Connect with us

Eranakulam

കൊച്ചി മെട്രോ: കെ എം ആര്‍ എല്‍ നിക്ഷേപക സംഗമം നടത്തി

Published

|

Last Updated

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നിര്‍മാണത്തിനും തുടര്‍പ്രവര്‍ത്തനത്തിനും ഫണ്ട് കണ്ടെത്താന്‍ കെ എം ആര്‍ എല്‍ കൊച്ചിയില്‍ ഇന്നലെ നിക്ഷേപക സംഗമം സംഘടിപ്പിച്ചു. മെട്രോ റെയിലിന്റെ എട്ട് പ്രധാന സ്റ്റേഷനുകളും 17 ഏക്കറോളം ഭൂമിയും വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനത്തിനായി സംഘടിപ്പിച്ച നിക്ഷേപക സംഗമത്തില്‍ 40 കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
ആലുവ, കളമശ്ശേരി, കുസാറ്റ്, ഇടപ്പള്ളി, കലൂര്‍ സ്റ്റേഡിയം, കലൂര്‍, പേട്ട എന്നീ മെട്രോ സ്റ്റേഷനുകളും കാക്കനാട്ട് സംസ്ഥാന സര്‍ക്കാര്‍ കെ എം ആര്‍ എല്ലിന് കൈമാറിയ 17 ഏക്കറോളം ഭൂമിയും വാണിജ്യാടിസ്ഥാനത്തില്‍ എന്തെല്ലാം സംരംഭങ്ങള്‍ക്കായി ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ചും ഇതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുമാണ് വാണിജ്യ സമൂഹത്തില്‍ നിന്ന് കെ എം ആര്‍ എല്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞത്. നിക്ഷേപക സംഗമം നടത്താന്‍ കെ എം ആര്‍ എല്ലിനെ സഹായിച്ച പ്രമുഖ പ്രോപ്പര്‍ട്ടി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്‍സി കമ്പനിയായ നൈറ്റ് ഫ്രാങ്ക് വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തി രണ്ടാഴ്ചക്കകം കെ എം ആര്‍ എല്ലിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരിഗണിച്ച ശേഷം കൂടുതല്‍ വിശദവും ശാസ്ത്രീയവുമായ പഠനങ്ങള്‍ക്കായി പുതിയ കണ്‍സള്‍ട്ടന്‍സിയെ ഔപചാരികമായി നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്്(ഐ എല്‍ ആന്‍ഡ് എഫ് എസ്), ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(ഐ എഫ് സി ഐ), ലുലു ഗ്രൂപ്പ്, പുറവങ്കര ഗ്രൂപ്പ്, ഹോംസ്‌റ്റെഡ് ഇന്ത്യ, ഫെഡറല്‍ ബേങ്ക്്, ഇമാമി റിയല്‍റ്റി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കമ്പനികളുടെ പ്രതിനിധികള്‍ ഇന്നലെ ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ നടന്ന നിക്ഷേപക സംഗമത്തില്‍ പങ്കെടുത്തു.
1,20,000 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കാനായി കെ എം ആര്‍ എല്‍ ലഭ്യമാക്കുന്നുണ്ടെന്നും ഇതിന്റെ വികസനത്തിലൂടെ ലഭിക്കുന്ന ഫണ്ട് മെട്രോ റെയിലിന്റെ മൂലധന ചെലവിനും തുടര്‍നടത്തിപ്പിനുമായി വിനിയോഗിക്കാനാണ് ലക്ഷ്യമിടുന്നതെന്നും കെ എം ആര്‍ എല്‍ വ്യക്തമാക്കി. ഇന്നലെ നടന്ന നിക്ഷേപ സംഗമത്തോടെ മെട്രോ സ്‌റ്റേഷനുകളും കാക്കനാട്ടെ ഭൂമിയും വാണിജ്യാടിസ്ഥാനത്തില്‍ ഏതെല്ലാം രീതിയില്‍ വികസിപ്പിക്കാമെന്നതും എന്തെല്ലാം സംവിധാനങ്ങള്‍ സ്‌റ്റേഷനുകളില്‍ ഒരുക്കണമെന്നതും സംബന്ധിച്ച് കൂടുതല്‍ വ്യക്തത കൈവന്നതായി കെ എം ആര്‍ എല്‍. എം ഡി. ഏലിയാസ് ജോര്‍ജ് പറഞ്ഞു.

Latest