Connect with us

Ongoing News

പിന്‍സീറ്റ് ബെല്‍റ്റ്: ഉത്തരവ് പിന്‍വലിച്ചത് പുനഃപരിശോധിക്കില്ല - തിരുവഞ്ചൂര്‍

Published

|

Last Updated

തിരുവനന്തപുരം: കാറുകളില്‍ പിന്‍സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെ ചൊല്ലി ഇടഞ്ഞ ഗതാഗതകമ്മീഷനര്‍ ഋഷിരാജ് സിംഗിനോട് നീരസം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി ഇറക്കിയ ഉത്തരവ് പിന്‍വലിച്ചത് പുനഃപരിശോധിക്കില്ലെന്നും അര്‍ഥശങ്കക്ക് ഇടയില്ലാത്ത വിധം മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വാഹനാപകടങ്ങള്‍ വര്‍ധിച്ചുവരുന്ന കാര്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

സീറ്റ് ബെല്‍റ്റ് ഉത്തരവ് പിന്‍വലിക്കും മുമ്പ് ഗതാഗത വകുപ്പില്‍ കൂടിയാലോചന നടത്താതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയതെന്ന് അടിയന്തര പ്രമേയത്തിന് അവതരാണാനുമതി തേടിയ ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഗതാഗത കമ്മീഷനറെ മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്. ജനാധിപത്യ സമൂഹത്തില്‍ ഉത്തരവ് ഇറക്കുമ്പോഴും കൂടിയാലോചനകള്‍ വേണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെതിരെ വ്യാപകമായി ജനവികാരം ഉയര്‍ന്നിരുന്നു. 80 ശതമാനം കാറുകളിലും പിന്‍സീറ്റ് ബെല്‍റ്റ് ഇല്ല. സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കുന്നത് എങ്ങനെയാണ്?. മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത് നിര്‍ബന്ധമാക്കിയിട്ടില്ല. മോട്ടോര്‍ വാഹന ചട്ടത്തില്‍ ഇങ്ങനെ നിര്‍ദേശമുണ്ടെങ്കിലും നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉത്തരവ് പിന്‍വലിച്ചത്. ഇക്കാര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനറുമായി അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ കൂടുതല്‍ എല്‍ക്കോ മീറ്ററുകള്‍ വാങ്ങും. ഡ്രൈവര്‍മാരെ ഊതിച്ച് പരിശോധന നടത്തുന്ന രീതി അപരിഷ്‌കൃതമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സംസാരിക്കുമ്പോള്‍ തന്നെ മദ്യപിച്ചോയെന്നറിയാന്‍ കഴിയുന്ന സംവിധാനം വ്യാപിപ്പിക്കുന്നത്.
സിറ്റി ബസുകളില്‍ പിന്‍ വാതില്‍ നിര്‍ബന്ധമാക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതികള്‍ വരുത്തും. വാഹനാപകടം കുറക്കുന്നതിനായി സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ടാങ്കര്‍ ലോറികളുടെയും ടിപ്പര്‍ ലോറികളുടെയും സമയം ക്രമീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വാഹനപെരുപ്പവും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പെടെ കേരളത്തിലെ നിരത്തുകളില്‍ 82 ലക്ഷത്തോളം വാഹനങ്ങള്‍ ഓടുന്നുണ്ട്. 1990ല്‍ ഇത് ആറ് ലക്ഷമായിരുന്നു. വാഹനങ്ങളില്‍ 60 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അപകട നിരക്ക് കുറഞ്ഞിട്ടുണ്ട്. അഖിലേന്ത്യാ ശരാശരിയിലും കേരളത്തില്‍ അപകടങ്ങള്‍ കുറവാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 105 മരണം കുറഞ്ഞിട്ടുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക്. മോട്ടോര്‍ വാഹന വകുപ്പിലെ സ്ഥലംമാറ്റം സംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
റോഡുകളുടെ അപര്യാപ്തയും ശോച്യാവസ്ഥയും മോട്ടോര്‍വാഹന നിയമങ്ങള്‍ നടപ്പാക്കുന്നതിലെ വീഴ്ചയും കാരണം സംസ്ഥാനത്ത് അപകടങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ ഇ പി ജയരാജന്‍ പറഞ്ഞു. മദ്യപിച്ച് അശ്രദ്ധയോടെ വാഹനമോടിച്ചതാണ് കാട്ടക്കടയില്‍ അമ്മയുടെയും കുഞ്ഞിന്റെയും ജീവനെടുത്തത്. അടിസ്ഥാനസൗകര്യവികസന രംഗത്തെ ആസൂത്രണമില്ലായ്മയാണ് അപകടങ്ങള്‍ ക്രമാതീതമായി ഉയരാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡ് വികസന കാര്യത്തില്‍ സര്‍ക്കാര്‍ വട്ടപൂജ്യമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആരോപിച്ചു. ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ കൂടുതല്‍ പണം പൊതുമരാമത്ത് വകുപ്പ് ചെലവഴിച്ചെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പണം എവിടെ പോയി?. കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമല്ല, വകുപ്പ് തന്നെ കട്ടപ്പുറത്താണെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

 

Latest