഇരുപതിലേറെ ഷാപ്പുകള്‍ സ്പിരിറ്റിന്റെ അളവ് കൂടുതലുള്ള വ്യാജക്കള്ളാണ് വില്‍ക്കുന്നതെന്ന് റിപോര്‍ട്ട് പറയുന്നു. പെരുന്ന, ചെത്തിപ്പുഴക്കടവ്, ചീരഞ്ചിറ, കുന്നന്താനം, പുഴവാത്, വണ്ടിപ്പേട്ട, ചങ്ങനാശ്ശേരി മാര്‍ക്കറ്റ്, പറാല്‍, പൂവം തുടങ്ങിയ പ്രദേശങ്ങളിലെ ഷാപ്പുകളിലാണ് വ്യാജക്കള്ള് ഒഴുകുന്നത്. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയെന്ന പ്രവര്‍ത്തനസമയം ഷാപ്പുകള്‍ പാലിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പല ഷാപ്പുകളുടെയും വാതിലുകള്‍ അടഞ്ഞുകിടക്കുന്നുണ്ടെങ്കിലും രാവിലെ ആറ് മണി മുതല്‍ കള്ള് കുടിക്കാന്‍ ആളുകള്‍ എത്തുന്നുണ്ട്. കൂലിപ്പണി ചെയ്യുന്നവരും അന്യസംസ്ഥാന തൊഴിലാളികളുമാണ് കള്ള് കുടിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും. ചങ്ങനാശേരിയിലെ പത്ത് ബാറുകളില്‍ ഒമ്പതെണ്ണവും അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ കള്ള് കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. ചങ്ങനാശേരി റേഞ്ചിലെ ചീരഞ്ചിറ, പനയമ്പാലം, വാകത്താനം എന്നിവിടങ്ങളിലെ ഷാപ്പുകളില്‍ വില്‍ക്കുന്ന കള്ളില്‍ അപകടകരമായ സോഡിയം ലോറില്‍ സള്‍ഫേറ്റ് എന്ന രാസപദാര്‍ഥം കലര്‍ന്നതായി ഒരു മാസം മുമ്പ് എക്‌സൈസ് വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ സാമ്പിളില്‍ തിരിമറി നടത്തിയതിനെ തുടര്‍ന്ന് ഷാപ്പുടമസ്ഥര്‍ കോടതിയില്‍ നിന്നും അനുകൂലവിധി വാങ്ങി വീണ്ടും വില്‍പ്പന നടത്തുകയാണ്.