Connect with us

Eranakulam

30 ദിവസത്തിനകം രേഖകള്‍ കണ്ടെത്തി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍

Published

|

Last Updated

കൊച്ചി: കേരള സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കൈരളി കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായത് സംബന്ധിച്ച രേഖകള്‍ 30 ദിവസത്തിനകം കണ്ടെത്തി നല്‍കണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കപ്പലിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനു സമര്‍പ്പിച്ച ഹരജിയിലാണ് വിവരാവകാശ കമ്മീഷന്‍ എം എന്‍ ഗുണവര്‍ധനന്റെ ഉത്തരവ്.
മര്‍മഗോവ തുറമുഖത്തുനിന്ന് യൂറോപ്പിലെ റോസ്റ്റേക്ക് തുറമുഖത്തേക്ക് ഇരുമ്പയിരുമായുള്ള യാത്രക്കിടെ 1979 ജൂലൈ 3 മുതലാണ് കപ്പലുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. “49 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടിട്ടില്ല. ജീവനക്കാരുടെ പേരുകള്‍ ലഭ്യമാണെങ്കിലും അവരുടെ വിലാസം സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് കേരള ഷിപ്പിംഹ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ വി കെ രാജു അറിയിച്ചത്. ഏഴ് പേരൊഴികെ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കി. എഴ് പേരുടെ വിലാസം ലഭ്യമല്ല എന്നും മറുപടിയില്‍ ഉണ്ട്. 5.82 കോടി രൂപയാണ് കപ്പലിന്റെ വില. 6.40 കോടി രൂപ കമ്പനിക്ക് നഷ്ടപരിഹാരമായി ലഭിച്ചു. കപ്പല്‍ കാണാതായതു സംബന്ധിച്ച കുറ്റപത്രം, മഹസ്സര്‍, എഫ് ഐ ആര്‍ എന്നിവയും കമ്പനിയുടെ പക്കല്‍ ലഭ്യമല്ലെന്ന് പി ഐ ഒ അറിയിച്ചു. കമ്പനിയുടെ എം ഡി. ടോം ജോസ് ഐ എ എസ് മുമ്പാകെ ഹരജിക്കാരന്‍ സമര്‍പ്പിച്ച ഒന്നാം അപ്പീല്‍ നിരാകരിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ്, ഹരജിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
ക്യാപ്റ്റനടക്കം 51 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നതെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ നല്‍കുന്ന വിവരം ഇതിനു വിരുദ്ധമാണ്. എഫ് ഐ ആര്‍ ഉള്‍പ്പെടെ യാതൊരു അന്വേഷണ റിപ്പോര്‍ട്ടും നല്‍കാന്‍ തയ്യാറാകാത്ത സര്‍ക്കാറിന്റെ നടപടി തികച്ചും നിരുത്തരവാദപരമാണെന്ന്” അഡ്വ. ഡിബി ബിനു കമ്മീഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
നിരവധി ആളുകള്‍ യാത്ര ചെയ്ത കപ്പലിനെക്കുറിച്ച് ഒരു രേഖയും ലഭ്യമല്ലെന്ന് എതിര്‍കക്ഷികള്‍ അറിയിച്ചിരിക്കുന്നത് ഉത്തരവാദിത്വരാഹിത്യമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കണ്ടെത്തി 30 ദിവസത്തിനകം അപേക്ഷകന് നല്‍കാന്‍ ഗതാഗത വകുപ്പ്, കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് നാവിഗേഷന്‍ വകുപ്പ്, കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എന്നിവയിലെ പി ഐ ഒ മാര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Latest